നടി റോഷ്ന ആൻ റോയിയും നടനും തിരക്കഥാകൃത്തുമായ കിച്ചു ടെല്ലസും വിവാഹ മോചിതരായി. അഞ്ച് വർഷത്തെ ദാമ്പത്യ ജീവിതത്തിനുശേഷമാണ് ഇരുവരും വേർപിരിയാൻ തീരുമാനിച്ചത്. സമൂഹമാധ്യമങ്ങളിലൂടെ റോഷ്ന തന്നെയാണ് ഈ വിവരം പ്രേക്ഷകരെ അറിയിച്ചത്. 2020 നവംബറിലായിരുന്നു ഇവരുടെ വിവാഹം.
‘ഇത് ഔദ്യോഗികമാണ്. അത്ഭുതകരമായ അഞ്ച് വർഷങ്ങൾക്ക് ശേഷം ഞങ്ങൾ സ്നേഹത്തോടും ബഹുമാനത്തോടും കൂടി വേർപിരിയാൻ തീരുമാനിച്ചു. മനോഹരമായ ഓർമകൾക്ക് നന്ദി. ഞങ്ങളുടെ ജീവിതത്തിൽ പുതിയ അധ്യായങ്ങൾ ആരംഭിക്കുമ്പോൾ നിങ്ങളുടെ പ്രാർത്ഥനകളും സ്വകാര്യതയും ഞങ്ങൾ ആവശ്യപ്പെടുന്നു. എന്തു പറഞ്ഞാലും രക്തബന്ധമാണല്ലോ എല്ലാത്തിലും വലുത്! അതുകൊണ്ടാണ് ഞാൻ വഴി മാറിയത്. നിങ്ങൾ ആഗ്രഹിക്കുന്ന ഇടം നൽകുകയും ചെയ്തു. ഞാൻ സ്വതന്ത്രയാണ്. അദ്ദേഹവും സ്വതന്ത്രനാണ്. എല്ലാവർക്കും ഞാൻ സമാധാനം ആശംസിക്കുന്നു.
പല കാര്യങ്ങൾ കൊണ്ടും ഞങ്ങൾ വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. ഇപ്പോഴും അങ്ങനെയാണ്. കിച്ചുവും ഞാനും ഒരു കാലത്ത് ഒരുമിച്ചായിരുന്നു. ഇപ്പോൾ വഴിപിരിഞ്ഞു. ജീവിതം ഇനിയും മുന്നോട്ടു പോകേണ്ടതുണ്ട്. സെപ്റ്റംബർ 30 എന്റെ അച്ഛനെ നഷ്ടപ്പെട്ട ദിവസം, ജീവിതത്തിലെ ആദ്യത്തെ വേദന. ഇന്ന് മറ്റൊരു അവസാനം. മുന്നോട്ട് ചുവടുവെക്കുന്നു. ഇക്കാര്യം മറച്ചു വെക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. നഷ്ടങ്ങളിൽ നിന്ന് നഷ്ടങ്ങളിലേക്ക്, ഞാൻ ഉയർത്തെഴുന്നേൽക്കാൻ തിരഞ്ഞെടുക്കുന്നു’ എന്നാണ് റോഷ്ന സോഷ്യൽമീഡിയയിൽ കുറിച്ചത്.
ഒമർ ലുലു സംവിധാനം ചെയ്ത അടാർ ലൗവിലൂടെ ശ്രദ്ധേയയായ താരമാണ് റോഷ്ന. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, സുൽ, ധമാക്ക എന്നിവയാണ് റോഷ്നയുടെ മറ്റ് സിനിമകൾ. അങ്കമാലി ഡയറീസ്, തണ്ണീർ മത്തൻ ദിനങ്ങൾ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ നടനാണ് കിച്ചു. ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന അജഗജാന്തരം സിനിമയുടെ തിരക്കഥാകൃത്ത് കൂടിയാണ് കിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.