മിനിസ്ക്രീൻ താരം റെയ്ജൻ രാജന് നേരെയുള്ള ജൂനിയർ ആർട്ടിസ്റ്റിന്‍റെ അതിക്രമം പങ്കുവെച്ച് സഹതാരം മൃദുല വിജയ്. സമൂഹ മാധ്യമത്തിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് മൃദുല നടന്ന സംഭവങ്ങള്‍ വിവരിക്കുന്നത്. റെയ്ജനും മൃദുലയും ഒരുമിച്ച് അഭിനയിക്കുന്ന പരമ്പരയുടെ ലൊക്കേഷനിലടക്കമെത്തി യുവതി ശല്യം ചെയ്യുന്നതായാണ് നടി തന്‍റെ സമൂഹ മാധ്യമത്തിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.
തന്‍റെ സഹതാരമായ റെയ്ജൻ രാജൻ നേരിടുന്ന മോശം അനുഭവം പങ്കുവെക്കാനാണ് താൻ വിഡിയോയിൽ വന്നിരിക്കുന്നത്. വർഷങ്ങളായി റെയ്ജൻ രാജൻ ജൂനിയർ ആർട്ടിസ്റ്റായ യുവതിയിൽ നിന്ന് മോശം അനുഭവം നേരിടുന്നുണ്ട്. അതുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ ഞാന്‍ ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയായി ഇട്ടിരുന്നു. കാര്യം എന്താണെന്ന് ചുരുക്കി പറയാം.
നടി മൃദുലയുടെ വിഡിയോയിൽ നിന്ന്: കഴിഞ്ഞ ആറ് വര്‍ഷമായി ഞങ്ങളുടെ സെറ്റില്‍ വരുന്നൊരു ജൂനിയര്‍ ആര്‍ട്ടിസ്റ്റ് റെയ്ജന്‍ ചേട്ടന് സ്ഥിരമായി മോശം മെസേജുകൾ അയക്കുന്നു. പ്രതികരിക്കാതെ വന്നതോടെ അവര്‍ ട്രിഗര്‍ ആകുന്നു. പല ഫോണ്‍ നമ്പറില്‍ നിന്നും വിളിച്ച് ചീത്ത വിളിക്കുന്നു. പിന്നെ വിളിച്ച് സോറി പറയുന്നു. വീണ്ടും വൃത്തികെട്ടതും സെക്ഷ്വലുമായ മെസേജ് അയക്കുന്നു. അഞ്ചാറ് വര്‍ഷമായി ഇവരിൽ നിന്നും ഇത്തരം അനുഭവങ്ങൾ നേരിടുന്നുണ്ട്.
ഇത്രയും വര്‍ഷമായി നടക്കുന്നൊരു കാര്യമായിട്ട് എന്തുകൊണ്ട് പ്രതികരിച്ചില്ലെന്നാകും എല്ലാവരും ചോദിക്കുക. ശരിക്കും നമ്മുടെ നിയമമാണ് കാരണം എന്ന് പറയേണ്ടി വരും. ഒരു പെണ്ണ് സംസാരിച്ചാല്‍ അവളെ പിന്തുണച്ച് ഒരുപാട് പേര്‍ വരും. പകരം ഒരു ആണ് തന്നെ ഒരു പെണ്ണ് പിന്തുടരുന്നുവെന്നും മെസേജ് അയക്കുന്നുവെന്നും പറഞ്ഞാല്‍ അതിനെ പിന്തുണക്കാൻ ആളുകൾ കുറവായിരിക്കും.
റെയ്ജൻ സംഭവത്തിൽ പ്രതികരിക്കാൻ തുടങ്ങിയിട്ട് വളരെ കുറച്ചേ ആയുള്ളൂ. ക്ഷമ മുഴുവന്‍ തീര്‍ന്നതോടെയാണ് പ്രതികരിക്കാന്‍ തുടങ്ങിയത്. പ്രതികരിക്കാന്‍ തുടങ്ങിയ ശേഷം വന്നൊരു മെസേജ് ഞാന്‍ അങ്ങനൊന്നും ചെയ്തിട്ടില്ല, ആവശ്യമില്ലാതെ എന്റെ പേര് ഉപയോഗിക്കരുത്, എനിക്ക് ഇതേക്കുറിച്ച് ഒന്നും അറിയില്ല എന്നാണ്. എന്നാൽ ലൈവ് ആയിട്ട് രണ്ട് സംഭവങ്ങള്‍ കണ്ടിട്ടുള്ള ആളാണ് ഞാന്‍.
ഒരു പ്രാവശ്യം യുവതി സെറ്റിൽ വരികയും റെയ്ജൻ ചേട്ടനോട് സംസാരിക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ ചേട്ടൻ എഴുന്നേറ്റ് പോയപ്പോൾ ഷർട്ട് പിടിച്ച് വലിക്കുകയും ചെയ്തു. അതുപോലെ പിന്നീടും കള്ളം പറഞ്ഞ് സെറ്റിൽ എത്തി മോശമായി പെരുമാറിയിട്ടുണ്ട്. നീ എന്നെ ഗൗനിച്ചില്ലെങ്കിൽ തലയിൽ ബിയർകുപ്പി വെച്ച് അടിക്കും എന്നിങ്ങനെ ഭീഷണിപ്പെടുത്തുന്ന മെസേജുകളും അയക്കുന്നുണ്ട്. പെലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും തന്‍റെ കൂടെ ജോലി ചെയ്യുന്ന താരത്തിന് പ്രശ്നം വരുമ്പോൾ പിന്തുണക്കണമെന്നതിനാലാണ് വിഡിയോ ചെയ്തതെന്നും മൃദുല പറഞ്ഞു.
തനിക്കെതിരെ ഇതിൽ എന്തെങ്കിലും പ്രശ്നം വരികയോ മെസേജ് അയക്കുകയോ ചെയ്താൽ അത് സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുമെന്നും മൃദുല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.