കുറച്ച് തടിയുള്ളതായി തോന്നാറുണ്ട്; ഇപ്പോൾ അങ്ങനെ ചിന്തിക്കാറില്ല, അത് അഭിനയത്തെ ബാധിക്കുമെന്ന് എനിക്ക് തോന്നിത്തുടങ്ങി -ഗൗരി കിഷൻ

ശരീരഭാരം കുറക്കുന്നതിനെക്കുറിച്ച് ചോദിച്ച റിപ്പോർട്ടർക്ക് മറുപടി നൽകുകയും, സിനിമാ മേഖലയിലെ ലൈംഗികതയെയും പുരുഷാധിപത്യത്തെയും കുറിച്ച് വ്യാപകമായ ചർച്ചകൾക്ക് തുടക്കമിടുകയും ചെയ്തതിന് പിന്നാലെ സിനിമയിലെ സൗന്ദര്യ സങ്കൽപ്പങ്ങളെക്കുറിച്ച് തുറന്നുപറയുകയാണ് നടി ഗൗരി കിഷൻ. സ്‌ക്രീനിൽ തന്‍റെ രൂപം കാണുമ്പോൾ ആത്മവിശ്വാസം കുറവുണ്ടെന്നും താരം പറഞ്ഞു. ഒരു പോഡ്‌കാസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

‘മെലിഞ്ഞ മുഖം, മെലിഞ്ഞ ശരീര സവിശേഷതകൾ, ഷാർപ്പ് ആയ താടിയെല്ല് എന്നിവയൊക്കെയുള്ള പരമ്പരാഗത സൗന്ദര്യ സങ്കൽപ്പങ്ങൾക്ക് ഞാൻ അനുയോജ്യയാണെന്ന് തോന്നുന്നില്ല. എനിക്കിതൊന്നും ഇല്ല. എനിക്ക് എപ്പോഴും ഉരുണ്ട മുഖമാണ് ഉണ്ടായിരുന്നത്. സ്‌ക്രീനിൽ എന്നെ എങ്ങനെ കാണുന്നു എന്നറിയാൻ ഞാൻ മുമ്പ് മോണിറ്ററിന് പിന്നിൽ പോയി നോക്കാറുണ്ടായിരുന്നു. പണ്ട്, ഈ ആംഗിളിൽ എനിക്ക് കുറച്ച് തടിയുള്ളതായി തോന്നുന്നു എന്ന് ഞാൻ ചിന്തിച്ചിരുന്നു. അപ്പോൾ ഞാൻ അമിതമായ സൗന്ദര്യബോധത്തിലേക്ക് പോകുകയാണെന്ന് മനസിലാക്കി. ഇപ്പോൾ ഞാൻ അത് ചെയ്യാറില്ല. കാരണം അത് എന്‍റെ അഭിനയത്തെ ബാധിക്കുമെന്ന് എനിക്ക് തോന്നിത്തുടങ്ങി.

ബംഗളൂരുവിലും കൊച്ചിയിലും പങ്കെടുത്ത ആക്ടിങ് വർക്ക്‌ഷോപ്പുകളാണ് എനിക്ക് ഒരൽപ്പം അയവ് വരുത്താൻ സഹായിച്ചത്. നിങ്ങൾ ഇതിന് മുമ്പ് 10 സിനിമകൾ ചെയ്തിട്ടുണ്ടോ എന്ന് അവർ അവിടെ ശ്രദ്ധിക്കില്ല. അവിടെ എല്ലാവരെയും തുല്യമായി കണക്കാക്കുന്നു. നിങ്ങൾക്ക് എങ്ങനെ വേണമെങ്കിലും കാണാം. നിങ്ങൾക്ക് അത് ചെയ്യാൻ കഴിയും. എന്നാൽ നിർഭാഗ്യവശാൽ, നമ്മുടെ ഇൻഡസ്ട്രി ഒരു പ്രത്യേകതരം സൗന്ദര്യ നിലവാരം പ്രതീക്ഷിക്കുന്നു. സിനിമാ ഇൻഡസ്ട്രിയുടെ ഈ പ്രതീക്ഷയാണ് നടിമാർ പ്ലാസ്റ്റിക് സർജറി പോലുള്ള സൗന്ദര്യവർധക ചികിത്സകൾക്ക് വിധേയരാകുന്നതിന് കാരണമാകുന്നത്. അതിൽ തെറ്റില്ല, മിക്ക നടിമാരും അതിനെക്കുറിച്ച് തുറന്നു സംസാരിക്കുന്നവരാണ്. എനിക്ക് തോന്നിയാൽ ഞാനും ചെയ്യും.

വിജയ് സേതുപതിയും തൃഷയും അഭിനയിച്ച സി. പ്രേംകുമാറിന്‍റെ '96' എന്ന സിനിമക്ക് ശേഷം നിങ്ങളുടെ വളഞ്ഞ പല്ലാണ് ഏറ്റവും മനോഹരം. ദയവായി അത് മാറ്റരുത് എന്ന ഇമെയിലുകൾ തനിക്ക് ലഭിച്ചിരുന്നതായും ഗൗരി പറഞ്ഞു. സ്‌ക്രീനിൽ ഞാൻ എങ്ങനെ കാണപ്പെടുന്നു എന്നതിനെക്കുറിച്ച് 100 ശതമാനം ആത്മവിശ്വാസത്തിലാണെന്ന് ഞാൻ പറയില്ല. അത് ഇപ്പോഴും തുടരുന്ന ഒന്നാണ്. എനിക്ക് അഞ്ച് അടി മാത്രമേയുള്ളൂ. ഉയരം കാരണം എനിക്ക് അവസരങ്ങൾ പരിമിതമാണെന്നും താരം അഭിപ്രായപ്പെട്ടു. എങ്കിലും, സൗന്ദര്യ സങ്കൽപ്പങ്ങൾ അൽപ്പം മാറുന്നുണ്ട്. നിലവിലെ ഏറ്റവും മനോഹരമായ അഭിനേത്രി നിമിഷ സജയനാണെന്ന് ഞാൻ കരുതുന്നു. അവരുടെ പ്രകടനങ്ങൾ നോക്കൂ. ആളുകൾ രൂപത്തിനപ്പുറം നോക്കാൻ തുടങ്ങിയിരിക്കുന്നു’ എന്നും ഗൗരി കൂട്ടിച്ചേർത്തു.

Tags:    
News Summary - Actress Gauri Kishan on concepts of beauty in cinema

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.