അതിജീവനത്തിനായി വാട്ടർ കാനുകൾ വിറ്റു, ചെറുകിട ബിസിനസുകൾ ചെയ്തു...ഇന്ന് ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാൾ

ഒരിക്കൽ വാട്ടർ കാനുകൾ വിതരണം ചെയ്ത് ഉപജീവനം നയിച്ചിരുന്ന ഒരാൾ ഇപ്പോഴിതാ ഇന്ത്യൻ സിനിമയിലെ പ്രധാനപ്പെട്ട നടനും സംവിധായകനുമായി മാറുന്നു. അയാളുടെ സിനിമക്കായി രാജ്യമൊന്നാകെ കാത്തിരുക്കുന്നു. എക്കാലത്തെയും ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ രണ്ടാമത്തെ കന്നഡ ചിത്രം പുറത്തിറക്കി പ്രേക്ഷകപ്രീതി നേടാനും അദ്ദേഹത്തിനായി. മറ്റാരുമല്ല, ഋഷഭ് ഷെട്ടിയാണ് ആ നടൻ.

ഇപ്പോഴിതാ, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രീക്വൽ ആയ കാന്താര: ചാപ്റ്റർ 1ന്റെ റിലീസിനായി ഒരുങ്ങുകയാണ് അദ്ദേഹം. ഇത്തവണ എന്താണ് കരുതിവെച്ചിരിക്കുന്നതെന്ന് കാണാൻ എല്ലാ കണ്ണുകളും നടനും സംവിധായകനുമായ ഋഷഭിലേക്ക് വീണ്ടും തിരിയുന്നു. ഇപ്പോൾ വലിയ താരമാണെങ്കിലും, അദ്ദേഹത്തിന്‍റെ യാത്ര എളുപ്പമായിരുന്നില്ല. രക്ഷിത് ഷെട്ടി നായകനായ സംവിധായകൻ അരവിന്ദ് കൗശിക്കിന്റെ തുഗ്ലക്ക് (2012) എന്ന ചിത്രത്തിലൂടെയാണ് താരം അരങ്ങേറ്റം കുറിക്കുന്നത്. അതിന് മുമ്പ് ഋഷഭ് ഷെട്ടി ചലച്ചിത്രനിർമാണത്തിൽ ഡിപ്ലോമ പൂർത്തിയാക്കിയിരുന്നു.

ജീവിക്കാൻ വേണ്ടി ഒരു ചെറിയ ബിസിനസ്സ് നടത്തിയതിനെക്കുറിച്ചും ഋഷഭ് മുമ്പ് പറഞ്ഞിരുന്നു. 'കോളജ് പഠനകാലത്ത് ഞാൻ ചെയ്തിരുന്ന ചില ചെറുകിട ബിസിനസുകളിൽ നിന്ന് കുറച്ച് പണം ലാഭിച്ചിരുന്നു. മിനറൽ വാട്ടർ കാനുകൾ വിതരണം ചെയ്യുക എന്നതായിരുന്നു എന്റെ ഒരു ബിസിനസ്സ്. ഒരു ദിവസം ബംഗളൂരുവിലെ മല്ലേശ്വരത്ത് നടന്ന പരിപാടിക്ക് വാട്ടർ കാനുകൾ വിതരണം ചെയ്യാൻ പോയി. ഒരു ഫിലിം സ്കൂളിന്റെ ഉദ്ഘാടനമായിരുന്നു പരിപാടി. എല്ലാ കോഴ്‌സ് വിശദാംശങ്ങളും ഞാൻ അന്വേഷിച്ചു. അന്നുതന്നെ ഞാൻ കോഴ്‌സിൽ ചേർന്നു' -2019 ലെ ഒരു അഭിമുഖത്തിൽ ഋഷഭ് ദി ന്യൂസ് മിനിറ്റിനോട് പറഞ്ഞു.

തുഗ്ലക്ക് (2012) എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ ഋഷഭ് ഷെട്ടി, പിന്നീട് രക്ഷിത് ഷെട്ടിയുടെ ഉളിദവരു കണ്ടന്തേ (2014) എന്ന ചിത്രത്തിലും ചെറിയ വേഷത്തിൽ അഭിനയിച്ചു. ഒടുവിൽ അദ്ദേഹത്തിന് വലിയ വേഷങ്ങൾ ലഭിക്കാൻ തുടങ്ങി. റിക്കി (2016) എന്ന ചിത്രത്തിലൂടെ അദ്ദേഹം സംവിധായകനായി അരങ്ങേറ്റം കുറിച്ചെങ്കിലും ചിത്രം പ്രതീക്ഷിച്ച വിജയം നേടിയില്ല.

എന്നാൽ രക്ഷിത് ഷെട്ടിയും രശ്മിക മന്ദാനയും അഭിനയിച്ച അദ്ദേഹത്തിന്റെ അടുത്ത ചിത്രമായ കിരിക് പാർട്ടി (2016) നിരൂപക-വാണിജ്യ വിജയമായി മാറി. ബെൽ ബോട്ടം (2019), ഗരുഡ ഗമന വൃഷഭ വാഹന (2021) എന്നിവയിലെ അദ്ദേഹത്തിന്റെ പ്രകടനം പലരെയും ആകർഷിച്ചു. അദ്ദേഹന്റെ മൂന്നാമത്തെ സംവിധാന സംരംഭമായ സർക്കാർ ഹി. പ്രാ. ശാലേ കാസറഗോഡു കൊടുഗെ: രാമണ്ണ റായ് (2018) പ്രേക്ഷകശ്രദ്ധ നേടി.  

Tags:    
News Summary - actor sold water cans before his film debut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.