'സെറ്റിലുണ്ടായത് വലിയ അപകടം, ഞങ്ങൾ സുരക്ഷിതരാണ്' -നടൻ നിഖിൽ സിദ്ധാർഥ

രാം ചരൺ നിർമിക്കുന്ന 'ദി ഇന്ത്യ ഹൗസ്' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ സെറ്റിൽ വാട്ടർ ടാങ്ക് പൊട്ടി അപകടയുണ്ടായതിൽ പ്രതികരിച്ച് ചിത്രത്തിലെ നായകൻ നിഖിൽ സിദ്ധാർഥ. സെറ്റിൽ വെള്ളം നിറഞ്ഞതിന്‍റെ വിഡിയോകൾ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്. എക്സിൽ അതിൽ ഒന്നിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തെ 'വലിയ അപകടം' എന്നാണ് നടൻ വിശേഷിപ്പിച്ചത്.

എന്താണ് സംഭവിച്ചതെന്ന് അദ്ദേഹം വിശദമായി വിശദീകരിക്കുകയും ജീവഹാനി സംഭവിച്ചിട്ടില്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. 'ഞങ്ങൾ എല്ലാവരും സുരക്ഷിതരാണ്. മികച്ച സിനിമാറ്റിക് അനുഭവം നൽകാനുള്ള അന്വേഷണത്തിൽ ചിലപ്പോൾ ഞങ്ങൾ സാഹസികതകൾ ഏറ്റെടുക്കാറുണ്ട്. അലേർട്ട് ക്രൂ സ്വീകരിച്ച മുൻകരുതലുകൾ കാരണം ഞങ്ങൾ വലിയ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. വിലയേറിയ ഉപകരണങ്ങൾ നഷ്ടപ്പെട്ടു, പക്ഷേ ദൈവകൃപയാൽ മനുഷ്യർക്ക് ആർക്കും ഒന്നും സംഭവിച്ചിട്ടില്ല' -നിഖിൽ സിദ്ധാർഥ പറഞ്ഞു.

വലിയ അളവിൽ വെള്ളം ഉപയോഗിച്ചുള്ള ഒരു പ്രധാന സീക്വൻസ് ചിത്രീകരിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. സിനിമക്കായി സമുദ്ര ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിനായി ഷംഷാബാദ് പ്രദേശത്തിന് സമീപം സ്ഥാപിച്ചിരുന്ന ഒരു വലിയ വാട്ടർ ടാങ്കാണ് പൊട്ടിയതെന്നാണ് റിപ്പോർട്ട്. ഷൂട്ടിങ് ഫ്ലോർ മുഴുവൻ വെള്ളം കയറിയപ്പോൾ കാമറയും മറ്റ് ഉപകരണങ്ങളും സംരക്ഷിക്കാൻ സിനിമയുടെ അണിയറപ്രവർത്തകർ ശ്രമിക്കുന്ന വിഡിയോ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്. അപകടത്തെ തുടർന്ന് ചിത്രീകരണം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. പരിക്കേറ്റ വ്യക്തികൾക്ക് അടിയന്തര വൈദ്യസഹായം നൽകിയിട്ടുണ്ടെന്ന് റിപ്പോർട്ടുണ്ട്.

2023ലാണ് രാം ചരൺ തന്റെ ആദ്യ നിർമാണ സംരംഭമായ 'ദി ഇന്ത്യ ഹൗസ്' പ്രഖ്യാപിച്ചത്. ബോളിവുഡ് നടി സായി മഞ്ജരേക്കർ ആണ് ഇന്ത്യ ഹൗസിലെ നായിക. രാം വംശി കൃഷ്ണയാണ് ചിത്രത്തിന്‍റെ സംവിധാനം. മുതിർന്ന ബോളിവുഡ് നടൻ അനുപം ഖേർ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Tags:    
News Summary - Actor Nikhil Siddhartha reacts after India House set accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.