1. ആമിർ ഖാൻ, 2. ഏക് ദിൻ സിനിമയിൽ സായി പല്ലവിയും ജുനൈദ് ഖാനും
ബോളിവുഡ് താരം ആമിർ ഖാന്‍റെ മകൻ ജുനൈദ് ഖാനും തെന്നിന്ത്യൻ നായിക സായി പല്ലവിയും ഒന്നിച്ചെത്തുന്ന ചിത്രമാണ് 'ഏക് ദിൻ'. ഈ ചിത്രം നിർമിക്കുന്നത് ആമിർ ഖാൻ തന്നെയാണ്. ചിത്രത്തിന്‍റെ പ്രൊമോഷന്‍റെ ഭാഗമായി അടുത്തിടെ മുംബൈയിൽ 'ഏക് ദിൻ കി മെഹ്ഫിൽ' എന്ന പേരിൽ ഒരു സംഗീത പരിപാടി സംഘടിപ്പിച്ചിരുന്നു. ചടങ്ങിൽ വികാരാധീനനായി നിറ കണ്ണുകളോടെ ഇരിക്കുന്ന ആമിർ ഖാന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. മകന്‍റെ സിനിമയെകുറിച്ച് വാചാലനായ നടൻ സായി പല്ലവിയെ 'ഇന്ന് രാജ്യത്തുള്ള ഏറ്റവും മികച്ച നടി' എന്ന് വിശേഷിപ്പിച്ചു.
'രാജ്യത്ത് ഇന്ന് നമുക്കുള്ള ഏറ്റവും മികച്ച നടിയാണ് സായി പല്ലവി. ജുനൈദും വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്' അദ്ദേഹം പറഞ്ഞു. സദസ്സിലിരുന്ന് സംഗീതം ആസ്വധിക്കവെ നിറ കണ്ണുകൾ തുടക്കുന്ന ആമിർ ഖാനെ വിഡിയോയിൽ കാണാം. അദ്ദേഹത്തിന്‍റെ അടുത്തായി സായി പല്ലവിയും ഇരിക്കുന്നുണ്ട്.
ആമിർ ഖാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ സുനിൽ പാണ്ഡെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2016ൽ പുറത്തിറങ്ങിയ പ്രശസ്ത തായ് ചിത്രം 'വൺ ഡേ'യുടെ ഔദ്യോഗിക റീമേക്കാണ് ഏക് ദിൻ. തന്റെ പ്രണയം തുറന്നുപറയാൻ കഴിയാത്ത ഒരാൾക്ക്, താൻ പ്രണയിക്കുന്ന പെൺകുട്ടിയോടൊപ്പം ഒരു ദിവസം ചെലവഴിക്കാൻ അപ്രതീക്ഷിതമായി അവസരം ലഭിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ആമിർ ഖാൻ, മൻസൂർ ഖാൻ, അപർണ പുരോഹിത് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ ഇതിനോടകം തന്റെ കഴിവ് തെളിയിച്ച സായ് പല്ലവി ബോളിവുഡിലും തരംഗമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് റിലീസിന് 39 ദിവസം മുമ്പേ ആരംഭിക്കുമെന്ന പ്രത്യേകതയുമുണ്ട്.
ചിത്രത്തിന്റെ ട്രെയിലർ വ്യാഴാഴ്ച പുറത്തിറങ്ങി. വർഷങ്ങൾക്ക് ശേഷം ആമിർ ഖാനും സംവിധായകൻ മൻസൂർ ഖാനും സഹനിർമാതാക്കളായി ഒന്നിക്കുന്ന ചിത്രമാണ് ഏക് ദിൻ. ഖയാമത് സേ ഖയാമത് തക്, ജോ ജീത വോഹി സിക്കന്ദർ തുടങ്ങിയ ക്ലാസിക് ഹിറ്റുകളിൽ അവർ മുമ്പ് ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. മെയ് 1ന് ചിത്രം തിയറ്ററുകളിൽ എത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.