'താരേ സമീൻ പർ' എന്ന സിനിമയുമായുള്ള വൈകാരിക അടുപ്പത്തിന്‍റെ കാരണം ഇതാണ്... മനസ് തുറന്ന് ആമിർ ഖാൻ

തന്റെ മകനായ ജുനൈദ് ഖാന് ഡിസ്ലെക്സിയ. ഉണ്ടായിരുന്നുവെന്ന് വെളുത്തിപ്പെടുത്തിയിരിക്കുകയാണ് നടൻ ആമിർ ഖാൻ. 'താരേ സമീൻ പർ' എന്ന സിനിമയുമായുള്ള വൈകാരിക അടുപ്പത്തിന്‍റെ കാരണം ഇതാണ്. അക്ഷരങ്ങൾ മനസ്സിലാക്കാൻ ജുനൈദിന് ബുദ്ധിമുട്ടുണ്ടായിരുന്നപ്പോൾ അവനെ വഴക്കുപറയുമായിരുന്നു എന്നും ആമിർ സമ്മതിച്ചു. മകന്റെ സ്വകാര്യതയെ മാനിക്കാനാണ് മുമ്പ് ഇതിനെക്കുറിച്ച് സംസാരിക്കാതിരുന്നത് എന്ന് ആമിർ പറഞ്ഞു. എന്നാൽ ജുനൈദ് തന്നെ തന്റെ ഒരു അഭിമുഖത്തിൽ ഇക്കാര്യം വെളിപ്പെടുത്തിയതിനാൽ അവന്റെ അവസ്ഥയെക്കുറിച്ച് തനിക്ക് സംസാരിക്കാമെന്നും ആമിർ ഖാൻ കൂട്ടിച്ചേർത്തു.

'ഇതുവരെ ഞാൻ ഇതിനെക്കുറിച്ച് സംസാരിച്ചിട്ടില്ല. ഞാൻ ആരെക്കുറിച്ചാണോ സംസാരിക്കാൻ പോകുന്നത്, അദ്ദേഹം ഇതിനെക്കുറിച്ച് പരസ്യമായി സംസാരിച്ചു കഴിഞ്ഞു. അതിനാൽ ഇപ്പോൾ എനിക്ക് തുറന്നു സംസാരിക്കാം. ഞാൻ സംസാരിക്കുന്നത് ജുനൈദിനെക്കുറിച്ചാണ്. എന്റെ മകൻ ജുനൈദിനെക്കുറിച്ച്. ജുനൈദിന് ഡിസ്ലെക്സിയയുണ്ട്. അതിനാൽ, താരെ സമീൻ പറിന്‍റെ കഥ ആദ്യമായി കേട്ടപ്പോൾ എന്നെ വല്ലാതെ സ്പർശിച്ചു. കാരണം ഞാൻ അതിലൂടെ കടന്നുപോയതാണ്. തുടക്കത്തിൽ താരെ സമീൻ പറിലെ അച്ഛൻ നന്ദ്കിഷോർ അവാസ്തിയെ പോലെയായിരുന്നു ഞാൻ. ജുനൈദിനെ വഴക്കുപറയുമായിരുന്നു' ആമിർ ഖാൻ പറഞ്ഞു.

2007ൽ പുറത്തിറങ്ങിയ ഹിന്ദി ചിത്രമാണ് 'താരെ സമീൻ പർ'. ആമിർ ഖാൻ സം‌വിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ നിർ‌വ്വഹിച്ചത് അമോൽ ഗുപ്തയാണ്‌. എട്ട് വയസ്സായ ഇഷാൻ എന്ന കുട്ടി ഡിസ്ലെക്സിയ എന്ന പഠനവൈകല്യം മൂലം അനുഭവിക്കുന്ന പ്രയാസങ്ങളും, മാതാപിതാക്കളോ മറ്റു അദ്ധ്യാപകരോ തിരിച്ചറിയാതിരിക്കുന്നതും പുതുതായി വരുന്ന നികുംഭ് എന്ന അധ്യാപകൻ അത് മനസിലാക്കി അവനിലെ പ്രതിഭയെ കണ്ടെത്തുന്നതുമാണ്‌ താരെ സമീൻ പർ.

തലച്ചോറിന്‍റെ പ്രവര്‍ത്തനങ്ങളുടെ ഏറ്റക്കുറച്ചിലുകള്‍ കാരണം ഉണ്ടാകുന്ന പഠനത്തകരാറാണ് ഡിസ്ലെക്സിയ. പ്രധാനമായും ഭാഷ കൈകാര്യം ചെയ്യുന്നതില്‍‍ ഇവർക്ക് ബുദ്ധിമുട്ടുണ്ടാവും. പ്രത്യേകിച്ച് പ്രശ്നങ്ങൾ ഒന്നും ഇല്ലാത്ത കുട്ടി ശരിയായി എഴുതുകയും വായിക്കുകയും ചെയ്യാതെ വരുമ്പോൾ ആണ് ഇത് ശ്രദ്ധയിൽപ്പെടുക. പക്ഷെ സ്കൂളിലെ മോശം പ്രകടനം കൊണ്ട് പലപ്പോഴും ഇവരെ ബുദ്ധിവികാസം കുറവുള്ളവരായി അധ്യാപകരും മാതാപിതാക്കളും തെറ്റിദ്ധരിക്കാന്‍ സാധ്യത കൂടുതലാണ്. ലിയനാര്‍ഡോ ഡാവിന്‍ഞ്ചി, ടോം ക്രൂസ്, കീനു റീവ്സ്, തോമസ്‌ എഡിസൺ തുടങ്ങിയ ലോകപ്രശസ്തർക്ക് പോലും ഡിസ്‌ലെക്സിയ എന്ന അവസ്ഥയുണ്ട്.

Tags:    
News Summary - Aamir Khan on why Taare Zameen Par was personal: Junaid is dyslexic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.