ജൂൺ 20ന് റിലീസ് ചെയ്യുന്ന 'സിതാരേ സമീൻ പർ' എന്ന ചിത്രത്തിലൂടെ ബോളിവുഡ് സൂപ്പർസ്റ്റാർ ആമിർ ഖാൻ ബിഗ് സ്‌ക്രീനിലേക്കുള്ള തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ചിത്രത്തിന്‍റെ പ്രമോഷനിടെ താരം തന്‍റെ ആരാധകർക്കായി ആവേശകരമായ ഒരു വാർത്ത പങ്കുവെച്ചു. 'സിതാരേ സമീൻ പർ' റിലീസിന് ശേഷം തന്റെ സ്വപ്ന സിനിമയായ മഹാഭാരതം ആരംഭിക്കാൻ പദ്ധതിയിടുന്നു എന്നാതാണത്.
എന്നാൽ മഹാഭാരതത്തെക്കുറിച്ചുള്ള പ്രഖ്യാപനം വന്നതോടെ, ആമിർ അഭിനയം നിർത്തുമോ എന്ന ചർച്ചയാണ് ആരാധകർക്കിടയിൽ ഉയരുന്നത്. അടുത്തിടെ രാജ് ഷമാനിക്ക് നൽകിയ അഭിമുഖത്തിൽ, അവസാന ചിത്രം എതായിരിക്കുമെന്ന ചോദ്യത്തിന് മഹാഭാരതം എന്നായിരുന്നു താരത്തിന്‍റെ മറുപടി.
'ലോകത്തിൽ നിങ്ങൾ കണ്ടെത്തുന്നതെല്ലാം, മഹാഭാരതത്തിൽ നിങ്ങൾ കണ്ടെത്തുമെന്നും കഥ വളരെ ശക്തവും അർത്ഥവത്തായതുമാണെന്നും അത് പൂർത്തിയാക്കിക്കഴിഞ്ഞാൽ, ഒരു കലാകാരനെന്ന നിലയിൽ തനിക്ക് പൂർണ സംതൃപ്തി തോന്നാ'മെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മഹാഭാരതം തന്റെ അവസാന സിനിമയായിരിക്കുമെന്നും ആമിർ കൂട്ടിച്ചേർത്തു. “ഇത് ചെയ്തുകഴിഞ്ഞാൽ, ഒന്നും ചെയ്യാനില്ലെന്ന് എനിക്ക് തോന്നാം. ഇതിനുശേഷം എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല, കാരണം ഈ സിനിമയുടെ മെറ്റീരിയൽ അങ്ങനെയായിരിക്കും” എന്നാണ് അദ്ദേഹം അന്ന് വിശദീകരിച്ചത്.
ഒരു സിനിമയിൽ മഹാഭാരതകഥ പറയാൻ കഴിയില്ലെന്നതിനാൽ ഒന്നിലധികം സിനിമകൾ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ഒരു നിശ്ചിത സമയത്തിനുള്ളിൽ ഇത് പൂർത്തിയാക്കാൻ, ഒന്നിലധികം സംവിധായകർ ആവശ്യമാണെന്നും ആമിർ കൂട്ടിച്ചേർത്തു.
അതേസമയം, 'താരേ സമീൻ പർ' എന്ന ചിത്രത്തിന്‍റെ തുടർച്ചയാണ് സിത്താരെ സമീൻ പര്‍. 'താരേ സമീൻ പർ' കഥയും സംവിധാനവും നിര്‍മാണവും ആമിര്‍ ഖാനായിരുന്നു. എന്നാല്‍ 'സിത്താരെ സമീൻ പര്‍' സംവിധാനം ചെയ്യുന്നത് ആര്‍. എസ് പ്രസന്നയാണ്. 'താരെ സമീൻ പർ' ദർശീൽ സഫാരിയെ നായകനായി അവതരിപ്പിച്ചപ്പോൾ, ആമിർ ഖാൻ പ്രൊഡക്ഷൻസ് 'സിതാരേ സമീൻ പർ' എന്ന ചിത്രത്തിലൂടെ 10 പുതുമുഖ അഭിനേതാക്കളെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. സ്പാനിഷ് ചിത്രമായ 'ചാമ്പ്യൻസ്' എന്ന സിനിമയുടെ റീമേക്കാണ് ചിത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.