ലോകേഷ് കനകരാജിനൊപ്പമുള്ള സിനിമ ഉണ്ടാകുമെന്ന് അറിയിച്ച് ബോളിവുഡ് നടൻ ആമിർ ഖാൻ. 'സിതാരേ സമീൻ പർ' എന്ന സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലാണ് നടന്റെ പ്രതികരണം. ലോകേഷ് - രജനികാന്ത് ചിത്രം കൂലിയിൽ ആമിർ ഖാൻ ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ലൊക്കേഷനിൽ നിന്നുള്ള ചില സ്റ്റില്ലുകളും സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ലോകേഷിനൊപ്പം സിനിമ ചെയ്യുന്നു എന്ന ആമിർ ഖാന്‍റെ തുറന്ന് പറച്ചിലിലൂടെ പുതിയ സിനിമക്ക് വേണ്ടിയാകാം ഇരുവരും കണ്ടതെന്നും ആരാധകർ പറയുന്നു.
പികെയുടെ രണ്ടാം ഭാഗമാണ് ഇരുവരും ചേർന്ന് ഒരുക്കുന്നതെന്നായിരുന്നു റിപ്പോർട്ടുകൾ. 'പികെ 2 ഒരു കിംവദന്തിയാണ്. എനിക്ക് അതിനെക്കുറിച്ച് ഒന്നും അറിയില്ല. ദാദാസാഹേബ് ഫാൽക്കെ എന്ന ചിത്രം തീർച്ചയായും നിർമിക്കപ്പെടും. രാജുവും ഞാനും അതിന്‍റെ പണികളിലാണ്. ലോകേഷും ഞാനും ഒരു സിനിമയിൽ ഒന്നിക്കുന്നുണ്ട്. ഇത് ഒരു സൂപ്പർഹീറോ ചിത്രമാണ്. വലിയ ആക്ഷൻ ചിത്രമാണ്. 2026 ന്റെ രണ്ടാം പകുതിയിൽ ചിത്രീകരണം ആരംഭിക്കും. ഇതിൽ കൂടുതൽ എനിക്ക് പറയാൻ കഴിയില്ല' ആമിർ ഖാൻ പറഞ്ഞു.
കുറച്ചു ദിവസങ്ങൾക്ക് മുമ്പ്, ഇന്ത്യൻ സിനിമയുടെ പിതാവായ ദാദാസാഹിബ് ഫാൽക്കെയുടെ വേഷം ആമിർ ഖാൻ അവതരിപ്പിക്കുമെന്നും ബ്ലോക്ക്ബസ്റ്റർ ചലച്ചിത്ര നിർമാതാവ് രാജ്കുമാർ ഹിരാനി സംവിധാനം ചെയ്യുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിനുപുറമെ, ലോകേഷ് കനകരാജിനൊപ്പം ഒരു സൂപ്പർഹീറോ ചിത്രത്തിനായി ആമിർ പ്രവർത്തിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.