മുംബൈ: പെഹൽഗാം ഭീകരാക്രമണത്തെക്കുറിച്ച് പ്രതികരിക്കാൻ വൈകിയെന്ന് ആരോപിച്ച് നടൻ ആമിർ ഖാനെതിരെ സൈബറാക്രമണം നടന്നിരുന്നു. തുര്‍ക്കി ഭരണാധികാരികളുമായുള്ള ആമിര്‍ ഖാന്‍റെ പഴയ ഫോട്ടോ കുത്തിപ്പൊക്കുകയും, പുറത്തിറങ്ങാനിരിക്കുന്ന ‘സിത്താരേ സമീൻ പർ’ ബഹിഷ്കരിക്കണം എന്ന് ആഹ്വാനവുമുയർന്നിരുന്നു. ഇപ്പോൾ, ഈ വിമർശനങ്ങൾക്കെല്ലാം മറുപടി നൽകുകയും തന്‍റെ നിലപാട് വ്യക്തമാക്കുകയും ചെയ്തിരിക്കുകയാണ് ആമിർ.
ഭീകരാക്രമണം ക്രൂരമായിരുന്നു. നമ്മുടെ രാജ്യത്ത് അതിക്രമിച്ചു കയറി സാധാരണക്കാർക്ക് നേരെ വെടിയുതിർത്ത തീവ്രവാദികളുടെ ഭീരുത്വമാണ് ഇത് കാണിക്കുന്നത്. അവർ ആളുകളുടെ മതം ചോദിച്ച് വെടിയുതിർത്തു. അതിന്‍റെ അർഥമെന്താണ്? ഒരു മതവും ആളുകളെ കൊല്ലാൻ ആവശ്യപ്പെടുന്നില്ല. ഈ തീവ്രവാദികളെ മുസ്‌ലിംകളായി കണക്കാക്കുന്നില്ല. കാരണം, നിരപരാധികയായ ഒരു മനുഷ്യനെയും കൊല്ലാൻ പാടില്ലെന്നും സ്ത്രീകളെയും കുട്ടികളെയും ആക്രമിക്കരുതെന്നും ഇസ്‌ലാമിലുണ്ട്. അത് ചെയ്യുന്നതിലൂടെ അവർ മതത്തിന് എതിരാകുകയാണ് -ഇന്ത്യ ടി.വിയുടെ ആപ് കി അദാലത്തിൽ ആമിർ പറഞ്ഞു.
2017-ലും 2020-ലും തുര്‍ക്കി ഭരണാധികാരി ഉർദുഗാനുമായും ഭാര്യയുമായും നടത്തിയ കൂടിക്കാഴ്ചകളെക്കുറിച്ചും ആമിർ നിലപാട് വ്യക്തമാക്കി. അന്ന് പ്രസിഡന്‍റ് ഉര്‍ദുഗാനെ കണ്ടപ്പോള്‍ ഏഴുവര്‍ഷങ്ങള്‍ക്കിപ്പുറം അവര്‍ ഇന്ത്യയ്‌ക്കെതിരായ ആക്രമണങ്ങളെ പിന്തുണയ്ക്കുമെന്ന് കരുതിയിരുന്നില്ല. പാകിസ്താനെ സഹായിച്ച തുര്‍ക്കി ചെയ്തത് വലിയ തെറ്റാണ്. അവരുടെ ചെയ്തിയില്‍ ഓരോ ഇന്ത്യക്കാരനും വേദനയുണ്ട്. 2023-ല്‍ ഭൂകമ്പമുണ്ടായപ്പോള്‍ തുര്‍ക്കിക്ക് ആദ്യം സഹായം നല്‍കിയ സര്‍ക്കാറാണ് ഇന്ത്യയുടേത് -ആമിർ പറഞ്ഞു.
‘സിത്താരേ സമീൻ പർ’ ട്രെയിലർ വളരെ നേരത്തെ റിലീസ് ചെയ്യേണ്ടതായിരുന്നു. നമ്മുടെ രാജ്യത്തിനെതിരായ ആക്രമണം കാരണം അത് ഞാൻ റദ്ദാക്കി. എന്‍റെ സിനിമ റിലീസ് ചെയ്യാൻ പോകുന്നു എന്നതുകൊണ്ട് മാത്രം ഞാൻ മിണ്ടാതിരുന്നാൽ അത് തെറ്റാണെന്ന് തോന്നുന്നു. അതിനാൽ ഞാൻ അതേക്കുറിച്ച് തുറന്നു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.