ചിരിപ്പിച്ചും കരയിപ്പിച്ചും ചെയ്ത് തീർത്തത് 860 സിനിമകൾ; മലയാളസിനിമയുടെ ഹാസ്യസാമ്രാട്ട് ബഹദൂര്‍ ഓർമയായിട്ട് ഇന്നേക്ക് 25 വർഷം

മലയാളസിനിമയുടെ ഹാസ്യസാമ്രാട്ട് ബഹദൂര്‍ ഓർമയായിട്ട് ഇന്നേക്ക് 25 വർഷം. ഭാവങ്ങളുടെ വിവിധ തലങ്ങളെയും ജീവിതയാത്രയിലെ കയ്പേറിയ അനുഭവങ്ങളെയും ഇഴചേര്‍ത്തുകൊണ്ട് മലയാളസിനിമ എക്കാലത്തും കേള്‍ക്കുന്ന നൂറുകണക്കിന് കഥാപാത്രങ്ങളിലൂടെ ജീവിച്ച പകരക്കാരനില്ലാത്ത കലാകാരനായിരുന്നു ബഹദൂര്‍. 1960-70 കാലഘട്ടത്തിൽ പ്രശസ്ത നടൻ അടൂർ ഭാസിയുമായി ചേർന്ന് ഒരു ഹാസ്യ ജോടി തന്നെ മലയാള സിനിമയിൽ ബഹദൂര്‍ സൃഷ്ടിച്ചു.

പടിയത്ത് കൊച്ചുമൊയ്തീന്റെയും ഖദീജയുടെയും ഒമ്പത് മക്കളിൽ ഒരാളായി ജനിച്ച ബഹദൂർ വളരെ കഷ്ടപ്പെട്ടിട്ടാണ് ചലച്ചിത്ര ജീവിതത്തിലേക്ക് എത്തുന്നത്. നാടകത്തിലൂടെയാണ് സിനിമയിലെത്തിയത്. സാമ്പത്തിക പ്രശ്നങ്ങൾ മൂലം പഠിത്തം നിർത്തേണ്ടി വന്ന ബഹദൂർ ബസ് കണ്ടക്ടർ ആയി ജോലി നോക്കിയിട്ടുണ്ട്. പിന്നീടാണ് മലയാള ചലചിത്രകാരനും നടനുമായ തിക്കുറിശ്ശിയെ കണ്ടുമുട്ടുന്നത്. സിനിമയിലേക്കുള്ള വഴി തുറക്കുന്നത് അവിടെ വെച്ചാണ്. തിക്കുറിശിയാണ് കുഞ്ഞാലുവെന്ന പേര് മാറ്റി ബഹദൂറാക്കിയത്‌.

ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ലാബ് തുടങ്ങിയെങ്കിലും കളര്‍ചിത്രങ്ങളുടെ വരവോടെ വലിയ സാമ്പത്തികനഷ്ടത്തില്‍ ആ സ്വപ്നം പൊലിഞ്ഞുപോയി. ജീവിതത്തിലെ ദുസ്സഹമായ ഘട്ടങ്ങളെയൊക്കെയും അദ്ദേഹം വളരെ തന്മയത്വത്തോടെയായിരുന്നു സമീപിച്ചിരുന്നത്. ഇഷ്ടപ്പെട്ട വ്യക്തികളെക്കുറിച്ച് എല്ലായ്പ്പ്പോഴും വാചാലനായിരുന്നു ബഹദൂര്‍. ഒരിക്കല്‍ ജീവിതത്തിന്റെ വിജയപഥങ്ങളില്‍ കൂടെ ഉണ്ടാകുന്നവര്‍ വീഴ്ചയില്‍ കൂടെ ഉണ്ടാകില്ലെന്നും ഓരോരുത്തരും അവരുടെ ജീവിതം ജീവിക്കുന്ന തിരിക്കിലായിക്കുമെന്നും ബഹദൂര്‍ പറയാറുണ്ട്. പരാതികളേതുമില്ലാതെ പുഞ്ചിരിച്ചുകൊണ്ടാണ് അദ്ദേഹം ജീവിച്ചത്.

നിത്യജീവിതത്തിലെ സാധാരണ മനുഷ്യരുടെ വേഷങ്ങളിലൂടെ അഭിനയിക്കുക എന്നതിലുപരിയായി അദ്ദേഹം ജീവിക്കുകയായിരുന്നു. കൊടിയ ജീവിതപ്രാരബ്ധങ്ങളുടെ വേദനകള്‍ക്കിടയിലും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചപ്പോള്‍ അദ്ദേഹത്തിന്റെ തമാശകള്‍ക്ക് പിന്നിലെ കണ്ണീരില്‍ കുതിര്‍ന്ന തീവ്രാനുഭവങ്ങളെ പലപ്പോഴും നമ്മളറിയാറില്ല. തനതായ ശൈലിയും കൊടുങ്ങല്ലൂരിന്റെ ഭാഷയും പ്രത്യേകമായ ഭാവങ്ങളും കോര്‍ത്തിണക്കിയ കഥാപാത്രങ്ങളായിരുന്നു ബഹദൂര്‍ സിനിമകളുടെ പ്രത്യേകത.

860 സിനിമകൾ. 1954 ൽ പുറത്തിറങ്ങിയ അവകാശിയാണ് ആദ്യ ചിത്രം. 1967ലെ പാടാത്ത പൈങ്കിളി എന്ന സിനിമയിലെ ‘ചക്കരവക്കൻ’ അഭിനയ ജീവിതത്തിലെ വഴിത്തിരിവായി. പിന്നീട് ജൈത്രയാത്രയായിരുന്നു. 1972ൽ മിസ് മേരി എന്ന സിനിമയിലെ സി. പി ജംബുലിംഗം എന്ന കഥാപാത്രത്തിന്‌ മികച്ച ഹാസ്യനടനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. മാധവിക്കുട്ടിയിലെ കുട്ടപ്പൻ എന്ന വേഷത്തിന്‌ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം. തുലാവർഷത്തിലെ അയ്യപ്പൻ മികച്ച സ്വഭാവ നടനുള്ള സംസ്ഥാന അവാർഡ് നേടി. 2000 മേയ് 22നായിരുന്നു മരണം. തലച്ചോറിലെ രക്തസ്രാവമാണ് മരണകാരണം. 2000ൽ പുറത്തിറങ്ങിയ ലോഹിതദാസിന്റെ ജോക്കറാണ് അവസാന ചിത്രം.

Tags:    
News Summary - 25 years since Bahadur was remembered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.