തമിഴ് നടൻ സൂര്യയുടെ നേതൃത്വത്തിൽ 2006ൽ ആരംഭിച്ച ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനയാണ് ‘അഗരം ഫൗണ്ടേഷൻ’. സമൂഹത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുക എന്നതാണ് ഈ ഫൗണ്ടേഷന്‍റെ പ്രധാന ലക്ഷ്യം. വിദ്യാഭ്യാസം എന്നത് സമൂഹത്തിൽ മാറ്റങ്ങൾ കൊണ്ടുവരാനുള്ള ഏറ്റവും ശക്തമായ ആയുധമാണ് എന്ന ആശയത്തിലാണ് അഗരം ഫൗണ്ടേഷൻ പ്രവർത്തിക്കുന്നത്. ഇന്ന് അഗരം 15-ാം വാർഷികം ആഘോഷിക്കുകയാണ്.
സൂര്യയുടെ അഗരം ഫൗണ്ടേഷൻ വഴി പഠനം പൂർത്തിയാക്കിയ 51 വിദ്യാർഥികൾ ഇന്ന് ഡോക്ടർമാരാണ്. ഈ 51 ഡോക്ടർമാരും തമിഴ്നാട്ടിലെ വിവിധ ഗ്രാമങ്ങളിൽ നിന്നുള്ളവരാണ്. കുടുംബത്തിൽ നിന്ന് ആദ്യമായി ഉന്നതവിദ്യാഭ്യാസം നേടുന്നവരാണ്. അഗരം ഫൗണ്ടേഷൻ നടത്തിയ 15-ാം വാർഷികാഘോഷത്തിൽ കമൽ ഹാസൻ ഈ ഡോക്ടർമാരെ അഭിനന്ദിക്കുന്ന വിഡിയോ ഇതിനോടകം ശ്രദ്ധ നേടുന്നുണ്ട്.
വിദ്യാഭ്യാസം പൂർത്തിയാക്കിയതിന് ശേഷം അഗരം ഫൗണ്ടേഷൻ വിദ്യാർഥികൾ തങ്ങളുടെ സന്തോഷവും നന്ദിയും പ്രകടിപ്പിക്കുന്നതും അതിൽ സൂര്യ ഇമോഷണലാകുന്ന സീക്വൻസുകൾ ഇപ്പോൾ വൈറലാണ്. ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന പരിപാടികളിൽ സൂര്യയോട് നേരിട്ട് സംസാരിക്കുമ്പോൾ പല വിദ്യാർഥികളും സന്തോഷം കാരണം വികാരാധീനരാകാറുണ്ട്. സ്വന്തമായി വിദ്യാഭ്യാസം നേടാൻ കഴിയില്ലെന്ന് കരുതിയ പലർക്കും ഒരു പുതിയ ജീവിതം നൽകിയത് ഈ ഫൗണ്ടേഷനാണ്. അഗരം ഫൗണ്ടേഷൻ വിദ്യാർഥികളുടെ വൈകാരിക പ്രതികരണങ്ങൾ പലപ്പോഴും വാർത്തകളിൽ ഇടം നേടാറുണ്ട്.
ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ള, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മിടുക്കരായ കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം നൽകുന്നതിനുള്ള സാമ്പത്തിക സഹായവും മാർഗനിർദേശങ്ങളും നൽകുന്ന പ്രോഗ്രാമാണ് വിദൈ (Vidhai). വിദ്യാർഥികൾക്ക് പഠനത്തിലും ജീവിതത്തിലും മാർഗനിർദേശം നൽകുന്നതിനായി മുതിർന്നവരുമായി ബന്ധിപ്പിക്കുന്ന മെന്‍റർഷിപ്പ് പ്രോഗ്രാമുകളും അഗരത്തിന്‍റെ കീഴിൽ നടത്തുന്നുണ്ട്.
വിദൂര ഗ്രാമങ്ങളിൽ നിന്ന് നഗരങ്ങളിൽ പഠിക്കാൻ വരുന്ന വിദ്യാർഥികൾക്ക് സുരക്ഷിതമായ താമസസൗകര്യവും പോഷകസമൃദ്ധമായ ഭക്ഷണവും നൽകുന്ന അഗരം ഹോസ്റ്റലുകൾ, സർക്കാർ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും അധ്യാപന നിലവാരം ഉയർത്തുന്നതിനും വേണ്ടിയുള്ള പദ്ധതിയായ 'നമ്മൾ പള്ളി' തുടങ്ങിയവയും അഗരം ഫൗണ്ടേഷന്‍റെ ഭാഗമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.