'ബോംബെ ടെയ്ലേഴ്സ്' വീണ്ടും അരങ്ങിലേക്ക്; ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങി മോഹൻലാൽ

മലയാള നാടകവേദി കണ്ട എക്കാലത്തെയും മികച്ച നാടകങ്ങളിലൊന്നായ 'ബോംബെ ടെയ്ലേഴ്സ്' വീണ്ടും അരങ്ങിലേക്ക്. 'മാജിക് ഇഫ്' (Magic If) അവതരിപ്പിക്കുന്ന നാടകം 2016ലാണ് ആദ്യമായി അരങ്ങിൽ എത്തിയത്. ഇപ്പോൾ ഏകദേശം ഒരു പതിറ്റാണ്ടിന് ശേഷമാണ് 'ബോംബെ ടെയ്ലേഴ്സ്' വീണ്ടും പ്രേക്ഷകരിലേക്ക് എത്തുന്നത്. നടൻ മോഹൻലാൽ നാടകത്തിന്‍റെ ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങിക്കൊണ്ടാണ് ഈ പുനരവതരണത്തിന് ശ്രദ്ധേയമായ തുടക്കം കുറിച്ചു.

പ്രശസ്ത നാടകപ്രവർത്തകനായ വിനോദ് കുമാർ ആണ് 'ബോംബെ ടെയ്ലേഴ്‌സിന്‍റെ' രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. 1960കൾ മുതൽ ഉള്ള മലയാള നാടകവേദി, സിനിമ, വസ്ത്രധാരണ സംസ്കാരം എന്നിവയാണ് കഥയുടെ പശ്ചാത്തലം. മുഹമ്മദ് ഖദീർ ബാബുവിന്‍റെ പ്രശസ്തമായ "'ന്യൂ ബോംബെ ടെയ്ലേഴ്സ്' എന്ന തെലുങ്ക് ചെറുകഥയെ ആസ്പദമാക്കിയാണ് നാടകം ഒരുക്കിയിരിക്കുന്നത്.

ഇത്തവണ അരങ്ങിലേക്ക് എത്തുമ്പോൾ 'ബോംബെ ടെയ്ലേഴ്‌സിന്‍റെ' ഒരു പ്രധാന ആകർഷണം, ദേശീയ പുരസ്‌കാര ജേതാവായ നടി സുരഭി ലക്ഷ്മി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കാൻ വീണ്ടും വേദിയിലേക്ക് എത്തുന്നു എന്നതാണ്. ശ്രീകാന്ത് മുരളി, സ്നേഹ ശ്രീകുമാർ, അരുൺ സി.എം, കുമാർ സുനിൽ, മീനാക്ഷി മാധവി തുടങ്ങിയ പ്രമുഖ അഭിനേതാക്കളാണ് ബോംബെ ടെയിലേഴ്സിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് നാടകത്തിന്‍റെ കൂട്ടായ്മയെ ശക്തിപ്പെടുത്തുന്നത്.

പ്രമുഖ ഗായകരായ സിതാര കൃഷ്ണകുമാർ, മഖ്ബൂൽ, സുദർശൻ എന്നിവരാണ് നാടകത്തിലെ ഗാനങ്ങൾ പാടിയിരിക്കുന്നത്. നാടകത്തിലെ ഗാനനങ്ങൾ രചിച്ചതും സംഗീതം നൽകിയിരിക്കുന്നതും സുരഭി ലക്ഷ്മി തന്നെയാണ്. നൃത്ത സംവിധാനം നിർവഹിച്ചിരിക്കുന്നത് നടനും നൃത്തകനും ആയ റംസാൻ ആണ്. 2025-ലെ ഈ പുതിയ അവതരണത്തിൽ, 50-ഓളം കലാകാരന്മാരും സാങ്കേതിക വിദഗ്ദ്ധരുമാണ് അണിനിരക്കുന്നത്.

2016 ൽ അതീഥി: എ സ്പേസ് ഫോർ ഡാൻസ് ആൻഡ് തിയറ്റർ അരങ്ങിലേക്ക് എത്തിച്ച ബോംബെ ടെയ്‌ലേഴ്സിന് ആ വർഷത്തെ മികച്ച തിരക്കഥ, മികച്ച നാടകം, മികച്ച നടൻ, മികച്ച നടി എന്നിവയുൾപ്പെടെ നാല് കേരള സംസ്ഥാന പുരസ്‌കാരങ്ങൾ ലഭിച്ചിരുന്നു. എറണാകുളം ചാവറ കൾച്ചറൽ സെന്‍ററിൽ വെച്ച് നവംബർ 24, 26 തീയതികളിലാണ് നാടകം അവതരിപ്പിക്കുന്നത്. ടിക്കറ്റുകൾ ഇപ്പോൾ ബുക്ക് മൈ ഷോ വഴി ബുക്ക് ചെയ്യാവുന്നതാണ്. 

Tags:    
News Summary - Bombay Tailors Set for Grand Revival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.