തിരുവനന്തപുരം: കേരളം ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്ന നിർണായക നിയമസഭ തെരഞ്ഞെടുപ്പിൽ 74.02ശതമാനം പോളിങ്. കണ്ണൂർ, കോഴിക്കോട്, പാലക്കാട് ജില്ലകളിലാണ് കനത്ത പോളിങ് രേഖപ്പെടുത്തിയത്. പൊതുവേ കേരളത്തിൽ വോട്ടെടുപ്പ് സമാധാനപരമായിരുന്നു. അങ്ങിങ്ങ് ചില അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തു.
കഴക്കൂട്ടം കാട്ടായികോണത്ത് സി.പി.എം-ബി.ജെ.പി പ്രവർത്തകർ ഏറ്റുമുട്ടി. ആന്തൂരിൽ ബൂത്ത് സന്ദർശനത്തിനെത്തിയ യു.ഡി.എഫ് സ്ഥാനാർഥിയെ തടയാൻ ശ്രമിച്ചതും സംഘർഷത്തിൽ കലാശിച്ചു. ബാലുശ്ശേരിയിൽ യു.ഡി.എഫ് സ്ഥാനാർഥി ധർമ്മജൻ ബോൾഗാട്ടിയെ സി.പി.എം പ്രവർത്തകർ തടഞ്ഞതും പ്രശ്നങ്ങൾക്കിടയാക്കി. ബി.ജെ.പി-കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചുവെന്ന പരാതിയുമായി വീണ ജോർജ് എം.എൽ.എയും രംഗത്തെത്തി. പയ്യന്നൂരി പ്രിസൈഡിങ് ഓഫീസർക്ക് മർദനമേറ്റതായും റിപ്പോർട്ടുണ്ട്.
തിരുവല്ല വള്ളംകുളത്തും കോട്ടയം ചവിട്ടുവരിയിലും വോട്ടർമാർ കുഴഞ്ഞു വീണു മരിച്ചു. വള്ളംകുളം തെങ്ങുംതറ വീട്ടിൽ ഗോപിനാഥ കുറുപ്പ് (65) ആണ് തിരുവല്ലയിൽ മരിച്ചത്. വള്ളംകുളം ഗവ.യുപി സ്കൂളിലെ 83-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്യുവാൻ ക്യൂ നിൽക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. കോട്ടയത്ത് ചവിട്ടുവരി നട്ടാശ്ശേരി സ്വദേശി അന്നമ്മ ദേവസ്യ (74) ആണ് മരിച്ചത്. ചവിട്ടുവരി സെൻ്റ്. മർസിൽനാസ് ഗേൾസ് ഹൈസ്കൂളിലെ 25-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് പുറകോട്ട് വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.