‘മയ്യിത്ത് കട്ടിലിന്റെ കാലുപിടിക്കാൻ ആളെ ഏർപ്പാടാക്കണം’ -വയനാട്ടിൽ ഡിവൈഎഫ്ഐ നേതാവിന്റെ കൊലവിളി പ്രസംഗം

സുൽത്താൻ ബത്തേരി: മുസ്‍ലിം ലീഗ് നേതാക്കൾക്കെതിരെ കൊലവിളി പ്രസംഗവുമായി ഡി.വൈ.എഫ്.ഐ നേതാവ്. വയനാട് സുൽത്താൻബത്തേരിയിലാണ് ഡി.വൈ.എഫ്.ഐ മുൻ ജില്ല ട്രഷറർ ലിജോ ജോണി ഭീഷണി പ്രസംഗം നടത്തിയത്.

സിപിഎം പ്രവർത്തകരുടെ മേൽ കുതിര കയറാൻ വന്നാൽ മയ്യത്ത് കട്ടിലിന് കാലുപിടിക്കാൻ ആളെ ഏർപ്പാടാക്കിയിട്ട് വരണമെന്നും പട്ടിയെ അടിക്കുന്നതുപോലെയാണ് സിപിഎം പ്രവർത്തകർ ലീഗുകാരെ അടിച്ചോടിച്ചത് എന്നും ഭീഷണി പ്രസംഗത്തില്‍ പറയുന്നു. സുൽത്താൻബത്തേരിയിൽ ഈ മാസം ഒന്നിനാണ് ലിജോയുടെ വിവാദ പ്രസംഗം.

‘പട്ടിയെ അടിക്കുന്നതുപോലെയാ ഈ ബത്തേരിയിലെ സിപിഎമ്മിന്റെ പ്രവർത്തകർ ലീഗുകാരെ അടിച്ചോടിച്ചിട്ടുള്ളത്. അതുകൊണ്ട് തൃപ്തിയായിട്ടില്ല, വീണ്ടും ചൊറിയാൻ വന്നിരിക്കുകയാ മൂന്നാംമൈലി​ൽ. ഇത് ഇവിടെ അവസാനിപ്പിച്ചോണം. ഇനിയെങ്ങാനും ഇത് തുടർന്നാൽ, ഇവിടെ ഈ ലീഗിന്റെ പ്രവർത്തനത്തിന് നേതൃത്വം കൊടുക്കുന്ന ഷബീർ അഹമ്മദ് കുറിച്ചുവെച്ചോ, ഇനി ഞങ്ങളുടെ പ്രവർത്തകർക്ക് നേരെ കുതിര കയറാൻ വന്നാൽ നിന്റെ മയ്യിത്ത് കട്ടിലിന്റെ കാല് പിടിക്കാൻ വീട്ടിൽ ആളെ ഏർപ്പാടാക്കിയിട്ട് ബത്തേരി അങ്ങാടിയിലേക്ക് ഇറങ്ങിയാൽ മതി. അത് മനസ്സിലാക്കിക്കോ. അതുകൊണ്ട് ഇത് ഇവിടെ അവസാനിപ്പിച്ചാൽ നല്ലത്. അതല്ലെങ്കിൽ ശക്തമായിട്ട് ഞങ്ങൾ തിരിച്ചടിക്കും’ -ലിജോ ജോണി പറഞ്ഞു.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ബത്തേരി നഗരസഭ സിപിഎമ്മിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തിരുന്നു. ഇതിന്റെ വിജയാഹ്ലാദ പ്രകടനത്തിനിടെ സിപിഎം പ്രവർത്തകന്റെ വീട്ടിന് മുന്നിലേക്ക് പടക്കമെറിഞ്ഞതാണ് പ്രശ്‌നങ്ങൾക്ക് തുടക്കം. ഇതിനെച്ചൊല്ലി അന്ന് വൈകുന്നേരം സിപിഎം പ്രവർത്തകരും യുഡിഎഫ് പ്രവർത്തകരും തമ്മിൽ നടന്ന സംഘർഷത്തിൽ പലർക്കും പരിക്കേറ്റിരുന്നു. ഈ കേസിൽ പലരും ജയിലിലായിരുന്നു. ജയിലിൽ നിന്ന് ഇറങ്ങിയ ശേഷമാണ് ലിജോ ജോണി കൊലവിളി പ്രസംഗം നടത്തിയത്. ഇതിനെതി​രെ നിയമനടപടി സ്വീകരിക്കാനുള്ള നീക്കത്തിലാണ് യു.ഡി.എഫ് നേതൃത്വം. 

Tags:    
News Summary - DYFI leader's Death threat speech in Wayanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.