പൂതാടി പഞ്ചായത്ത് ഓഫിസ്
സുൽത്താൻ ബത്തേരി: തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പൂതാടി പഞ്ചായത്തിലെ ഇടത്, വലത് മുന്നണികൾ വലിയ ആശങ്കയിലാണ്. അധികാരത്തിലേറാൻ ഭാഗ്യം തുണക്കണം. ഇങ്ങനെയൊരു അവസ്ഥ ഇരുമുണികളും പ്രതീക്ഷിക്കാത്തതാണ്. നറുക്കെടുപ്പിനായുള്ള കാത്തിരിപ്പാണ് ഇപ്പോൾ. ആകെ 23 വാർഡുകളാണ് പൂതാടി പഞ്ചായത്തിലുള്ളത്. ഇതിൽ യു.ഡി.എഫ് 10 സീറ്റുകളും ഇടതുപക്ഷം 10 സീറ്റുകളും നേടി. മൂന്നു വാർഡുകളിൽ ബി.ജെ.പിയാണ് വിജയിച്ചത്. ബി.ജെ.പിയെ കൂട്ടുപിടിച്ച് ഭരിക്കാനുള്ള സാധ്യത ഇടത്, വലത് മുന്നണികൾ തള്ളുകയാണ്. ഇടതിനോ വലതിനോ പിന്തുണ കൊടുക്കാൻ ബി.ജെ.പിയും ഉദ്ദേശിക്കുന്നില്ല.
2020ലെ തെരഞ്ഞെടുപ്പിൽ 11 സീറ്റുകളാണ് പൂതാടിയിൽ യു.ഡി.എഫിന് കിട്ടിയത്. ഇടതുപക്ഷത്തിന് എട്ട് സീറ്റുകളും ബി.ജെ.പിക്ക് നാല് സീറ്റുകളുമുണ്ടായിരുന്നു. ഇത്തവണ യു.ഡി.എഫിനും ബി.ജെ.പിക്കും ഓരോ സീറ്റുകൾ വീതം കുറഞ്ഞു. ഇടതുപക്ഷം രണ്ട് സീറ്റുകൾ കൂടുതൽ നേടുകയും ചെയ്തു. 16ാമത് വാർഡായ അതിരാറ്റുന്നിൽ പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രകാശൻ തോറ്റത് കോൺഗ്രസ് പ്രതീക്ഷിക്കാത്തതാണ്. 17ാമത് കേണിച്ചിറ വാർഡിൽ യു.ഡി.എഫിന് വ്യക്തമായ മുൻതൂക്കം ഉണ്ടായിരുന്നെങ്കിലും ജയിച്ചത് സി.പി.എമ്മിന്റെ എ.വി. ജയനാണ്. കോൺഗ്രസിലെ എം.എൻ. ദിവാകരൻ ഇവിടെ തോറ്റത് കോൺഗ്രസിലെ കാലുവാരൽ രാഷ്ട്രീയം കൊണ്ടാണെന്നുള്ള സംസാരവും ചില കേന്ദ്രങ്ങളിൽനിന്നുണ്ട്. മണൽവയൽ വാർഡിൽനിന്നും മുൻ പൂതാടി പഞ്ചായത്ത് പ്രസിഡന്റ് ഐ.ബി. മൃണാളിനി തോറ്റത് കോൺഗ്രസിന് വലിയ തിരിച്ചടിയാണ്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എസ്. പ്രഭാകരന്റെ വാർഡായിരുന്നു ഇത്. സുരക്ഷിത വാർഡ് എന്ന നിലയിലായിരുന്നു ഇവിടെ കോൺഗ്രസ് മൃണാളിനിയെ ഇറക്കിയത്. ബി.ജെ.പിയിലെ സിജി പവിത്രൻ ഇവിടെ ജയിച്ചു. എന്നുമാത്രമല്ല, മൃണാളിനി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും ചെയ്തു.
പുതിയതായി രൂപപ്പെട്ട മരിയനാട് വാർഡ് ഉൾപ്പെടുന്ന പ്രദേശം മുമ്പ് യു.ഡി.എഫിന് അനുകൂലമായിരുന്നു. പുനർനിർണയത്തിൽ ബി.ജെ.പി കുടുംബങ്ങൾ ഏറെയെത്തി. അതോടെ ഇത്തവണ ബി.ജെ.പി സ്ഥാനാർഥി മരിയനാട് വിജയിക്കുകയും ചെയ്തു. 11ാമത് വാർഡായ മൂടക്കൊല്ലിയിലാണ് സി.പി.എമ്മിന് ഏറ്റവും വലിയ അടിപറ്റിയത്. മുൻ പൂതാടി പഞ്ചായത്ത് പ്രസിഡന്റും സി.പി.എമ്മിന്റെ നിലവിലെ ജില്ല കമ്മിറ്റി അംഗവുമായ രുഗ്മിണി സുബ്രഹ്മണ്യനാണ് ഇവിടെ ബി.ജെ.പി സ്ഥാനാർഥി ശ്രീനേഷിനോട് തോറ്റത്. ബി.ജെ.പിക്ക് സ്വാധീനമില്ലാത്ത മൂടക്കൊല്ലിയിൽ പെട്ടെന്നുള്ള മാറ്റം സി.പി.എമ്മിൽ ചർച്ചയായിട്ടുണ്ട്.
അതേസമയം, ബി.ജെ.പിയുടെ പൂതാടിയിലെ മുഖമായിരുന്ന പ്രകാശൻ നെല്ലിക്കര കേണിച്ചിറ വാർഡിൽനിന്നും തോറ്റത് ബി.ജെ.പിക്ക് അപ്രതീക്ഷിത അടിയായി. 15ാം നമ്പർ കോളേരി വാർഡിലും ബി.ജെ.പി നല്ല പ്രകടനമാണ് കാഴ്ചവെച്ചത്. പൂതാടിയിലെ കോൺഗ്രസിന്റെ മുൻ നേതാവും പിന്നീട് ബി.ജെ.പിയിലേക്ക് ചേക്കേറിയ പുളിക്കൽ സുധാകരനാണ് കോളേരിയിൽ ബി.ജെ.പിക്കുവേണ്ടി സ്ഥാനാർഥിയായത്. കുറഞ്ഞ വോട്ടുകൾക്കാണ് സുധാകരൻ തോറ്റത്. കോൺഗ്രസിന്റെ കുത്തക വാർഡായ താഴമുണ്ടയിലും ബി.ജെ.പി പ്രതീക്ഷിക്കാത്ത പ്രകടനം കാഴ്ചവച്ച് രണ്ടാം സ്ഥാനത്ത് എത്തി.
നാലഞ്ചു ദിവസത്തിനു ശേഷം പൂതാടിയിലെ ഭരണം സംബന്ധിച്ചുള്ള നറുക്കെടുപ്പ് നടക്കുമെന്നാണ് അറിയുന്നത്. ഇതിനിടയിൽ ഇടത്, വലതു മുന്നണികളിൽ പ്രസിഡന്റ് സ്ഥാനം സംബന്ധിച്ചുള്ള ചർച്ച സജീവമായിട്ടുണ്ട്. നറുക്കെടുപ്പിന് മുമ്പ് പ്രസിഡന്റിനെ തീരുമാനിച്ച് വെക്കുകയാണ് ഉദ്ദേശം. പ്രസിഡന്റ് സ്ഥാനം ജനറലായതിനാൽ സ്ത്രീകൾ വരാനുള്ള സാധ്യത കുറവാണെന്നാണ് അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.