തിരുവമ്പാടി: മലയോര ഗ്രാമപഞ്ചായത്തുകളിലെ ബി.ജെ.പിയുടെ ക്രൈസ്തവ സ്ഥാനാർഥി പരീക്ഷണം പാളി. തിരുവമ്പാടിയിൽ 12 സീറ്റുകളിൽ മത്സരിച്ച ബി.ജെ.പി മൂന്നുവാർഡുകളിൽ ക്രൈസ്തവ സ്ഥാനാർഥികളെ രംഗത്തിറക്കിയിരുന്നു. മുത്തപ്പൻ പുഴ വാർഡിൽ (ഒന്ന്) റിട്ട. അധ്യാപകനായ ബി.ജെ.പി സ്ഥാനാർഥി ആഗസ്തി നേടിയത് 55 വോട്ട് മാത്രമാണ്. പുന്നക്കൽ വാർഡിൽ ബി.ജെ.പി സ്ഥാനാർഥി ജൻസൻ അഗസ്റ്റിൻ 36 വോട്ടും മറിയപ്പുറം വാർഡിൽ (10) ബി.ജെ.പി സ്ഥാനാർഥി മാത്യു 30 വോട്ടും മാത്രമാണ് നേടിയത്. കോടഞ്ചേരി പഞ്ചായത്തിലെ നെല്ലി പൊയിൽ വാർഡിൽ മത്സരിച്ച ബി.ജെ.പി സ്ഥാനാർഥി മാത്യുവിന് അഞ്ച് വോട്ട് മാത്രമേ നേടാനായുള്ളൂ.
കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിൽ ബി.ജെ.പി മത്സരിച്ച 14 സീറ്റുകളിൽ നാല് വാർഡുകളിൽ ക്രൈസ്തവ സ്ഥാനാർഥികളായിരുന്നു. മഞ്ഞകടവ് വാർഡിൽ ( നാല്) മത്സരിച്ച ബി.ജെ.പി സ്ഥാനാർഥി ജിതിൻ മാത്യു 15 വോട്ടും , കൂമ്പാറ വാർഡിൽ (ഏഴ്) മത്സരിച്ച സജിനി ജോസഫ് 22 വോട്ടും മരഞ്ചാട്ടി വാർഡിൽ ( എട്ട് ) മത്സരിച്ച ടാർസീസ് 50 വോട്ടും പനക്കച്ചാൽ വാർഡിൽ മത്സരിച്ച ഷൈനി 25 വോട്ടുമാണ് നേടിയത്.
ഇടത് - വലത് മുന്നണികൾക്ക് വോട്ട് ചെയ്യരുതെന്ന് തീവ്രസ്വഭാവമുള്ള ക്രൈസ്തവ സംഘടനയായ ‘കാസ’ സംസ്ഥാന തലത്തിൽ ആഹ്വാനം ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് മലയോര മേഖലയിൽ ക്രൈസ്തവ സ്ഥാനാർഥികളെ മത്സരിപ്പിക്കാൻ ബി.ജെ.പി തീരുമാനിച്ചിരുന്നത്. ബി.ജെ.പി സ്ഥാനാർഥികളാകുന്നതിൽ ക്രൈസ്തവ വിശ്വാസികൾക്ക് സഭയുടെ മൗനാനുവാദം ലഭിച്ചിരുന്നതായാണ് സൂചന. മേഘാലയയിലെ കൊൺറാഡ് സാഗ്മ യുടെ എൻ.പി.പി പാർട്ടി യുടെ പേരിൽ കോടഞ്ചേരി പഞ്ചായത്തിലെ മഞ്ഞുവയൽ, കോടഞ്ചേരി സൗത്ത്, നിരന്നപ്പാറ വാർഡുകളിൽ മത്സരിച്ച സ്ഥാനാർഥികൾക്ക് 85 ൽ താഴെ വോട്ടാണ് നേടാനായത്. അതേസമയം, കൂടരഞ്ഞി, തിരുവമ്പാടി, കോടഞ്ചേരി പഞ്ചായത്തുകളിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ മത , ജാതി പരിഗണനകൾക്ക് അതീതമായി രാഷ്ട്രീയ വോട്ടിങ് നടന്നതായാണ് ഇടത് - വലത് മുന്നണികൾക്ക് ലഭിച്ച വോട്ട് നില സൂചിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.