തിരൂരങ്ങാടി: 2019ലെ പ്രളയ ദുരിതാശ്വാസമായി ലഭിച്ച അടിയന്തര സഹായധനം തിരിച്ചടക്കണമെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരെ മനുഷ്യാവകാശ കമീഷന്റെ ഇടപെടല്‍. ദുരിതാശ്വാസ തുക തിരിച്ചടക്കേണ്ട സാഹചര്യം ഒഴിവാക്കുന്നതിനായി സര്‍ക്കാറിലേക്ക് കത്ത് നല്‍കുമെന്ന് കമീഷന്‍ അറിയിച്ചു. തിരൂരങ്ങാടി നിയോജക മണ്ഡലം മുസ്‍ലിം യൂത്ത്‌ലീഗ് കമ്മിറ്റി മനുഷ്യാവകാശ കമീഷന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലെടുത്ത കേസിന്റെ സിറ്റിങ് തിരൂരില്‍ നടന്നു.
പ്രളയബാധിതര്‍ക്കായി പരാതിക്കാരനായ തിരൂരങ്ങാടി നിയോജക മണ്ഡലം മുസ്‍ലിം യൂത്ത് ലീഗ് പ്രസിഡന്റ് യു.എ. റസാഖ് കമീഷന് മുന്നില്‍ ഹാജരായി. യൂത്ത് ലീഗ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശ കമീഷന്‍ തിരൂരങ്ങാടി തഹസീല്‍ദാറില്‍നിന്ന് വിശദീകരണം തേടിയിരുന്നു. വിശദീകരണ കുറിപ്പില്‍ 2019ലെ പ്രളയ ദുരിതാശ്വാസത്തിന്റെ ഭാഗമായി വിതരണം ചെയ്ത അടിയന്തര സഹായത്തില്‍ സാങ്കേതിക പിഴവിനെ തുടര്‍ന്ന് ചിലര്‍ക്ക് തുക ഇരട്ടിയായി ലഭിച്ചുവെന്ന് വ്യക്തമാക്കുന്നു.
125 പേര്‍ക്കാണ് 10,000 രൂപ വീതം രണ്ട് തവണകളായി അവരുടെ അക്കൗണ്ടുകളിലേക്ക് നിക്ഷേപം നടന്നത്. 2019ല്‍ നടന്ന പിഴവില്‍ പ്രളയ ബാാധിതര്‍ക്ക് പണം തിരിച്ചടക്കാന്‍ നോട്ടീസ് ലഭിച്ചത് 2025ലായിരുന്നു. ഇതിനെ തുടര്‍ന്ന് ഇരട്ടിയായി ലഭിച്ച തുക തിരിച്ചുപിടിക്കാന്‍ ലാന്‍ഡ് റവന്യൂ കമീഷണര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 2025ല്‍ 125 പേര്‍ക്ക് നോട്ടീസ് നല്‍കിയതായും തഹസില്‍ദാര്‍ പി.ഒ. സാദിഖ് കമീഷനെ അറിയിച്ചു.
എന്നാല്‍, തുക തിരിച്ചടക്കാന്‍ ശേഷിയില്ലാത്ത കൊടിഞ്ഞി കാടംകുന്ന് സ്വദേശി ബഷീര്‍ കാടംകുന്ന് ഉള്‍പ്പെടെയുള്ളവര്‍ക്ക് മാനുഷിക പരിഗണന നല്‍കി സഹായം തിരിച്ചടപ്പിക്കുന്നതില്‍നിന്ന് ഒഴിവാക്കണമെന്ന് ജില്ല കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായും, ജില്ല കലക്ടര്‍ ആ റിപ്പോര്‍ട്ട് ദുരന്തനിവാരണ വകുപ്പ് പ്രിന്‍സിപ്പൽ സെക്രട്ടറിയുടെയും ലാന്‍ഡ് റവന്യൂ കമീഷണറുടെയും പരിഗണനക്ക് കൈമാറിയതായും വിശദീകരണ കുറിപ്പില്‍ പറയുന്നു. ബഷീറിന്റെ പരിതാപകരമായ സ്ഥിതി ചൂണ്ടിക്കാട്ടിയാണ് അന്ന് യൂത്ത്‌ലീഗ് പരാതി നല്‍കിയിരുന്നത്.
എന്നാല്‍ തിരിച്ചടക്കാന്‍ നോട്ടീസ് ലഭിച്ചവരില്‍ നിരവധി പേര് ഇന്ന് ജീവിച്ചിരിപ്പില്ലെന്നും മറ്റു ചിലര്‍ നിത്യരോഗികളും വയോവൃദ്ധരും പരസഹായത്താല്‍ ജീവിക്കുന്നവരും മത്സ്യതൊഴിലാളികളുമാണെന്നും അത്തരക്കാരെയും തിരിച്ചടവില്‍നിന്ന് ഒഴിവാക്കണമെന്നും യൂത്ത് ലീഗ് പ്രസിഡന്റ് മനുഷ്യാവകാശ കമീഷന് മുമ്പില്‍ അവതരിപ്പിച്ചു. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ അനുകൂല തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മനുഷ്യാവകാശ കമ്മീഷന്‍ അറിയിച്ചു. ദുരിതബാധിതര്‍ക്ക് ആശ്വാസം നല്‍കുന്നതിനായി സര്‍ക്കാറിലേക്ക് കമീഷനും പ്രത്യേക കത്ത് നല്‍കും.
ജില്ല കലക്ടറുടെ റിപ്പോര്‍ട്ടില്‍ ബഷീറിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം വന്നാലുടന്‍ മറ്റുള്ളവര്‍ക്കും ഈ ആവശ്യത്തില്‍ അപേക്ഷ സമര്‍പ്പിക്കാമെന്നും കമീഷന്‍ നിർദേശിച്ചു. പ്രളയത്താല്‍ ദുരിതമനുഭവിച്ചവര്‍ക്ക് ലഭിച്ച ചെറിയ സഹായം തിരിച്ചു വാങ്ങുന്നതിനെതിരെയായിരുന്നു യൂത്ത് ലീഗിന്റെ പോരാട്ടം. തഹസീല്‍ദാറുടെ ഓഫിസ് ഉപരോധമടക്കം നടത്തിയ സംഭവത്തില്‍ അനുകൂല നിലപാടുണ്ടായതില്‍ സന്തോഷമുണ്ടെന്നും ഇത് യൂത്ത്‌ലീഗിന്റെ പോരാട്ട വിജയമാണെന്നും യു.എ. റസാഖ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.