അബ്ദുൽ പുന്നയൂർക്കുളം-അക്ഷരങ്ങളുടെ സഞ്ചരിക്കുന്ന ലൈബ്രറി

പുന്നയൂർക്കുളം: പുന്നയൂർക്കുളത്തിന്റെ മണ്ണിൽ വേരുകൾ ആഴ്ന്നു കിടക്കുന്ന, നീർമാതളത്തിന്റെ തണലോർമകൾ ഗൃഹാതുരത്വത്തോടെ നെഞ്ചിലേറ്റുന്ന ഒരെഴുത്തുകാരനുണ്ട്-അബ്ദുൽ പുന്നയൂർക്കുളം. അതിരുകൾക്കപ്പുറത്തേക്ക് അക്ഷരങ്ങളുടെ വെളിച്ചം പകർന്നു നൽകുന്ന, സാഹിത്യത്തിലെ പ്രവാസിയായ ഈ ‘സഞ്ചരിക്കുന്ന ലൈബ്രറി’യുടെ ജീവിതം ഒരു വലിയ പുസ്തകം തന്നെയാണ്.

പതിമൂന്നാം വയസ്സിൽ കുന്നത്തൂരിലെ ബി.എസ്.എസ് വായനശാലയിലെ ഡിറ്റക്ടീവ് നോവലുകളിൽ തുടങ്ങിയതാണ് അക്ഷരങ്ങളോടുള്ള പ്രണയം. 1978ൽ ‘കേരളശബ്ദ’ത്തിൽ സഞ്ചാര സാഹിത്യക്കുറിപ്പ് എഴുതിയാണ് സാഹിത്യജീവിതത്തിന് തിരിതെളിച്ചത്. ജോലി തേടി ഗൾഫിലേക്കും അവിടെനിന്ന് അമേരിക്കയിലേക്കും നീണ്ട യാത്രകൾക്കൊപ്പം അദ്ദേഹത്തിന്റെ തൂലികയും ചലിച്ചുകൊണ്ടേയിരുന്നു.

അമേരിക്കയിൽ സ്ഥിരതാമസമാക്കിയെങ്കിലും സ്വന്തം നാടുമായുള്ള ബന്ധം അബ്ദുൽ ഒരിക്കലും മുറിച്ചില്ല. വർഷത്തിൽ പകുതിയും പുന്നയൂർക്കുളത്ത് ചെലവഴിക്കുന്ന അദ്ദേഹം അമേരിക്കയിലെ ലാന, മിലൻ, ഫൊക്കാന തുടങ്ങിയ സംഘടനകളുടെ സാഹിത്യ സമ്മേളനങ്ങളിൽ സ്ഥിരം സാന്നിധ്യമാണ്.

എഴുത്തുകാരുടെ പുസ്തകപ്പെട്ടികളുമായി സമ്മേളനവേദികളിൽ പുസ്തകങ്ങൾ നിരത്തിവെച്ച് കാവലിരിക്കുന്ന അബ്ദുലിനെ പ്രിയ സുഹൃത്തുക്കൾ ‘സഞ്ചരിക്കുന്ന ലൈബ്രറി’ എന്ന് വിളിക്കുന്നു. ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ പിതാവായ പി.എൻ. പണിക്കരുടെ പിൻഗാമിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന അബ്ദുൽ, എഴുത്തുകാർക്ക് വേണ്ട ബൗദ്ധിക സാഹചര്യം ഒരുക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നു. പുന്നയൂർക്കുളം സാഹിത്യ സമിതി സ്ഥാപകനും ആദ്യകാല പ്രസിഡന്റുമാണ്. പുതിയ എഴുത്തുകാർക്ക് എന്നും ഒരു വലിയ കൈത്താങ്ങാണ്.

പത്തായപ്പറമ്പിൽ മൊയ്‌തുണ്ണി-ഐശുമ്മ ദമ്പതികളുടെ മകനായ അബ്ദുൽ, വിദ്യാഭ്യാസത്തിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. മേരിഗ്രോവ് കാത്തലിക് കോളജിൽനിന്ന് ബി.എസ്.ഡബ്ല്യൂവും വെയിൻ സ്റ്റേറ്റ് യൂനിവേഴ്‌സിറ്റിയിൽനിന്ന് സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദവും നേടി.

ഇരുപതിലധികം രാജ്യങ്ങളിൽ സഞ്ചരിച്ച അനുഭവസമ്പത്ത് രചനകളെ സമ്പന്നമാക്കി. മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി കൃതികൾ അദ്ദേഹത്തിന്റേതായുണ്ട്. മീൻകാരൻ ബാപ്പ, സ്നേഹസൂചി (കവിത സമാഹാരം), എളാപ്പ (ചെറുകഥ സമാഹാരം), ബക്കറ്റ് ഓഫ് ഇമോഷൻസ് (കവിത സമാഹാരം), കാച്ചിങ് ദ ഡ്രീം (കഥ സമാഹാരം). ‘പറക്കും പക്ഷിയെ പ്രണയിക്കുന്നവർ’ ആണ് ഏറ്റവും പുതിയ പുസ്തകം.

രക്ഷിതാക്കളിൽ വായനാശീലം വളർത്താൻ സ്‌കൂളുകളിൽ ‘അമ്മവായന’ പദ്ധതിക്കും അബ്ദുൽ തുടക്കം കുറിച്ചു. പതിറ്റാണ്ടുകളായി ഇംഗ്ലീഷിലും മലയാളത്തിലുമുള്ള സാഹിത്യ സംഭാവനകളെ മാനിച്ച് കഴിഞ്ഞ വർഷം ലാനയുടെ ആദരം അദ്ദേഹത്തെ തേടിയെത്തി.

2015ൽ ഔദ്യോഗിക ജീവിതത്തിൽനിന്ന് വിരമിച്ചെങ്കിലും ഇന്നും അക്ഷരങ്ങളുടെ ലോകത്ത് സജീവമായി എഴുത്തുകാരുടെ ഹൃദയസൂക്ഷിപ്പുകാരനായി അബ്ദുൽ പുന്നയൂർക്കുളം മുന്നേറുന്നു.

Tags:    
News Summary - reading day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.