ത​ങ്ക​മ​ണി​യ​മ്മ

വായനയുടെ തങ്കത്തിളക്കം

ചെങ്ങമനാട്: എഴുത്തും വായനയും ഇല്ലാത്ത അവസ്ഥ തങ്കമണി ടീച്ചർക്ക് ചിന്തിക്കാൻ പോലും ആകില്ല. സർവീസ് കാലത്തെ അതേ ഊർജസ്വലതയോടെയാണ് വിശ്രമ ജീവിതത്തിലും അവർ വായന തുടരുന്നത്. ആലപ്പുഴ ചേർത്തല ചേന്നം പള്ളിപ്പുറം പരേതരായ പി.പി. കുമാരപിള്ളൈ- സുമതിയമ്മ ദമ്പതികളുടെ ഏഴ് മക്കളിൽ രണ്ടാമത്തെ മകളാണ് 67കാരിയായ റിട്ട. അധ്യാപിക എം.കെ. തങ്കമണിയമ്മ.

എം.എ, ബി.എഡ് ബിരുദ ധാരിണിയായ ഇവർ ചേന്നം പള്ളിപ്പുറം പട്ടാര്യ സമാജം ഹൈസ്കൂളിൽ മലയാളം അധ്യാപികയായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് ഒരു വർഷത്തോളം ചേർത്തല എസ്.എൻ കോളജിലും ജോലി ചെയ്തു. അപ്പോഴാണ് പി.എസ്.സി വഴി എൽ.പി സ്കൂൾ അധ്യാപികയായി വയനാട് ജില്ലയിൽ ജോലി ലഭിച്ചത്. നീണ്ട 17 വർഷത്തോളം അവിടെ സേവനമനുഷ്ഠിച്ചു. വായനക്ക് മുഖ്യ പരിഗണന നൽകിയാണ് അവർ കുട്ടികളെ പഠനത്തിൽ മികവുള്ളവരാക്കിയത്. എറണാകുളം ജില്ലയിലേക്ക് സ്ഥലം മാറി വന്ന ശേഷം പാലിശ്ശേരി, കുന്നുകര, ചെങ്ങമനാട് സ്കൂളുകളിലാണ് ജോലി ചെയ്തത്. 2013ൽ ചെങ്ങമനാട് ഗവ: എൽ.പി സ്കൂളിൽ നിന്ന് വിരമിച്ചു. ഇപ്പോഴും സാംസ്കാരിക മേഖലയിലെ സജീവ സാന്നിധ്യം.

എത്ര തിരക്കുണ്ടെങ്കിലും വായനക്ക് ദിവസവും പ്രത്യേക സമയം കണ്ടെത്തും. സാഹിത്യങ്ങളും ആനുകാലികങ്ങളും മുടങ്ങാതെ വായിക്കും. 102 വർഷം പഴക്കമുള്ള ചെങ്ങമനാട് വാണീകളേബരം വായനശാലയുടെ വൈസ് പ്രസിഡന്റാണ്. കഥയും കവിതയും വായനയും പുസ്തകങ്ങൾ പരിചയപ്പെടുത്തലുമെല്ലാം ടീച്ചർ നിത്യജീവിതത്തിന്‍റെ ഭാഗമായി കാണുന്നു. വായന പ്രോത്സാഹിപ്പിക്കുന്നതും കുട്ടികളെ ആകർഷിക്കുന്നതുമായ ക്ലാസ് റൂം കവിതകൾ, കുസൃതികൾ, ഉത്കൃഷ്ഠ ചിന്തകൾ തുടങ്ങിയ കൃതികളും രചിച്ചിട്ടുണ്ട്. പല ആനുകാലികങ്ങളിലും പതിവായി എഴുതാറുണ്ട്. ചെങ്ങമനാട് പീച്ചനാട്ട് പി.കെ. അയ്യപ്പൻ പിള്ളയാണ് ഭർത്താവ്. ഏകമകൾ അരുണ എ. പിള്ളൈ വല്ലാർപ്പാടം കണ്ടെയ്നർ ടെർമിനലിൽ എൻജിനീയറാണ്. 

Tags:    
News Summary - reading day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.