ഓണാഘോഷത്തോടനുബന്ധിച്ച് ശനിയാഴ്ച നടക്കുന്ന പുലിക്കളിക്ക് അയ്യന്തോൾ ദേശത്തിന്റെ പുലികൾക്കുള്ള ചായം അരക്കുന്ന കലാകാരൻ -ടി.എച്ച്. ജദീർ
തൃശൂര്‍: നാലോണ നാളിൽ തൃശൂരിൽ അരങ്ങേറുന്ന പുലിക്കളി ശനിയാഴ്ച നടക്കും. പുലിക്കൊട്ടിനൊപ്പം അരമണി കിലുക്കി കുടവയർ കുലുക്കി ചുവടുവെച്ച് പുലികൾ നഗരം കീഴടക്കും. ഇത്തവണ ഒമ്പത് ടീമുകളാണ് മത്സരത്തിനുള്ളത്.
ശങ്കരന്‍കുളങ്ങര, ചക്കാമുക്ക്, സീതാറാം മില്‍, കുട്ടന്‍കുളങ്ങര, കാനാട്ടുകര, വിയ്യൂര്‍, ഒളരിക്കര, അയ്യന്തോള്‍, പാട്ടുരായ്ക്കല്‍ എന്നിങ്ങനെയാണ് ടീമുകള്‍. ആറ് ദേശങ്ങൾ എം.ജി റോഡ് വഴി വൈകീട്ട് നാലോടെ സ്വരാജ് റൗണ്ടിൽ പ്രവേശിക്കും. ഒരു ദേശം ഷൊര്‍ണൂര്‍ റോഡ് വഴിയും രണ്ട് ദേശങ്ങള്‍ വടക്കേ സ്റ്റാൻഡ് വഴിയും റൗണ്ടില്‍ പ്രവേശിക്കും.
വൈകീട്ട് നാലിന് മന്ത്രി ഒ.ജെ. ജനീഷ് ബിനി ടൂറിസ്റ്റ് ഹോം പരിസരത്ത് ഫ്ലാഗ് ഓഫ് ചെയ്യുന്നതോടെ പുലിക്കളിക്ക് തുടക്കമാകും. തുടര്‍ന്ന് പുലി സംഘങ്ങൾ റൗണ്ട് ചുറ്റി നടുവിലാലില്‍ ഗണപതിക്ക് തേങ്ങ ഉടക്കും. മത്സരങ്ങള്‍ വിലയിരുത്തുന്നതിനുള്ള പവലിയനുകള്‍ റൗണ്ടില്‍ ബിനി ടൂറിസ്റ്റ് ഹോം പരിസരത്ത് തന്നെയാണ് സജ്ജീകരിച്ചിട്ടുള്ളത്.
ഈ വര്‍ഷം കോര്‍പറേഷന്റെ നിർദേശമനുസരിച്ചുള്ള മത്സരങ്ങളാണ് നടക്കുക. 51 പുലികളാണ് ഓരോ ടീമിലും ഉണ്ടാവുക. ഒമ്പത് ഇനങ്ങളില്‍ മത്സരവും സമ്മാനങ്ങളും ഉള്ളതിനാല്‍ പല ടീമുകളും തങ്ങളുടെ മടയിലെ ഒരുക്കങ്ങള്‍ക്ക് രഹസ്യസ്വഭാവം നല്‍കുന്നുണ്ട്.
രാവിലെ മുതല്‍ പുലിച്ചമയ പ്രദര്‍ശനം കാണാന്‍ സൗകര്യമുണ്ടായിരിക്കും. നിശ്ചലദൃശ്യത്തിലെ ആദ്യ േഫ്ലാട്ട് ഒരുക്കുന്നത് കോര്‍പറേഷനും പൊലീസും സംയുക്തമായാണ്. ലഹരിക്കെതിരായ ബോധവത്കരണ സന്ദേശം നല്‍കുന്നതായിരിക്കും ഈ േഫ്ലാട്ട്. പുലിക്കളിയോടനുബന്ധിച്ച് ഉച്ചക്ക് രണ്ട് മുതൽ തൃശൂർ നഗരത്തിലും പരിസരപ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.
പുലികളി മഹോത്സവത്തോടനുബന്ധിച്ച് തൃശൂർ താലൂക്കിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ശനിയാഴ്ച ഉച്ച മുതലാണ് ജില്ല ഭരണകൂടം അവധി പ്രഖ്യാപിച്ചത്. തൃശൂർ താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫിസുകൾക്കും അവധി ബാധകമായിരിക്കും. സഹകരണ സംഘങ്ങൾ ഉൾപ്പെടെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് 1881 പ്രകാരം പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങൾക്കും ഉച്ചയ്ക്ക് ശേഷം ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.