പുലിക്കളിക്കൊരുങ്ങി തൃശിവപേരൂർ; ശനിയാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ചു

തൃശൂർ: പ്രസിദ്ധമായ പുലിക്കളിമഹോത്സവത്തോടനുബന്ധിച്ച് തൃശൂർ താലൂക്കിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ശനിയാഴ്ച ഉച്ച മുതലാണ് ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചിട്ടുള്ളത്. തൃശൂർ താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി ബാധകമായിരിക്കും. സഹകരണ സംഘങ്ങൾ ഉൾപ്പെടെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് 1881 പ്രകാരം പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങൾക്കും ഉച്ചയ്ക്ക് ശേഷം ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ സാംസ്കാരിക കൂട്ടായ്മകളുടെ പങ്കാളിത്തത്തോടെ നടക്കുന്ന പുലികളി കാണാന്‍ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിനന്നുമാണ് ജനപ്രവാഹമെത്തുക.

നാലോണ നാളിൽ തൃശൂരിൽ അരങ്ങേറുന്ന പുലിക്കളിയിൽ പുലിക്കൊട്ടിനൊപ്പം അരമണി കിലുക്കി കുടവയർ കുലുക്കി ചുവടുവെച്ച് പുലികൾ നഗരം കീഴടക്കും. ഇത്തവണ ഒമ്പത് ടീമുകളാണ് മത്സരത്തിനുള്ളത്. ശങ്കരന്‍കുളങ്ങര, ചക്കാമുക്ക്, സീതാറാം മില്‍, കുട്ടന്‍കുളങ്ങര, കാനാട്ടുകര, വിയ്യൂര്‍, ഒളരിക്കര, അയ്യന്തോള്‍, പാട്ടുരായ്ക്കല്‍ എന്നിങ്ങനെയാണ് ടീമുകള്‍. ആറ് ദേശങ്ങൾ എം.ജി റോഡ് വഴി വൈകീട്ട് നാലോടെ സ്വരാജ് റൗണ്ടിൽ പ്രവേശിക്കും. ഒരു ദേശം ഷൊര്‍ണൂര്‍ റോഡ് വഴിയും രണ്ട് ദേശങ്ങള്‍ വടക്കേ സ്റ്റാൻഡ് വഴിയും റൗണ്ടില്‍ പ്രവേശിക്കും.

വൈകീട്ട് നാലിന് മന്ത്രി ഒ.ജെ. ജനീഷ് ബിനി ടൂറിസ്റ്റ് ഹോം പരിസരത്ത് ഫ്ലാഗ് ഓഫ് ചെയ്യുന്നതോടെ പുലിക്കളിക്ക് തുടക്കമാകും. തുടര്‍ന്ന് പുലി സംഘങ്ങൾ റൗണ്ട് ചുറ്റി നടുവിലാലില്‍ ഗണപതിക്ക് തേങ്ങ ഉടക്കും. മത്സരങ്ങള്‍ വിലയിരുത്തുന്നതിനുള്ള പവലിയനുകള്‍ റൗണ്ടില്‍ ബിനി ടൂറിസ്റ്റ് ഹോം പരിസരത്ത് തന്നെയാണ് സജ്ജീകരിച്ചിട്ടുള്ളത്. ഈ വര്‍ഷം കോര്‍പറേഷന്റെ നിർദേശമനുസരിച്ചുള്ള മത്സരങ്ങളാണ് നടക്കുന്നത്.

  

കേരളത്തിന്‍റെ ഓണാഘോഷങ്ങൾക്ക് നിറവും ആവേശവും പകരുന്ന ഏറ്റവും ശ്രദ്ധേയമായ കലാരൂപങ്ങളിലൊന്നാണ് പുലിക്കളി. ഓണക്കാലത്ത് അരങ്ങേറുന്ന ഈ ജനകീയ ആഘോഷത്തിൽ പുലിയുടെയും രൂപഭാവങ്ങൾ ശരീരത്തിൽ ചായം പൂശി അവതരിപ്പിക്കുന്നു.

മഞ്ഞ, കറുപ്പ്, ചുവപ്പ് തുടങ്ങിയ തിളക്കമുള്ള നിറങ്ങൾ ഉപയോഗിച്ച് ശരീരത്തിൽ പുലിയുടെ വരകളും പുള്ളികളും വരയ്ക്കുന്നതാണ് പുലിക്കളിയുടെ പ്രധാന പ്രത്യേകത. മുഖത്തും ശരീരത്തിലും ചായം പൂശി പുലിയുടെ രൂപഭാവം കൈവരിച്ച കലാകാരന്മാർ ചെണ്ട, തകിൽ തുടങ്ങിയ വാദ്യങ്ങളുടെ താളത്തിനൊത്ത് നൃത്തം ചെയ്യുന്നു. അവരുടെ ചലനങ്ങളും ഭാവങ്ങളും കാണികളെ ഏറെ ആകർഷിക്കുന്നു.

ഓണക്കാലത്ത് തൃശൂർ നഗരവീഥികളിലൂടെ വിവിധ പുലിക്കളി സംഘങ്ങൾ ഘോഷയാത്രയായി നീങ്ങുന്നത് മനോഹരമായ കാഴ്ചയാണ്. കുട്ടികളും മുതിർന്നവരും ഉൾപ്പെടെ ആയിരക്കണക്കിന് ആളുകൾ ഇത് കാണാനെത്തുന്നു. ഓരോ സംഘവും തങ്ങളുടെ വേഷത്തിലും ചായത്തിലും നൃത്താവിഷ്‌കാരത്തിലും വ്യത്യസ്തത പുലർത്താൻ ശ്രമിക്കുന്നു.

തൃശൂരിന്റെ തനത് ജനകീയ സംസ്കാരത്തിന്റെയും ഓണാഘോഷങ്ങളുടെ കൂട്ടായ്മയുടെയും പ്രതീകം കൂടിയാണ് ഈ കലാരൂപം. കലാകാരന്മാരുടെ അധ്വാനവും വാദ്യങ്ങളുടെ താളവും വർണാഭമായ വേഷങ്ങളും ജനങ്ങളുടെ ആവേശവും ചേർന്നാണ് പുലിക്കളി തൃശൂരിന്റെ ഓണത്തിന് അതുല്യമായ ഭംഗി നൽകുന്നത്.

Tags:    
News Summary - Local holiday declared in Thrissur taluk on Saturday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.