കുന്നംകുളത്ത് നടന്ന ഓണത്തല്ല്
കുന്നംകുളം: ഹയ്യത്തടയെന്ന ആർപ്പുവിളിയോടെ മല്ലൻമാർ വെല്ലുവിളികളുമായി ഓടിയടുത്ത് തല്ലിന് തുടക്കമിട്ടു. രണ്ട് വർഷത്തെ ഇടവേളക്ക് ശേഷമാണ് ഇക്കുറി ഓണത്തല്ല് തിരിച്ചെത്തിയത്.
തല്ല് കാണാൻ കുന്നംകുളം പഴയ ബസ് സ്റ്റാൻഡിൽ വൻ ജനാവലി തടിച്ചുകൂടി. ഓണാഘോഷത്തിന്റെ ഭാഗമായി ഇത്തവണയും പോപ്പുലർ ആർട്സ് ആൻഡ് സ്പോർട്സ് സെന്ററാണ് ഓണത്തല്ല് സംഘടിപ്പിച്ചത്.
ഏറെ പഴക്കമേറിയ ഓണക്കാല വിനോദങ്ങളിൽ ഒന്നായ തല്ലിന് സാമൂതിരിയുടെ കാലത്തോളം പഴക്കമുണ്ടെന്ന് പറയപ്പെടുന്നു. സാംസ്കാരിക വകുപ്പിന്റെ ധനസഹായം മുടങ്ങിയതാണ് തല്ല് നിലക്കാൻ കാരണമെന്നും പറയുന്നു. ഇത്തവണ ഫണ്ട് അനുവദിക്കാൻ സർക്കാർ തലത്തിൽ അനുകൂല നിലപാട് വ്യക്തമാക്കിയത് ഓണത്തല്ല് മടക്കി കൊണ്ടുവരാൻ പ്രചോദനമായി.
വടക്കേചേരി, തെക്കേചേരി എന്നിങ്ങനെ രണ്ടുവശത്തായി തിരിഞ്ഞാണ് 11 ജോടികൾ തല്ല് നടത്തിയത്. ചെറുതുരുത്തി വെട്ടിക്കാട്ടിരി സ്വദേശികളാണ് ഈ തല്ലുകാർ. വടക്കേചേരിയെ താഴപ്ര കൊരങ്ങാട്ട് വാപ്പിനുവും തെക്കേചേരിയെ കാരഞ്ചേരി ഹംസയും നയിച്ചു.
തല്ല് കൈവിട്ടു പോകാതിരിക്കാൻ ചായിക്കാരും രംഗം നിയന്ത്രിച്ചു. കളത്തിൽ കുഞ്ഞാപ്പു, പള്ളത്ത് സുലൈമാൻ എന്നിവരാണ് ചായിക്കാരൻമാരായിരുന്നത്. ഞമനേങ്ങാട് ബോധിധർമ അക്കാദമി നടത്തിയ കരാട്ടെ പ്രദർശനത്തിൽ ജപ്പാനിലെ കരാട്ടെ പരിശീലകൻ യൂസുസാറ്റൊയും പങ്കെടുത്തു. സമ്മേളനം കായിക മന്ത്രി ഒ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു.
പോപ്പുലർ ആർട്സ് ആൻഡ് സ്പോർട്സ് സെന്റർ പ്രസിഡന്റ് സി.യു. ബിനോയ് അധ്യക്ഷത വഹിച്ചു. എ.സി. മൊയ്തീൻ എം.എൽ.എ, കുന്നംകുളം നഗരസഭ അധ്യക്ഷ സൗമ്യ അനിലൻ, ഉപാധ്യക്ഷൻ പി.ജി. ജയപ്രകാശ്, അണ്ടത്തോട് കോ- ഓപറേറ്റിവ് സൊസൈറ്റി പ്രസിഡന്റ് പി.ടി. അജയ് മോഹൻ, മാത്യു ചെമ്മണ്ണൂർ, എം.കെ. ശിവദാസൻ, വേണു ഏറത്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.