സോണിയ ഗാന്ധിയുടെ ആത്മകഥ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് പിന്മാറിയെന്ന വാർത്ത തള്ളി പെൻഗ്വിൻ; പുസ്തകം പ്രസിദ്ധീകരിക്കാൻ താൽപ്പര്യപ്പെട്ടിരുന്നുവെന്ന് വിശദീകരണം

ന്യൂഡൽഹി: സോണിയ ഗാന്ധിയുടെ ആത്മകഥയായ 'ബിലോങ്ങിങ്: എ ജേർണി ഓഫ് ലൗ' ഇന്ത്യയിൽ പ്രസിദ്ധീകരിക്കുന്നില്ലെന്ന വാർത്തകൾ തള്ളി പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ. പുസ്തകത്തിലെ 'എഡിറ്റോറിയൽ മാറ്റങ്ങളെ' ചൊല്ലിയുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് പുസ്തകം പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് പ്രസാധകർ പിന്മാറി എന്ന തരത്തിലുള്ള റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് പെൻഗ്വിൻ ഈ വിശദീകരണം നൽകിയത്.

ഇന്ത്യയിൽ 'ബിലോഗിങ്' എന്ന പുസ്തകത്തിന്റെ പ്രസാധകർ പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യയല്ലെന്ന് കമ്പനി വ്യക്തമാക്കി. എഡിറ്റോറിയൽ മാറ്റങ്ങൾ രചയിതാവ് അംഗീകരിക്കാത്തതുകൊണ്ടാണ് പുസ്തകം പ്രസിദ്ധീകരിക്കേണ്ട എന്ന് തീരുമാനിച്ച പ്രചാരണം യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുന്നതല്ലെന്നും കമ്പനി പ്രസ്താവനയിലൂടെ അറിയിച്ചു.

എന്നാൽ, പുസ്തകം പ്രസിദ്ധീകരിക്കാൻ തങ്ങൾ അതീവ താൽപ്പര്യമുള്ളവരായിരുന്നു എന്ന് പ്രസാധകർ സ്ഥിരീകരിച്ചു. വസ്തുതാ പരിശോധന നടത്തുകയും, പുസ്തകത്തിന്റെ മികച്ച വിജയത്തിനായി രചയിതാക്കൾക്ക് അനുയോജ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്യുക എന്നത് പ്രസാധന പ്രക്രിയയുടെ സ്വാഭാവികവും ഉത്തരവാദിത്തപരവുമായ ഭാഗമാണെന്നും അവർ ചൂണ്ടിക്കാണിച്ചു. സോണിയ ഗാന്ധിയുമായി ചർച്ച നടന്നിരുന്നുവെന്നും കമ്പനി സ്ഥിരീകരിച്ചു. എന്നാൽ ചർച്ചകളിലുടനീളം പുസ്തകം പ്രസിദ്ധീകരിക്കാൻ തങ്ങൾ സന്നദ്ധരായിരുന്നെങ്കിലും, രചയിതാവുമായുള്ള രഹസ്യ ചർച്ചകളുടെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്ന് കമ്പനി വക്താക്കൾ വ്യക്തമാക്കി.


കൈയെഴുത്തുപ്രതിയിലെ ചില ഭാഗത്ത് പ്രസാധകർ ആവശ്യപ്പെട്ട 'എഡിറ്റോറിയൽ മാറ്റങ്ങളും വെട്ടിമാറ്റലുകളും' സോണിയ ഗാന്ധി അംഗീകരിക്കാൻ തയാറാകാത്തതിനെ തുടർന്നാണ് പി.ആർ.എച്ച്.ഐ പുസ്തകം പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് പിന്മാറിയതെന്ന് 'ദി ഇന്ത്യൻ എക്സ്പ്രസ്' റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് വിശദീകരണം പുറത്തുവന്നത്.

പെൻഗ്വിൻ പിന്മാറിയതോടെ, ഇന്ത്യയിൽ പുസ്തകത്തിന്റെ പ്രസിദ്ധീകരണാവകാശവും വിതരണവും നേടാനായി മറ്റ് പല പ്രസാധകരും രംഗത്തുണ്ട്. ഹാർപ്പർകോളിൻസ് ഇത് സംബന്ധിച്ച അന്തിമ കരാറിലേക്ക് അടുക്കുന്നതായും റിപ്പോർട്ടുകളുണ്ട്. പെൻഗ്വിൻ റാൻഡം ഹൗസിന്റെ തന്നെ പ്രമുഖ അമേരിക്കൻ പ്രസാധക വിഭാഗമായ ആൽഫ്രഡ് എ ക്നോഫ് നവംബർ 10-ന് സോണിയ ഗാന്ധിയുടെ ആത്മകഥ പുറത്തിറക്കുമെന്ന് ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. ക്നോഫ് ഇതിനോടകം തന്നെ ലക്ഷം കോപ്പികൾ ആദ്യഘട്ടത്തിൽ അച്ചടിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

യുദ്ധാനന്തര ഇറ്റലിയിലെ ബാല്യകാലം മുതൽ ഇന്ത്യയിലേക്കുള്ള വരവും മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുമായുള്ള വിവാഹവും വരെയുള്ള സോണിയ ഗാന്ധിയുടെ ജീവിതയാത്രയാണ് 'ബിലോഗിങ്: എ ജേർണി ഓഫ് ലവ്' എന്ന പുസ്തകത്തിൽ വിവരിക്കുന്നത്. സഞ്ജയ് ഗാന്ധി, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ വിയോഗം ഉൾപ്പെടെയുള്ള അവരുടെ ജീവിതത്തിലെ സങ്കടകരമായ സംഭവങ്ങളും ഈ പുസ്തകത്തിൽ പരാമർശിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ, പൊതുപ്രവർത്തനത്തിലേക്കുള്ള കടന്നുവരവും ഇന്ത്യയിലെ ഏറ്റവും പ്രമുഖ രാഷ്ട്രീയ കുടുംബത്തിന്റെ കേന്ദ്രസ്ഥാനത്തുണ്ടായിരുന്ന വർഷങ്ങളും ഇതിൽ ഉൾപ്പെടുമെന്നാണ് കരുതുന്നത്.

"എന്റെ കുടുംബത്തെക്കുറിച്ച് ധാരാളം എഴുതപ്പെട്ടിട്ടുണ്ട്, എന്നാൽ അവരുടെ ലക്ഷ്യങ്ങളുടെയും പ്രവൃത്തികളുടെയും മനുഷ്യ സഹജമായ വീഴ്ചകളുടെയും യഥാർത്ഥ സത്യത്തിലേക്ക് എത്തിയ വിവരണങ്ങൾ വളരെ കുറവാണ്... ആറ് പതിറ്റാണ്ടുകളായി ഞാൻ കണ്ട സാമൂഹികവും രാഷ്ട്രീയവുമായ മാറ്റങ്ങളുടെ സവിശേഷമായ കാഴ്ചപ്പാട് കൂടിയാണ് എന്റെ കഥ വായനക്കാർക്ക് നൽകുന്നത്" എന്ന് പുസ്തകത്തിന്റെ പ്രഖ്യാപന വേളയിൽ സോണിയ ഗാന്ധി വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - Editorial dispute report on Sonia Gandhi's memoir inaccurate, says Penguin India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.