എം. മുകുന്ദൻ
‘സത്യസന്ധമായി എഴുതിയാൽ ഒരുപാട് പേരെ വേദനിപ്പിക്കും’; കമ്മ്യൂണിസ്റ്റ് ചരിത്ര നോവൽ മാറ്റിവെച്ചെന്ന് 84ാം പിറന്നാൾ ദിനത്തിൽ എം. മുകുന്ദൻ
മയ്യഴിയുടെ ജീവിതവും ചരിത്രവും മനുഷ്യബന്ധങ്ങളും മലയാളിയുടെ വായനാനുഭവത്തിന്റെ ഭാഗമാക്കി മാറ്റിയ പ്രിയപ്പെട്ട എഴുത്തുകാരൻ എം. മുകുന്ദന് വ്യാഴാഴ്ച 84ാം പിറന്നാൾ. ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’ തുടങ്ങി ‘എയ്ഞ്ചൽ മേരിയിലേക്ക് നൂറുദിവസത്തിൽ’ എത്തിനിൽക്കുന്ന ദീർഘമായ എഴുത്തുജീവിതത്തിനിടയിൽ നിരവധി ശ്രദ്ധേയമായ കൃതികളാണ് മുകുന്ദൻ മലയാളത്തിന് സമ്മാനിച്ചത്. രചനയിലും പരിപ്രേക്ഷ്യത്തിലും കാലത്തിനൊപ്പവും പലപ്പോഴും കാലത്തിന് മുന്നേയും സഞ്ചരിച്ച എഴുത്തുകാരനെന്ന വിശേഷണത്തിന് അദ്ദേഹത്തിന്റെ കൃതികൾ അർഹമാണ്.
84ാം പിറന്നാൾ വേളയിൽ തന്റെ മനസ്സിൽ ഇപ്പോഴും കഥകളും നോവലുകളും നിറഞ്ഞുനിൽക്കുന്നുവെന്ന് എം. മുകുന്ദൻ പറയുന്നു. ഇതിനിടെ എഴുതിത്തുടങ്ങി പിന്നീട് മാറ്റിവെച്ച ഒരു നോവലിനെക്കുറിച്ച വെളിപ്പെടുത്തലും അദ്ദേഹം നടത്തി. ‘മാതൃഭൂമി’ പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറയുന്നത്.
വടക്കേ മലബാറിൽ കമ്യൂണിസ്റ്റ് പാർട്ടി വളർന്ന കാലത്തിന്റെ ചരിത്രമാണ് ആ നോവലിന്റെ പ്രമേയം. 110 പേജോളം എഴുതി പൂർത്തിയാക്കിയ ശേഷമാണ് മുകുന്ദൻ രചന നിർത്തിവെച്ചത്. കമ്യൂണിസത്തിനായി ത്യാഗം സഹിച്ചവരും ആത്മാഹുതി ചെയ്തവരും രക്തസാക്ഷികളായവരും ഓരോ വീട്ടിലും ഉണ്ടായിരുന്ന ഒരു കാലത്തെക്കുറിച്ചായിരുന്നു നോവലെന്നും അദ്ദേഹം പറയുന്നു.
‘ഓരോ വീടിനും ഒരു കഥ പറയാനുണ്ടായിരുന്നു. വിമോചനം സ്വപ്നം കണ്ടവർ, അതിനായി ഇറങ്ങിത്തിരിച്ചവർ, പോരടിച്ചവർ. ജയിലിൽ പോയവർ, പ്രാണാഹുതി നടത്തിയവർ, രക്തസാക്ഷിയായവർ,’ -മുകുന്ദൻ പറയുന്നു.
വടക്കേ മലബാറിന്റെ രാഷ്ട്രീയചരിത്രത്തെ തന്റെ എഴുത്തിലൂടെ പുനഃസൃഷ്ടിക്കണമെന്ന വലിയ ആഗ്രഹമുണ്ടായിരുന്നെങ്കിലും സത്യസന്ധമായി ആ കഥ പറയുന്നതിലെ ബുദ്ധിമുട്ടാണ് നോവൽ മാറ്റിവെക്കാൻ കാരണമായതെന്ന് അദ്ദേഹം വ്യക്തമാക്കി. ‘സത്യസന്ധമായി എഴുതാൻ പറ്റില്ല. സത്യസന്ധമായി എഴുതിയാൽ ഒരുപാടുപേരെ വേദനിപ്പിക്കേണ്ടിവരും. അതിനാൽ അവിടെ നിർത്തിവെച്ചിരിക്കുകയാണ്,’ എന്നാണ് മുകുന്ദന്റെ വാക്കുകൾ.
ഒരു കാലഘട്ടത്തിന്റെ രാഷ്ട്രീയവും മനുഷ്യരുടെ ത്യാഗങ്ങളും പ്രതീക്ഷകളും പോരാട്ടങ്ങളും രേഖപ്പെടുത്താനുള്ള ശ്രമമായിരുന്നു ആ നോവൽ. എന്നാൽ ചരിത്രത്തെ സത്യസന്ധമായി സമീപിക്കുമ്പോൾ ജീവിച്ചിരിക്കുന്നവരെയും അവരുടെ കുടുംബങ്ങളെയും വേദനിപ്പിക്കേണ്ടിവരുമെന്ന തിരിച്ചറിവാണ് 110 പേജുകൾക്കു ശേഷം എഴുത്തുകാരനെ പിന്നോട്ടടിപ്പിച്ചതെന്നാണ് പറയുന്നത്.
മുകുന്ദന്റെ മാസ്റ്റർപീസായി വിലയിരുത്തപ്പെടുന്ന ‘മയ്യഴിയുടെ തീരങ്ങളിൽ’ എന്ന നോവലിൽ തന്നെ ഫ്രഞ്ച് അധിനിവേശ വിരുദ്ധ പോരാട്ടങ്ങൾക്കൊപ്പം മലബാറിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വേരൂന്നുന്നതിന്റെ ആദ്യകാല ചരിത്രവും പരാമർശിക്കുന്നുണ്ട്. ഇടതുപക്ഷ രാഷ്ട്രീയത്തെ എക്കാലവും അനുകൂലിച്ചിട്ടുള്ള എഴുത്തുകാരനാണെങ്കിലും, സമീപകാലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പോക്കിലുള്ള വിയോജിപ്പുകൾ അദ്ദേഹം പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.