‘സുപ്രൻ’ എന്ന എം.ബി. മനോജിന്റെ ശ്രദ്ധേയമായ കവിതക്ക് നാല് ഭാഗങ്ങളാണുള്ളത്. അതിന്റെ മൂന്ന് ഭാഗങ്ങളും ഒരു ഭാഗത്തും, ‘നാലാം ഭാഗം മാത്രം’ കീഴടക്കപ്പെട്ട ഒരു ഇടഞ്ഞ കൊമ്പനെപ്പോലെ ഒറ്റയാനായി തനിച്ചും നിൽക്കുന്നു. സിനിമാ പോസ്റ്റർ പതിപ്പിക്കുന്ന, ‘നാളെയാണ് നാളെയാണ്’ എന്ന് ലോട്ടറി വിൽക്കുന്ന, ബസിന്റെ പോക്കുവരവുകൾ വിളിച്ചറിയിക്കുന്ന, പത്രം വിൽക്കുന്ന സുപ്രൻ പ്രതിനിധീകരിക്കുന്നത് പതിവ് ജീവിത്തിന്റെ പ്രസ്താവനകളെയാണെങ്കിൽ, കവിതയിലെ നാലാംഭാഗത്ത് നിവർന്നുനിൽക്കുന്ന സുപ്രൻ, കനൽക്കട്ടപോലെ പൊള്ളിക്കുന്നൊരു ചോദ്യമാണ്! ജീവിതം, പൊരുത്തപ്പെടലും പൊരുതലുമാണെങ്കിൽ, മൂന്നു ഭാഗത്തായി കടന്നുവരുന്ന സുപ്രൻ, ‘പൊരുത്തപ്പെടലാണ്’. അന്നം വിളിക്കുന്ന വിളിക്ക് ഉത്തരം തേടുന്നതിൽമാത്രം മുഴുകുന്ന, മുഴുകേണ്ടിവരുന്ന മനുഷ്യരുടെ, മറ്റൊന്നിനും നേരം കിട്ടാത്തവിധം തിരക്കിലാണ്ട സുപ്രനെ, ‘അധികാരം’ സ്വാഗതം ചെയ്യുകയില്ലെങ്കിലും പ്രത്യേകം ശിക്ഷിക്കുകയില്ല. തന്നിൽനിന്നും മോഷ്ടിക്കപ്പെട്ട സമയം തന്നെയാണ് തനിക്കുള്ള ശിക്ഷ എന്ന് പതിവുകളിൽ പരിമിതപ്പെടുക നിമിത്തം സുപ്രനും തിരിച്ചറിയാൻ കഴിയുകയില്ല. ഏട്ടിലെ പുലി പുല്ലുതിന്നുമെങ്കിൽ പിന്നെ അതിന് മൂന്ന് കാല് മാത്രമായാൽ എന്താണ് കുഴപ്പം എന്ന് വായിച്ചതോർക്കുന്നു. കവിതയുടെ മൂന്നുഭാഗത്തും സുപ്രൻ ചെയ്ത ഓരോ കാര്യത്തിനും ഒരൊഴുക്കുണ്ട്. ചെയ്ത് ചെയ്ത് ശീലിച്ചതിന്റെ ഒരു താളമുണ്ട്. പക്ഷേ ‘ഒരു ആഗസ്റ്റ് പകലിൽ’ കാര്യങ്ങളാകെ കുഴമറിയുകതന്നെ ചെയ്തു.
ബ്രാഹ്മണ പുരോഹിതരുടെ നിർദേശപ്രകാരം സ്വാതന്ത്ര്യദിനാഘോഷം അർധരാത്രിയാക്കി മാറ്റിയത് കവിതയിലെ അസന്നിഹിത സാന്നിധ്യമാവാം! സ്വാതന്ത്ര്യസമരത്തിൽ ഒരു പങ്കും വഹിക്കാത്തവർ, സമരയോദ്ധാക്കളായി വേഷംകെട്ടുന്ന അപഹാസ്യതയുമാവാം ആ പകലിൽ തെളിയുന്നത്. നിങ്ങൾക്ക് ചരിത്രം സൃഷ്ടിക്കാൻ കഴിയുമെങ്കിൽ, ഞങ്ങൾക്കത് ‘തിരുത്താൻ’ കഴിയുമെന്ന അധികാരത്തിന്റെ ഹുങ്കുമാവാം. എന്തായാലും കവിതയിലെ ‘ഒരു ആഗസ്റ്റ് പകൽ’ എന്ന ‘നാലാംഭാഗവും’ മുമ്പുള്ള മൂന്ന് ഭാഗങ്ങളും കൂടിച്ചേർന്ന് സൂക്ഷ്മതലത്തിൽ ആവിഷ്കരിക്കുന്നത് ഇന്ത്യൻ അവസ്ഥയുടെ നടുമുറിയാണ്.
സുപ്രനിലൂടെ കവിത അടയാളപ്പെടുത്തുന്നത്, കീഴ്മേൽ മറിക്കപ്പെട്ട സമകാല ജീവിതസത്യങ്ങളാണ്. സ്വാതന്ത്ര്യസമരത്തിൻെറ പടക്കളത്തിൽ പ്രാണൻ പകുത്തുകൊടുത്തവരുടെ പിന്മുറക്കാർക്ക് സിനിമാ പോസ്റ്ററൊട്ടിക്കാം, കട്ടപ്പനയിലേക്കോടുന്ന ബസ് വിവരം വിളിച്ചുപറയാം, ലോട്ടറിടിക്കറ്റും വിൽക്കാം, പക്ഷേ, നഷ്ടമാവുന്ന സ്വാതന്ത്ര്യത്തെക്കുറിച്ച് മാത്രം അവർ സംസാരിക്കരുത്! ഒരാഗസ്റ്റ് പകലിലെ സുപ്രൻ, സ്വാതന്ത്ര്യസമര സ്മരണകളുടെ ശക്തിയിലാവാം, ‘പ്ലാസ്റ്റിക് കോട്ടിങ്ങില്ലാത്ത’, ഒട്ടും വർണാഭമല്ലാത്ത, ഒരു പോസ്റ്റർ ഒട്ടിച്ചു. അതിലവൻ എഴുതിയതോ പകിട്ടേറും പരസ്യങ്ങളല്ല, അകംപൊള്ളിയ പരമാർഥങ്ങൾ! പരിക്കേറ്റ ജീവിതത്തിന്റെ പ്രതിഷേധങ്ങൾ.
‘സുപ്രനൊരു കൈയെഴുത്തു പോസ്റ്റർ/ഒട്ടിക്കുന്നു/ അതിൽ/ ഗുജറാത്ത്/ വെമുല/ ഉന/ അഖ് ലാഖ്/ എന്നൊക്കെ ചില വാക്കുകൾ...’ വിട്ടുപോയത് പൂരിപ്പിക്കുക എന്ന പഴയ പരീക്ഷായുക്തി അനുസരിച്ച് പ്രവർത്തിക്കാനുള്ള ഒരാഹ്വാനവും, ‘സുപ്രൻ’ എന്ന എം.ബി. മനോജിന്റെ കവിത മുന്നോട്ടുവെക്കുന്നില്ല. എന്നാൽ, ചെത്തിത്തേക്കാത്ത ചുമരിൽ, അത്രയൊന്നും മനോഹരമല്ലാത്ത കൈപ്പടയിൽ എഴുതിയ; ഗുജറാത്ത്, വെമുല, ഉന, അഖ് ലാഖ് എന്നിങ്ങനെയുള്ള നാലുവാക്ക് തകർക്കപ്പെടുന്ന ജീവിതത്തിൻെറ ചുരുക്കെഴുത്താണ്. നിവർത്തി വായിക്കുമ്പോൾ അതിൽനിന്നും നിറംകെട്ടുപോയ ജീവിതങ്ങളുടെ നിലവിളി കേൾക്കും. ഒപ്പം ഉയർന്നുകൊണ്ടിരിക്കുന്ന മുഷ്ടികളും കാണും. ‘എല്ലാം ഓർത്തുവെക്കപ്പെടും’ എന്നൊരൊറ്റ വാക്യത്തിൽ അതൊതുങ്ങില്ല. സുപ്രൻ എഴുതിയത് സമരസ്മരണകളാണ്. ശുദ്ധസൗന്ദര്യത്തെ അസ്വസ്ഥപ്പെടുത്തുന്നൊരു പരുക്കൻ ജീവിതമാണതിൽ തിളക്കുന്നത്. ‘ഏകാന്തവും ചെറുതുമായ ഒരു ജ്വാലപോലെ രാജ്യം ക്രമേണ മരിച്ചുകൊണ്ടിരുന്നപ്പോൾ എന്തു ചെയ്യുകയായിരുന്നു നിങ്ങൾ’ എന്ന് ചോദിച്ചത് ഗ്വാട്ടിമാലൻ കവി ഓട്ടോറെനോകാസ്റ്റിലോയാണ്. എം.ബി. മനോജും അതേ ചോദ്യമാണ്, ആവിധം ചോദിക്കാതെതന്നെ ‘സുപ്രൻ’ കവിതയിൽ അവതരിപ്പിക്കുന്നത്. സുപ്രൻ കഴിഞ്ഞാൽ കവിതയിൽ പിന്നെ പേരുള്ളവരായി കാണുന്നത് ഓട്ടോ ഓടിക്കുന്ന രാജു, പച്ചക്കറി വിൽക്കുന്ന ചെല്ലയ്യൻ, കരിങ്കുറ്റിയായ കങ്കൻ എന്നിവരാണ്. ബാക്കിയുള്ളവർ ‘നേതാവും’ അണികളുമാണ്. പോസ്റ്ററൊട്ടിച്ചതിന്റെ പേരിൽ ഒരു പൊലീസും സുപ്രനെ പിടിച്ചുകൊണ്ടുപോകുന്നില്ല. ആ പണി അതിനേക്കാളും ഭീകരമായി നടത്തുന്നത് സുപ്രനൊപ്പം ആ തെരുവിലുള്ള ഓട്ടോരാജുവും പച്ചക്കറി വിൽക്കുന്ന ചെല്ലയ്യനുമെല്ലാം ചേർന്നാണ്.
‘പിള്ളേരും പീടികക്കാരും/ നോക്കിനിന്നു/ പ്ലാസ്റ്റിക് കോട്ടിങ് ഇല്ലല്ലോ എന്ന്/ ചിലർ സന്ദേഹിച്ചു./ ഇവൻെറ കൈയെഴുത്താണോ?/ ചിലർ സംശയിച്ചു./ ഇതൊക്കെ സിനിമകളാണോ?’. പിള്ളേരും പീടികക്കാരും കവിതയിൽ വെറും കാഴ്ചക്കാരാണ്. എന്തും കാണുന്നവർ. ‘കമ’ എന്നൊരക്ഷരം പറയാത്തവർ. സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ, ജനായത്തം വലിയ ജാഗ്രത പുലർത്തുന്നില്ലെങ്കിൽ, നാളെ ഭൂരിപക്ഷം നേടാൻ സാധ്യതയുള്ളവർ. എന്ത് കൊള്ളരുതായ്മ കണ്ടാലും ഒട്ടും മിണ്ടാതിരിക്കുക, എന്തിന് സങ്കടമോ ഒരുവിധസംഘർഷമോ ഇല്ലാതിരിക്കുക, ഇനി അഥവാ വല്ലതും മിണ്ടേണ്ടിവന്നാലോ ‘എല്ലാം കണക്ക്’ എന്നതിൽ എല്ലാറ്റിനെയും ‘കുത്തി’ കൊള്ളിക്കുക! ‘നാവടക്കം’ എന്ന കവിതയിൽ വീരാൻകുട്ടി വരച്ചുകാട്ടുന്ന, ‘നിശ്ശബ്ദതയുടെ റിപ്പബ്ലിക്കി’ൽ മിണ്ടാട്ടം മുട്ടിയവർക്കൊപ്പം, അതിൻെറ തന്നെ ഒരിരുണ്ട മറുപുറമെന്നോണം കുടിപാർക്കുന്നത് മിണ്ടേണ്ടപോലെ മിണ്ടാത്തവരുമാണ്! ‘...ഇപ്പോൾ എന്തുകണ്ടാലും കേട്ടാലും/കമാന്നൊരക്ഷരം മിണ്ടാതിരിക്കാനുള്ള ക്ഷമ/നാവിന്നു സ്വന്തം/മൗനത്തെ അലങ്കാരമാക്കി/രക്ഷപ്പെടാൻ കിട്ടിയ/ഒരവസരവും പാഴാക്കിയില്ല /ഇപ്പോൾ ജീവിതം പരമസുഖം /എതിരൊച്ച കേൾപ്പിക്കുന്നവരെ /തട്ടിക്കളയുമെന്ന /പേടി ബാധിക്കുന്നേയില്ല /ആകെയൊരു അസൗകര്യമുള്ളത് ഇതാണ് /തുപ്പാനോ ഇറക്കാനോ ആവാതെ /വേവാത്ത ഒരു മാംസക്കഷണം /വായിൽ വിലങ്ങനെ കിടക്കുന്നു’.
ആ നിസ്സഹായ നാവാണ് കവി വീരാൻകുട്ടി പുരപ്രക്ഷേപണം ചെയ്ത ‘സുപ്രൻ കവിതയിലെ’ കാഴ്ചക്കാരിലും കരുത്താർജിക്കുന്നത്. അവർ അക്ഷരാർഥത്തിൽ, ‘നിശ്ശബ്ദരല്ല’, അവർ പലതും ചോദിക്കുന്നുണ്ട്, ‘ഇപ്പോൾ സുപ്രൻ ഒട്ടിച്ച പോസ്റ്ററിന് പ്ലാസ്റ്റിക് കോട്ടില്ലല്ലോ’, ‘ഇതൊക്കെ സിനിമകളാണോ’ ‘ഇവ അവൻെറ തന്നെ കൈയെഴുത്താണോ’ എന്ന മട്ടിലുള്ള, കാര്യത്തിന്റെ മുരട്ടിൽ തൊടാത്ത ചോദ്യമെന്ന് തോന്നാവുന്ന വെറും വർത്തമാനങ്ങൾ. അതിൻെറ കൂടി ചെലവിലാണ് സുപ്രൻ ആക്രമിക്കപ്പെടുന്നത്.
സ്വാതന്ത്ര്യദിന അനുസ്മരണത്തിൽ നെഞ്ചിൽ പതാകകുത്തി പായസം കുടിക്കാൻ ക്യൂനിൽക്കുന്നതിനുപകരം, ‘ഗുജറാത്ത്, വെമുല, ഉന, അഖ് ലാഖ്’ എന്നെഴുതുമ്പോഴും പറയുമ്പോഴും ‘രാജ്യസ്നേഹം’ ഒലിച്ചുപോവും എന്ന മിഥ്യയെയാണ്, ‘സുപ്രൻ കവിത’ കടപുഴക്കുന്നത്. ഇന്ത്യയുടെ മഹത്തായ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന് യാതനാനിർഭരമായ സമരങ്ങളിലൂടെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ പുറത്താക്കാൻ കഴിഞ്ഞു. എന്നാൽ, ജാതിമേൽക്കോയ്മ അടിച്ചേൽപിച്ച ആഭ്യന്തര കൊളോണിയലിസത്തിനെതിരെ, കീഴാള നവോത്ഥാന പ്രസ്ഥാനങ്ങളെ ഒഴിച്ചുനിർത്തിയാൽ, വൻ സമരങ്ങൾ കാലം ആവശ്യപ്പെടുംവിധം വളർന്നു വന്നില്ല. ‘സുപ്രൻ’ കവിതയിലെ പിച്ചാത്തിയൂരിയ പച്ചക്കറിക്കച്ചവടക്കാരൻ, ആ പരാജിത ആഭ്യന്തര കൊളോണിയലിസ സമരത്തിന്റെ പ്രതിനിധിയാണ്. മനുഷ്യർക്കാവശ്യമായ ഭക്ഷണംതന്നെ തികയാത്ത ഒരസ്ഥയിലാണ് കേവല പച്ചക്കറി സ്തോത്രങ്ങൾ ഉണ്ടാവുന്നത്! പ്രശസ്ത കവി എം.ബി. മനോജിന്റെ കവിത അവസാനിക്കുന്നതും, ഇന്ത്യനവസ്ഥയിലെ കൃത്രിമ വിവാദത്തിന്റെ കാറ്റൊഴിച്ചുവിടും വിധമുള്ള സൗമ്യപരിഹാസത്തോടെയാണ്.
‘തമ്പുരാന് ഒത്ത തമ്പുരാട്ടി’ എന്ന് പറയുന്നതുപോലെ കവിതയിലെ നിഷ്ക്രിയ, ‘കാഴ്ച ജനത’ക്ക് പാകമായ ഒരു നേതാവാണ് കവിത അവസാനിക്കുമ്പോൾ, പാലസ് ഹോട്ടലിലിരുന്ന് സുപ്രനെതിരെയുള്ള ആക്രമണം കണ്ടിട്ടും അതൊന്നും കാണാതെ പൊറോട്ടയും പോർക്കും തിന്നുന്നത്!
‘കുളിച്ച് കുറിയിട്ട്/ സ്വർണവളയിട്ട് / പാലസ് ഹോട്ടലിൽ /ജനൽസൈഡിലിരുന്ന്/പൊറോട്ടയും പോർക്കും തിന്നുന്ന / നേതാവ് /അതൊക്കെക്കണ്ട് /അങ്ങനെയിരുന്നു’
ഗോസംരക്ഷണ പേരിൽ 2014നുശേഷം നടന്ന ആൾക്കൂട്ട മറവിലെ ഫാഷിസ്റ്റ് ‘ആദർശ കൊലകളുടെ’ സ്കാനിങ്ങാണ്, ‘കുറി’ക്കും സ്വർണവളക്കുമൊപ്പം, ആ ‘പൊറോട്ടയും പോർക്കും’!
സത്യത്തിൽ ഇന്ത്യൻ പശ്ചാത്തലത്തിൽ വാദിയോ പ്രതിയോ അല്ലാത്ത ‘പന്നി’യെ പശുവിനെ രക്ഷപ്പെടുത്താൻ രംഗത്തിറക്കിയത് ഫാഷിസ്റ്റുകളാണ്. ‘ബീഫും പോർക്കും’ എന്ന സമവാക്യ നിർമിതിയിലൂടെ പശുക്കൊലയെയും കാളത്തീറ്റയെയും അനാവശ്യമായൊരു കൃത്രിമ തർക്കത്തിലേക്ക് വഴിതിരിക്കാനാണവർ ശ്രമിച്ചത്. ബീഫ് വേണ്ടവർക്ക് ബീഫ്, പോർക്ക് വേണ്ടവർക്ക് പോർക്ക്, രണ്ടും വേണ്ടവർക്ക് രണ്ടും, രണ്ടും വേണ്ടാത്തവർക്ക് രണ്ടും വേണ്ട എന്നീ മതനിരപേക്ഷ-ജനായത്ത തത്ത്വം തകർക്കുകയായിരുന്നു അവരുടെ ലക്ഷ്യം! ഇത്തരം ആളെക്കൊല്ലി സമവാക്യങ്ങളുടെ അസംബന്ധംകൂടിയാണ് ‘സുപ്രൻ’ കവിതയിലെ ‘നേതാവിന്റെ’ അവതരണം! കുറി സ്വർണവള പോർക്ക്, ബീഫ് പശു പോത്ത് ആട് ചേമ്പ് ചേന വാഴയില ഇവയും ഇവപോലെയുള്ള മറ്റു പലതും അതിൽതന്നെ വർഗീയമല്ല. എന്നാൽ, ഫാഷിസ്റ്റധികാരത്തിന് സർവം വർഗീയമാക്കാൻ കഴിയും!
ഒരു പാവം പശുവിനെയും ഒന്നുമറിയാത്ത പന്നിയെയും, എന്തിന് ഒരു വാഴയിലയെപ്പോലും! മതം, സൗഹൃദം, ഭക്ഷണം, വിവാഹം, എന്തിന് മരണം വരെ വർഗീയ വകുപ്പിൽ കിടന്നാണ് കൊമ്പും തേറ്റയുമായി വെച്ചടി വെച്ചടി വളരുന്നത്! കാളയെ കൊന്നുതിന്നരുത് എന്ന് കുമാരഗുരുദേവൻ പറഞ്ഞതും, കാളയെ കൊന്നുതിന്നാൻ ഇ.വി.ആർ നിർദേശിച്ചതും പരസ്പര പൂരകമാവുന്നത് രണ്ടിലും അധികാരത്തിൻെറ അലർച്ചകൾക്കപ്പുറമുള്ള ആർദ്രതകൾ നിറയുന്നതുകൊണ്ടാണ്. മനുഷ്യർ മനുഷ്യരോട് ക്രൂരതകൾ കാണിച്ചപ്പോൾ നെൽപാടങ്ങളിലും പറമ്പുകളിലും അക്കാലത്തെ അടിമകളെ സ്നേഹത്തോടെ നോക്കുകയെങ്കിലും ചെയ്തത്, ‘കാളകൾ’ മാത്രമായിരുന്നു. അതാണ് കുമാരഗുരു അടയാളപ്പെടുത്തിയത്. ഇ.വി .ആറാവട്ടെ പാവങ്ങൾക്കുള്ള പോഷകാഹാരത്തെക്കുറിച്ചുള്ള അറിവ് പകരുകയായിരുന്നു. രണ്ടും രണ്ടുവിധത്തിലാണെങ്കിലും ഐക്യപ്പെട്ടത്, അധഃസ്ഥിത പക്ഷത്തുനിന്ന് അധികാരത്തെ എതിരിട്ടുകൊണ്ടാണ്!
രണ്ടായിരത്തി പതിനാലിലാണ് പൂനെയിൽ മുഹസിൻ ഷേക്കിനെ മുസ്‍ലിമായതിനാൽ മാത്രം, ‘ഹിന്ദുരാഷ്ട്രസേന’യുടെ പ്രവർത്തകർ കൊല്ലുന്നത്. കൊലയാളിസംഘത്തിന്റെ മേധാവി ആ ക്രൂരദൗത്യം ആഘോഷിച്ചത്, ആദ്യവിക്കറ്റ് വീണു എന്ന് പോസ്റ്റിട്ടാണ്! ആദ്യ കോടതിപോലും ‘മതസ്വത്വം’ ആക്രമണ കാരണമെന്ന് കണ്ടെത്തുകയാണ് ചെയ്തത്. എന്നാൽ, സുപ്രീംകോടതിയാണ് ‘മതസ്വത്വം’ ആക്രമണത്തെ ന്യായീകരിക്കുന്നില്ലെന്ന് തിരുത്തിയത്! രണ്ടായിരത്തി ഇരുപത്തിമൂന്നിൽ പൂനെ സെഷൻസ് കോടതി കേസ് വിചാരണ പൂർത്തിയാക്കി ധനഞ്ജയ് ദേശായി ഉൾപ്പെടെ എല്ലാ പ്രതികളെയും വിട്ടു! ഒരു കാരണവും കൂടാതെ, മതത്തിൻെറ പേരിൽമാത്രം പ്രകോപിതരായി മനുഷ്യരെ കൊല്ലുന്ന ഒരു രാഷ്ട്രമായി നമ്മൾ മാറിപ്പോയിരിക്കുന്നു! ജന്തർമന്തിർ സമരത്തെ തുടർന്ന് ധർമേന്ദ്ര പ്രധാൻ രാജിവെച്ചൊഴിയാൻ നിർബന്ധിതമായപ്പോൾ സമരനേതാക്കളിലൊരാളായ അഭിജീത് ദിപ്കെ പറഞ്ഞതും ‘ആദ്യ വിക്കറ്റ് വീണു’ എന്നാണ്. രണ്ടും തമ്മിലുള്ള വ്യത്യാസം പ്രകടം.
ഹിന്ദുരാഷ്ട്ര നേതാവ് ആവേശംകൊണ്ടത്, ഫാഷിസത്തിൽ നിന്നാണെങ്കിൽ, അഭിജീത് ദീപ്കെക്ക്, തന്നെ ഉമർഖാലിദിനെ ഓർത്ത് ദീപ്കെ ഖാലിദ് എന്ന് വിളിക്കാനും ആദ്യവിക്കറ്റ് പ്രയോഗം നിർവഹിക്കാനും കഴിഞ്ഞത് ഫാഷിസത്തോടെതിരിടുന്ന ജനായത്ത കാഴ്ചപ്പാടിൽ നിന്നാണ്. പറഞ്ഞുവരുന്നത് അവതരിപ്പിക്കുന്ന ഭാഷാപ്രയോഗങ്ങളടക്കം അപഗ്രഥിക്കേണ്ടത് അവ ഉയർന്നുവരുന്ന ആശയപശ്ചാത്തലത്തിൽ നിന്നാവണം എന്നാണ്. മഹാത്മാഗാന്ധി ഉയിരുകൊടുത്ത ഉപ്പിൽ ഇരമ്പിയത് സമരസമുദ്രമെങ്കിൽ, ശിവരാമന് ഉപ്പ് എന്ന് ഉച്ചരിച്ചതിന്റെ പേരിൽ നഷ്ടമായത് സ്വന്തം ജീവിതമാണ്. സ്വപ്നത്തിലുള്ള ഇന്ത്യയും സത്യത്തിലുള്ള ഇന്ത്യയും തമ്മിലുള്ള വർധിച്ചുവരുന്ന അകലം സ്വാതന്ത്ര്യത്തിന്റെ സ്മരണകളിൽ നിറക്കുന്നത് വല്ലാത്തൊരു അരക്ഷിതത്വവും അസ്വസ്ഥതകളുമാണ്. സ്വപ്നങ്ങൾക്കൊപ്പം എത്താനാവാതെ ഏതുകാലത്തും സത്യം കിതക്കുന്നത് സ്വാഭാവികമാണ്. എന്നാലിപ്പോൾ സംഭവിക്കുന്നത് അധികാരത്തിൻെറ ബലിക്കല്ലിൽ സ്വപ്നങ്ങളുടെ കൂട്ടക്കുരുതികളാണ്. ഒരിക്കലും നമ്മുടെ രാജ്യത്ത് സംഭവിക്കുകയില്ലെന്ന് കരുതിയതെല്ലാം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഗാന്ധിക്കുമുകളിൽ സവർക്കർ, ദേശീയഗാനത്തിനു മുകളിൽ ദേശീയഗീതം, ബഹുസ്വരതക്കു പകരം ഏകസ്വരത, ഐക്യപ്പെടലിനുപകരം ഭിന്നിപ്പിക്കൽ, പൗരത്വത്തിൽ, നിയമങ്ങളിൽ, നിലപാടുകളിൽ പിളർപ്പൻ സംരംഭങ്ങൾ, കൃത്രിമ വിപരീതങ്ങൾ, ജാതി മേൽക്കോയ്മയും കോർപറേറ്റുകളും ചേർന്നൊരുക്കുന്ന സംഘനൃത്തങ്ങൾ, വികേന്ദ്രീകരണത്തിനുപകരം കേന്ദ്രീകരണം...ഇതിനിടയിലും ശിരസ്സ് കുനിക്കാത്ത മതനിരപേക്ഷത, അതുമാത്രമാണൊരു പ്രതീക്ഷ.
എം.ബി. മനോജ്, വീരാൻകുട്ടി
ജീവിതത്തിന് വിസ്തൃതിയും വെളിച്ചവും നൽകിയ മഹത്തായ സ്വാതന്ത്ര്യത്തിൻെറ അലയടിക്കുന്ന ഓർമകളുമായി ഇന്ത്യക്കാർ ഒരുവർഷംകൂടി കടന്നുപോവുമ്പോൾ, സകല കീഴ്മേൽ മറിച്ചിലുകൾക്കിടയിലും മനസ്സിൽ മുഴങ്ങുന്നത്, മുഴങ്ങേണ്ടത്, സകലതും ഓർത്തുവെക്കപ്പെടുന്ന സ്മരണകളുടെ ശക്തിയാണ്. സ്വാതന്ത്ര്യത്തോളം സ്വാദ് മറ്റൊന്നിനുമില്ലെന്നും, എല്ലാം സ്വാദുള്ളതാവുന്നത് സ്വാതന്ത്ര്യം ഉള്ളപ്പോഴാണെന്നും മറന്നുപോയാൽ ഏതു ജനസമൂഹവും മലർന്നുവീഴും.
സ്വാതന്ത്ര്യം വാങ്ങലിനും വിൽക്കലിനുമപ്പുറമുള്ളൊരു ആവിഷ്‍കാരമാണ്. അതൊരിക്കലും വന്ദേമാതരം പൂർണമായി ചൊല്ലണോ വേണ്ടയോ എന്ന കൃത്രിമ തർക്കങ്ങളിൽ തലകുത്തിവീഴലല്ല. കോർപറേറ്റ് സേവക്കും ജാതിമേൽക്കോയ്മാ പ്രയോഗങ്ങൾക്കും നിർബാധയാത്ര തുടരാനുള്ള അധികാരത്തെ ചോദ്യം ചെയ്യലാണ്. വിയോജിപ്പുകൾക്കിടയിലെ സൗഹൃദവിസ്തൃതിയും ഭയരഹിത ജീവിതത്തിന്റെ സാധ്യതയുമാവണം സ്വാതന്ത്ര്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.