പുതുവർഷ രാവിലെ വൈദ്യുതി ബന്ധം തകരാറിലായതിനെ തുടർന്ന് അടിയന്തര ഇടപെടൽ നടത്തിയ കഹ്റമായുടെ സേവനപ്രവർത്തനങ്ങളും അനുഭവങ്ങളും ലേഖകൻ പങ്കുവെക്കുന്നു
ഇപ്രാവശ്യത്തെ പുതുവർഷപ്പുലരിക്ക് നല്ല പുതുമയുണ്ടായിരുന്നു. പുതുവർഷരാവിൽ കുട്ടികൾ ഓരോരുത്തർക്കും ഓരോ മോഹങ്ങൾ. വെടിക്കെട്ടുകൾ, റൈഡുകൾ, റസ്റ്റാറന്റുകൾ, ഉത്സവയിടങ്ങൾ അങ്ങനെയോരോന്നും. ഇവക്കിടയിലൊരു മധ്യമ നിലപാട് സ്വീകരിക്കാൻ പ്രയാസപ്പെട്ടിരിക്കുമ്പോഴാണ് ഭാര്യ അടുക്കളയിൽനിന്ന് യുറേക്കാ എന്ന് പറഞ്ഞുകൊണ്ട് സെയിൽ നടക്കുന്ന കടകളുടെ ലിസ്റ്റുമായി എത്തിയത്. വീട്ടിൽ എന്തിന്റെയെങ്കിലും കുറവുണ്ടായിട്ടല്ല, മറിച്ച്, ഓഫറുകളാണ് കടയിലേക്ക് പോകാനുള്ള ഒരേയൊരു കാരണം. എനിക്കാണെങ്കിൽ ജോലിയുമായി ബന്ധപ്പെട്ട് ഒരു മീറ്റിങ്ങിലും പങ്കെടുക്കണം. അവർക്കാണെങ്കിൽ ന്യൂ ഇയർ ആഘോഷങ്ങളിലൊന്നും വലിയ താൽപര്യവുമില്ല. ഇവയെല്ലാം ബൂർഷ്വാസികളുടെ പിന്തിരിപ്പൻ ആശയങ്ങൾ മാത്രമായാണ് അവർ വിലയിരുത്തുന്നത്. അങ്ങനെ, കുട്ടികളുടെ ‘ആനന്ദ’വാദത്തിനും ഭാര്യയുടെ കാപിറ്റലിസ്റ്റ് ചേരിക്കും ഇടയിൽ ഒരു സോഷ്യലിസ്റ്റ് ഇടനാഴിയെക്കുറിച്ച് കട്ടൻചായയും വടയും കടിച്ച് ആശയങ്ങളുടെ ലൈറ്റുകൾ ഓരോന്നായി മനസ്സിൽ മിന്നിമറയവെയാണ് വീട്ടിലെ ലൈറ്റ് ഒന്നടങ്കം കെട്ടുപോയത്.
പവനായി ശവമായി, പിന്നെ 991ലേക്ക് തുടരത്തുടരെ വിളിയായി...നാട്ടിലെപോലെ പരാതി വിളിച്ചവനെ ചീത്ത പറയുന്ന ഏർപ്പാട് ഇവിടെയില്ല എന്ന് മാത്രമല്ല, വളരെ ബഹുമാനാദരവുകളോടെ കാര്യങ്ങൾ ചോദിച്ചറിഞ്ഞ് നടപടികളിലേക്ക് ദ്രുതഗതിയിൽ കടക്കുകയാണുണ്ടായത്.
വീട്ടിലേക്ക് മെഴുകുതിരി വാങ്ങിക്കൊടുത്ത ശേഷം, നാട്ടിൽ വിപ്ലവത്തിന്റെ വെള്ളിവെളിച്ചം പരത്താനുള്ള മീറ്റിങ്ങിനായി പടിയിറങ്ങി.
മീറ്റിങ് കഴിഞ്ഞുവന്നപ്പോഴുണ്ട്, മുറ്റത്ത് ലോറി, മണ്ണുമാന്തിയന്ത്രം, ഡസൻ കണക്കിന് പണിക്കാർ; നല്ല തണുത്ത കാറ്റിനെ വകഞ്ഞുമാറ്റി സേവനത്തിന്റെ യഥാർഥ വിപ്ലവം വീട്ടുമുറ്റത്ത് നടക്കുകയാണ്. അണ്ടർ ഗ്രൗണ്ട് കേബിളിൽ കാര്യമായ തകരാറുണ്ട്... റിപ്പയറിന് സമയം അൽപമധികം വേണ്ടതിനാൽ ഞങ്ങളുടേത് ഉൾപ്പെടെയുള്ള നിരവധി വീടുകളിലേക്കായി ഓരോ വീടിനും ഓരോ ജനറേറ്റർ എന്ന നിലക്കുള്ള സംവിധാനം ഒരുക്കുന്നതാണ് പിന്നെ കണ്ടത്.
കാറ്റടിച്ചാൽ ചിലപ്പോൾ ദിവസങ്ങൾ വൈദ്യുതി മുടങ്ങുന്ന ദൈവത്തിന്റെ സ്വന്തം നാട്ടിൽനിന്ന് ഉപജീവനാർഥം എത്തിയ എന്റെ വീട്ടിലേക്കാണല്ലോ റഹ്മാനായ തമ്പുരാനേ ഈ സജ്ജീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്!
പ്രശ്നം അവസാനിച്ചില്ല. ജനറേറ്റർ കേബ്ൾ എന്റെ മെയിൻ സ്വിച്ചിലേക്ക് ഫിറ്റാകുന്നില്ല, കാലപ്പഴക്കമാണ് കാരണം. പുതുവത്സര രാവ് ഇക്കണക്കിനായാൽ 2026 മൊത്തം ഗോവിന്ദയാകുമല്ലോ എന്ന് ശങ്കിച്ചുനിൽക്കുമ്പോഴാണ് എൻജിനീയർ വീട്ടിലെ മെയിൻ സ്വിച്ച് ബോർഡ് ഉടനെ മാറ്റാനുള്ള ഉത്തരവിട്ടത്. അപ്പോൾ സമയം ഏതാണ്ട് രാത്രി 11:30... അർധരാത്രിയിലെ വിപ്ലവകരമായ സേവനങ്ങൾ സർക്കാർ വക ഒന്നിന് പിറകെ മറ്റൊന്നായി... ഉറക്കം ഇരച്ചുകയറുന്നതിനാൽ പണിക്കാർക്ക് വന്ന് പോകാൻ വീടിന്റെ വാതിലുകൾ തുറന്നിട്ട് ഞാനും കുടുംബവും ബെഡ്റൂമിലേക്ക് നീങ്ങി. ഡ്രില്ലറുകളുടെ മുരൾച്ചയും, ബൂട്ട്സിട്ട കാൽപെരുമാറ്റത്തിന്റെയും ബംഗാളിയുടെയും ശബ്ദങ്ങൾ സംഗീതംപോലെ ആസ്വദിച്ച് ഞങ്ങൾ ഉറക്കത്തിലേക്ക് തെന്നിവീണു. നേരം വെളുത്തപ്പോൾ എല്ലാം ശുഭം. മെയിൻ ബോഡ് മാറ്റിയിരിക്കുന്നു, ശേഷം ജനറേറ്റർ വെച്ച് വൈദ്യുതി തരപ്പെടുത്തിയിരുന്നതായി മനസ്സിലാക്കി, പിന്നീട് കേബ്ൾ പണി പൂർത്തീകരിച്ച് ആ പ്രദേശത്തേക്കുള്ള കറന്റും പുനഃസ്ഥാപിച്ചിരിക്കുന്നു, മണ്ണുമാന്തിയന്ത്രം കുഴിച്ചയിടത്തിന് കാര്യമായ മാറ്റമൊന്നുമില്ല, പഴയപോലെ മണ്ണിട്ട് നികത്തിയിരിക്കുന്നു, 2026 കൊള്ളാമല്ലോ!
ഞങ്ങൾ ഉറങ്ങുമ്പോൾ പണിക്കാർ രാത്രി കയറിയിറങ്ങിയ ഇടമാണല്ലോ, ഒന്ന് നോക്കിക്കളയാം എന്ന് കരുതി. അതെ, ഇരുട്ടത്ത് പണി നടക്കുന്നതിനടുത്തായി വെച്ചിരുന്ന ലാപ്ടോപ് ഉൾപ്പെടെയുള്ള സാധനങ്ങളെല്ലാം അതേപോലെ അവിടുണ്ട്!
ഇതാണ് ഇപ്രാവശ്യത്തെ ന്യൂ ഇയർ സന്ദേശം. നന്മയുള്ള ഭരണാധികാരി ഉണ്ടായാൽ, നാട്ടിലെ വ്യവസ്ഥ നന്നാകും, നാട്ടുകാരുടെ അവസ്ഥ നന്നാകും... അവർ പീഡനങ്ങളനുഭവിക്കുന്ന ഇതര നാട്ടുകാർക്കുപോലും തണലാകും, അതിന് ഖത്തർ ലോകത്തിന് മുന്നിൽ സാക്ഷി!
ബിഗ് സെല്യൂട്ട് കഹ്റമാ
(ഖത്തർ ജല വൈദ്യുതി വിഭാഗം)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.