ഡോ. ​കെ.​എ​ൻ. പ​ണി​ക്ക​ർ

ചരിത്രത്തിന്റെ സത്യാന്വേഷി

ഡോ. ​കെ.​എ​ൻ. പ​ണി​ക്ക​ർ വി​ട​വാ​ങ്ങി. ഇതൊ​രു ച​രി​ത്ര​കാ​ര​​െൻറ അ​ന്ത്യം മാ​ത്ര​മ​ല്ല, മ​തേ​ത​ര ച​രി​ത്ര ര​ച​ന​യു​ടെ കാ​വ​ൽ ഭ​ട​നെ നഷ്ടപ്പെടലാണ്. ഇ​ന്ത്യാ ച​രി​ത്രം മാ​റ്റി​യെ​ഴു​ത​പ്പെ​ടു​ന്ന ഇക്കാ​ല​ത്ത് ഇങ്ങനെയൊരാൾ ഇവിടെ വേണമായിരുന്നു...

ഡോ. കെ.എൻ. പണിക്കർ വിടവാങ്ങുേമ്പാൾ, കേവലമൊരു ചരിത്രകാരന്‍റെ അന്ത്യം മാത്രമല്ല സംഭവിക്കുന്നത്. രാജ്യത്തെ മതേതര ചരിത്ര രചനയുടെ കാവൽ ഭടനെയാണ് ഈ നാടിന് നഷ്ടമാകുന്നത്. ഇന്ത്യാ ചരിത്രം മാറ്റിയെഴുതപ്പെടുന്ന കാലമാണിത്. മോദിയും സംഘ്പരിവാർ സംഘടനകളും കേന്ദ്ര ഭരണത്തിന്‍റെ തണലിൽ ഹിന്ദുത്വ ആശയങ്ങൾ അടിച്ചേൽപിക്കുന്നതിനായി ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ്. ഇതിനകംതന്നെ രാജ്യത്തിന്‍റെ മഹത്തായ സ്മരണകൾ തേച്ച്മായ്ച്ചു തുടങ്ങി. രാജ്യത്തിന്റെ ചരിത്രം ഹിന്ദുത്വ ഫാഷിസ്റ്റ് വീക്ഷണത്തിലധിഷ്ഠിതമായി മാറ്റിയെഴുതാൻ ഹിന്ദുത്വ ഗവേഷകരും ചരിത്രപണ്ഡിതരും അടങ്ങുന്ന 14 അംഗ സമിതിയെ നിയോഗിച്ചതായി 2018 ജൂണിൽ റോയിട്ടേഴ്‌സ് വെളിപ്പെടുത്തിയിരുന്നു. ഈ ചരിത്ര നിർമാണ സമിതി ഡൽഹിയിൽ ചേർന്ന യോഗത്തിന്റെ മിനുട്‌സ് സഹിതമാണ് റോയിട്ടേഴ്‌സ് വാർത്ത പുറത്തുവിട്ടത്. പന്ത്രണ്ടായിരം വർഷം മുമ്പുള്ള ഇന്ത്യൻ സംസ്‌കാരത്തിന്‍റെ ഉത്ഭവം കണ്ടെത്താനാണ് സമിതിയോട് സർക്കാർ ആവശ്യപ്പെട്ടത്. ഈ പ്രവർത്തനത്തിന്‍റെ തുടർച്ചയാണ് പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധത്തെപോലും വകവെക്കാതെ മോദി സർക്കാർ നടപ്പാക്കിവരുന്നത്. ഇത്തരം വേളയിൽ രാജ്യത്തെ മതേതരവാദികൾ കാതോർത്തത് കെ.എൻ .പണിക്കരുൾപ്പെടെയുള്ള ചരിത്രകാരന്മാരുടെ ശബ്ദത്തിനായാണ്.

പാലക്കാട് സ്വദേശിയാണ് പണിക്കർ. കണ്ടിയൂർ നാരായണ പണിക്കർ എന്നാണ് മുഴുവൻ പേര്. ചാവക്കാട് ബോർഡ് ഹൈസ്കൂളിലായിരുന്നു സ്കൂൾ പഠനം. പാലക്കാട് വിക്ടോറിയ കോളജിൽ ബിരുദപഠനം. രാജസ്ഥാൻ യൂനിവേഴ്സിറ്റിയിൽ നിന്നാണ് ബിരുദാനന്തരപഠനവും പിഎച്ച്.ഡിയും പൂർത്തിയാക്കിയത്. ഗവേഷണത്തിനുശേഷം രാജസ്ഥാൻ യൂനിവേഴ്സിറ്റി, ന്യൂഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷനിൽ അധ്യാപകനായി. 1972ൽ ഡൽഹി ജവഹർലാൽ നെഹ്റു യൂനിവേഴ്സിറ്റിയിൽ പ്രഫസറായി, ദീർഘകാലം തുടർന്നു. വിവിധ വിദേശ സർവകലാശാലകളിൽ ഫെലോയും വിസിറ്റിങ് പ്രഫസറുമായിരുന്നു. കേരള ചരിത്രഗവേഷണ കൗൺസിൽ അധ്യക്ഷൻ, ഇന്ത്യൻ ചരിത്ര കോൺഗ്രസ് അധ്യക്ഷൻ, കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല വൈസ് ചാൻസലർ, കേരള ഉന്നതവിദ്യാഭ്യാസ കൗൺസിൽ ഉപാധ്യക്ഷൻ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു. കേരള ചരിത്ര കോൺഗ്രസിന്റെ സ്ഥാപക അധ്യക്ഷനുമായിരുന്നു.

കഥയെഴുതി ചരിത്രമായി

കെ.എൻ. പണിക്കർക്ക് ആദ്യകാലത്ത് സാഹിത്യത്തിലായിരുന്നു താൽപര്യം. അങ്ങനെ, കഥകളെഴുതിയ കാലം പണിക്കർക്കുണ്ടായിരുന്നു. കഥയെഴുത്തിനായുള്ള വളച്ചൊടിക്കലും മറ്റും അംഗീകരിക്കാൻ കഴിയാത്തതിനാലാവാം ഇന്നെലകളുടെ നേര് തേടിപ്പോയത്. അതാണ് പിന്നീട് സത്യാന്വേഷണത്തിന്‍റെ വഴിയിലെ ചരിത്ര രചനയിലേക്കെത്തിച്ചേർന്നത്. മാർക്സിസ്റ്റ് ചരിത്രരചനയിലെ ധൈഷണിക വ്യക്തിത്വമായ പണിക്കരുടെ പുസ്തകങ്ങൾ അന്താരാഷ്ട്ര തലത്തിൽ തന്നെ ചർച്ച ചെയ്യപ്പെട്ടു. മലബാർ കലാപം മുതൽ ബാബരി മസ്ജിദ് വിഷയം വരെ ചരിത്രത്തിലൂടെ അപഗ്രഥിച്ച അദ്ദേഹം ഇംഗ്ലീഷിലാണ് ഏറെ കൃതികളും എഴുതിയത്. ചരിത്രകാരൻ വി.പി.എസ്. രഘുവംശിയുടെ കീഴിലായിരുന്നു പണിക്കരുടെ ഗവേഷണം. രാഷ്ട്രീയ ചരിത്രത്തിൽനിന്ന് സാമൂഹിക ചരിത്രത്തിലേക്ക് പഠനം മാറി. പരമ്പരാഗത മാർക്സിസ്റ്റ് ചരിത്രരചനയുടെ സങ്കേതങ്ങളിൽനിന്ന് ഗ്രാംഷിയൻ പരികൽപനകളിലേക്ക് സഞ്ചരിച്ചു. പിന്നീടത്, കേരള സമൂഹത്തിൽ കലാപങ്ങൾ രൂപപ്പെടാനും രൂപപ്പെടാതിരിക്കാനും ഇടയായ സാഹചര്യങ്ങളെക്കുറിച്ച് പഠിക്കുന്നതിലേക്കെത്തി. മലബാർ കലാപത്തെക്കുറിച്ച് ഗവേഷണം തുടങ്ങിയത് ആ പ്രോജക്ടിനിടെയാണ്. 19ാം നൂറ്റാണ്ടിലെ നിരവധി കലാപങ്ങളെക്കുറിച്ച് പഠിച്ചു. മലബാർ കലാപത്തെക്കുറിച്ച് ഒരുപാട് കഥകൾ അന്ന് പ്രചാരത്തിലുണ്ടായിരുന്നു. മലപ്പുറം ജില്ലയിലാകെ സഞ്ചരിച്ച് വിവരങ്ങൾ ശേഖരിച്ചാണ് ഗവേഷണം പൂർത്തിയാക്കിയത്.


എഗെയ്ൻസ്റ്റ് ലോർഡ് ആൻഡ് സ്റ്റേറ്റ്‌സ്: റിലീജിയൻ ആൻഡ് പെസൻറ് അപ്രൈസിങ് ഇൻ മലബാർ, കൾചർ ആൻഡ് കോൺഷ്യസ്നസ് ഇൻ മോഡേൺ ഇന്ത്യ, ബ്രിട്ടീഷ് ഡിപ്ലോമസി ഇൻ നോർത്ത് ഇന്ത്യ, കൾചർ -ഐഡിയോളജി ആൻഡ് ഹെജിമണി: ഇന്‍റലക്ച്വൽസ് ആൻഡ് സോഷ്യൽ കോൺഷ്യസ്‌നെസ് ഇൻ കൊളോണിയൽ ഇന്ത്യ, കമ്യൂണൽ ത്രെട്ട്, സെക്കുലർ ചലഞ്ച്, കണ്ടംപററി ഇന്ത്യ: കൾചർ ആൻഡ് പൊളിറ്റിക്‌സ്, ഇന്‍ററോഗെറ്റിങ് കൊളോണിയൽ മോഡേണിറ്റി എന്നിവയാണ് പ്രധാന പുസ്തകങ്ങൾ. ‘കലുഷിതമായ കാലം’ എന്നാണ് ആത്മകഥയുടെ പേര്. 2017ൽ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നൽകി പണിക്കരെ ആദരിച്ചു. സുനിൽ പി. ഇളയിടം കെ.എൻ പണിക്കറെ വിലയിരുത്തുന്നതിങ്ങനെയാണ്: ‘ഡി.ഡി. കൊസാംബിക്ക് പിന്നാലെ ചരിത്രരചനാ രംഗത്തെത്തിയ സമുന്നതരായ ചരിത്രകാരന്മാർക്കൊപ്പമായിരുന്നു പണിക്കർ മാഷിന്‍റെയും സ്ഥാനം. റൊമിലാ ഥാപ്പർ മുതൽ ഇർഫാൻ ഹബീബ് വരെയുള്ളവർ ആ നിരയിലുണ്ടായിരുന്നു. അവർക്കൊപ്പം പ്രവർത്തിച്ചാണ് ഇന്ത്യാചരിത്ര വിജ്ഞാനത്തിൽ ബൗദ്ധികചരിത്രം എന്ന ജ്ഞാനമേഖല മാഷ് സ്ഥാപിച്ചെടുത്തത്. ആര്യവൈദ്യശാലയുടെ ചരിത്രത്തിൽ നിന്നും ആധുനികതയുടെ ബലതന്ത്രത്തിലേക്ക് വഴിതുറന്നിട്ടതുപോലുള്ള അനന്യമായ ഇടപെടലുകൾ അങ്ങനെ പിറവിയെടുത്തതായിരുന്നു. സർഗാത്മക മഹിമയാലും ബൗദ്ധിക ശ്രേഷ്ഠതയാലും പൂരിതമായ രചനകളായിരുന്നു അവ. മാർക്സിസ്റ്റ് വിചിന്തനരീതിയെ പിൻപറ്റുമ്പോൾ തന്നെ ഗ്രാംഷിയിൽ നിന്ന് മാഷ് കൂടുതലായി ഊർജം സ്വീകരിച്ചു. സംസ്കാരം ഉപരിഘടനാപരമായ ഉപപ്രതിഭാസമല്ലെന്നും, സാമൂഹിക യാഥാർഥ്യത്തിന്‍റെ നിർമിതിയിൽ പങ്കുചേരുന്ന ഭൗതികശക്തിയാണതെന്നും അദ്ദേഹം പറഞ്ഞു കൊണ്ടേയിരുന്നു. ശ്രദ്ധിക്കേണ്ടവർ അക്കാര്യം വേണ്ട പോലെ ശ്രദ്ധിച്ചോ എന്നത് സംശയമാണെങ്കിലും...’

ഫാഷിസത്തിന്‍റെ കണ്ണിലെ കരട്

സംഘ്പരിവാർ ആശയങ്ങളോട് ഒരു തരത്തിലും സമരസപ്പെടാൻ കെ.എൻ. പണിക്കർ കൂട്ടാക്കിയില്ല. അതിനാൽ, എക്കാലവും സംഘ്പരിവാറിന്‍റെ കണ്ണിലെ കരടായി. അയോധ്യ വിഷയം കത്തിനിന്ന കാലത്ത് പണിക്കർ ജെ.എൻ.യുവിലുണ്ട്. രാമക്ഷേത്ര വിഷയം ഹിന്ദുത്വ ശക്തികൾ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിച്ച കാലത്ത് പണിക്കർ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന നൂറുകണക്കിനാളുകളുടെ യോഗം വിളിച്ചു. കടങ്കഥകളും മിത്തുകളും ചരിത്രമാക്കി പ്രചരിപ്പിക്കുമ്പോൾ ചരിത്രകാരന് നോക്കിനിൽക്കാൻ കഴിയില്ലെന്നായിരുന്നു പണിക്കരുടെ എക്കാലത്തെയും നിലപാട്. അയോധ്യയുമായി ബന്ധപ്പെട്ട എല്ലാ വസ്തുതകളും പൊതുജനങ്ങളിലെത്തിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി ‘ചരിത്രത്തിന്റെ രാഷ്ട്രീയ ദുരുപയോഗം’ എന്ന തലക്കെട്ടിൽ പണിക്കർ ലഘുലേഖ ഒരുക്കി.

രാമജന്മഭൂമി പ്രസ്ഥാനം രാഷ്ട്രീയ അജണ്ടയാണെന്ന് ചരിത്ര വസ്തുതകൾ നിരത്തി പണിക്കർ പറഞ്ഞുകൊണ്ടേയിരുന്നു. എന്നാൽ, സംഘ്പരിവാർ സംഘടനകൾ രാജ്യവ്യാപകമായി ലഘുലേഖ കത്തിച്ചു. പണിക്കർ പിന്നോട്ട് പോയില്ല, ഇന്ത്യയിലെ വിവിധ ഭാഷകളിലേക്ക് ലഘുലേഖ മൊഴിമാറ്റി, ലക്ഷക്കണക്കിന് കോപ്പികൾ സൗജന്യമായി വിതരണം ചെയ്തു. ഇതിനുള്ള മറുപടി ഭീഷണിയായിരുന്നു. ഇതിന്‍റെ തുടർച്ചയെന്നോണം വാഹനമിടിപ്പിച്ച് അപായപ്പെടുത്താൻ രണ്ടുതവണ ശ്രമമുണ്ടായി.

ഗുജറാത്ത് വംശഹത്യക്കാലത്തും പണിക്കർ രാജ്യമൊട്ടുക്ക് സഞ്ചരിച്ചു. ഗുജറാത്തിൽ ആദ്യമെത്തിയ സാമൂഹിക പ്രവർത്തകരുടെ സംഘത്തിലും അദ്ദേഹമുണ്ടായിരുന്നു. മതനിരപേക്ഷത വിഷയമാക്കി എഴുതിയ ലേഖനങ്ങൾ അക്കാലത്ത് വിവിധ ഭാഷകളിൽ വിവർത്തനം ചെയ്ത് പ്രസിദ്ധീകരിച്ചു. 2000ത്തിൽ സംസ്കൃത സർവകലാശാല വൈസ് ചാൻസലറായി പണിക്കർ ചുമതലയേറ്റതുമുതൽ സംഘ്പരിവാർ സംഘടനകൾ അദ്ദേഹത്തെ നോട്ടമിട്ടു. കേന്ദ്രത്തിൽ ബി.ജെ.പി സർക്കാറിന്‍റെ ഭരണമുള്ള കാലമായതിനാൽയു.ജി.സി പ്രതിനിധി വഴി നിയമനം തടയാൻ ശ്രമം നടന്നു. പരാജയപ്പെട്ടതോടെ സംഘ്പരിവാറിന്‍റെ സമ്മർദത്തിന് വഴങ്ങി യു.ജി.സി സബ്ജക്ട് കമ്മിറ്റിയെ നിയമിച്ച് അദ്ദേഹത്തെ പുറത്തുചാടിക്കാനായി നീക്കം. വേദാധിഷ്ഠിത കോഴ്സുകൾ എല്ലാ സർവകലാശാലകളിലും ആരംഭിക്കണമെന്ന യു.ജി.സിയുടെ നിർദേശം കാലടിയിൽ നടപ്പാക്കാൻ പണിക്കർ കൂട്ടാക്കിയില്ല.

2008ൽ ഇന്ത്യൻ ചരിത്ര കോൺഗ്രസ് അധ്യക്ഷനായി പണിക്കർ തെരഞ്ഞെടുക്കപ്പെട്ടു. വർഗീയശക്തികൾ ചരിത്ര കോൺഗ്രസ് കൈയടക്കാൻ ശ്രമിച്ച കാലമായിരുന്നു അത്. ആ ശ്രമങ്ങളെല്ലാം പണിക്കർ പരാജയപ്പെടുത്തി.

അമേരിക്കയെക്കുറിച്ച്

ലോകം ഇന്ന് അമേരിക്ക-ഇസ്രായേൽ കൂട്ടുകെട്ട് സൃഷ്ടിച്ച ഭീതിയുടെ കീഴിലാണ്. അമേരിക്കയെ കുറിച്ച് വർഷങ്ങൾക്കുമുമ്പ് ഒരഭിമുഖത്തിൽ പണിക്കർ പറഞ്ഞതിങ്ങനെയാണ്: ‘‘ലോകത്തിലെ വിവിധ ശക്തികളെ പിന്താങ്ങുകയോ എതിര്‍ക്കുകയോ അമേരിക്ക ചെയ്തിട്ടുള്ളത് വളരെ വ്യക്തമായ രീതിയില്‍ അമേരിക്കന്‍ രാഷ്ട്രീയ- സാമ്പത്തിക താല്‍പര്യങ്ങളെ സംരക്ഷിക്കാനും മുന്നോട്ടുകൊണ്ടുപോകാനും വേണ്ടിയാണ്. ഇരുപതാം നൂറ്റാണ്ടില്‍ തെക്കന്‍ അമേരിക്കന്‍ രാഷ്ട്രങ്ങളിലെ സ്വേച്ഛാധിപതികള്‍ക്ക് കൂട്ടുനിന്നത് ഉദാഹരണം.

പക്ഷേ ഈ സ്വേച്ഛാധിപതികളെ തന്നെ, അവര്‍ അമേരിക്കക്ക് എതിരായി തിരിയുമ്പോള്‍ തള്ളിപ്പറയാനും അവര്‍ക്കെതിരെ നടപടിയെടുക്കാനും അമേരിക്ക മടിച്ചിട്ടില്ല. അതായത്, അമേരിക്കന്‍നയം സാമ്രാജ്യത്വ ഉപകരണങ്ങളെ സൃഷ്ടിക്കുകയും ഉപയോഗിക്കുകയും ചെയ്യുക എന്നതാണ്. ഭീകരവാദത്തിനും ഭീകരതക്കും അമേരിക്കയുടെ ഈ സാമ്രാജ്യത്വ നയവുമായി വളരെ അടുത്ത ബന്ധമുണ്ട്. മധ്യേഷ്യന്‍ രാജ്യങ്ങളില്‍ ഭീകരാശയങ്ങള്‍ക്ക് സ്വാധീനം ലഭിക്കുന്നത് സാമ്രാജ്യത്വത്തിന്റെ നുഴഞ്ഞുകയറ്റത്തിനെതിരായ അവബോധത്തില്‍നിന്നാണ്’’.

ആദരവ് കാത്തുനിൽക്കാതെ

ആദരിക്കൽ ചടങ്ങ് പ്രഖ്യാപനത്തിന് പിന്നാലെയാണ് പണിക്കരുടെ വിയോഗ വാർത്ത എത്തിയത്. കേരള ചരിത്ര ഗവേഷണ കൗൺസിലും ഉന്നത വിദ്യാഭ്യാസ വകുപ്പും ചേർന്ന് സംഘടിപ്പിക്കുന്ന വിപുലമായ പരിപാടികൾ മന്ത്രി ഡോ. ആർ. ബിന്ദു വാർത്തസമ്മേളനത്തിൽ വിശദീകരിച്ചതിന് പിന്നാലെ കഴിഞ്ഞ തിങ്കളാഴ്ച ഉച്ചക്ക് 12.30ഓടെയാണ് വിഖ്യാത ചരിത്രകാരന്‍റെ മരണവാർത്ത പുറത്തുവന്നത്. 90 തികയുന്ന കെ.എൻ. പണിക്കരുടെ ജന്മദിനം പ്രമാണിച്ച് ‘ആധുനികതയുടെ ചരിത്രകാരന് ആദരം’ എന്ന പേരിൽ തിരുവനന്തപുരം കനകക്കുന്ന് പാലസിൽ ദ്വിദിന അന്തർ ദേശീയ സെമിനാർ സംഘടിപ്പിക്കുന്ന വിവരമാണ് മന്ത്രി വാർത്തസമ്മേളനത്തിൽ വിശദീകരിച്ചത്. ആ ആദരവിന് കാത്തുനിന്നില്ലെങ്കിലും ഇക്കഴിഞ്ഞ ശനിയാഴ്ച തിരുവനന്തപുരം കവടിയാറിലെ നികുഞ്ജം ഫ്ലാറ്റില്‍ ഏറ്റവുമടുത്ത സുഹൃത്തുക്കള്‍ക്കൊപ്പം കേക്ക് മുറിച്ചും പ്രിയപ്പെട്ട കടലപ്പായസം കഴിച്ചും ജന്മദിനാഘോഷം നടത്തിയിരുന്നു പണിക്കർ. ഭാര്യയുടെ മരണശേഷം ബംഗളൂരുവില്‍ നിന്നെത്തിയ പണിക്കര്‍, സഹായിക്കൊപ്പമാണ് കവടിയാറിലെ ഫ്ലാറ്റില്‍ താമസിച്ചിരുന്നത്. ഇതിനിടെയാണ്, അമ്മ തന്‍റെ പിറന്നാള്‍ ആഘോഷിച്ചിരുന്ന കാര്യങ്ങള്‍ സുഹൃത്തുക്കളുമായി പങ്കുവെച്ചത്. ഇതറിഞ്ഞതിനെ തുടർന്ന്‌ ജെ.എന്‍.യുവിലെ പണിക്കരുടെ ശിഷ്യനും കേരള ചരിത്ര കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായിരുന്ന ഡോ. എന്‍. ഗോപകുമാരന്‍ നായർ, ഇഷ്ടമുള്ള പായസമെത്തിച്ച്‌ പിറന്നാൾ ആഘോഷിച്ചു. ഇംഗ്ലീഷ് കലണ്ടര്‍ പ്രകാരം ജന്മദിനം ഏപ്രില്‍ ആറിനാണ്.

ഇനിയില്ല, ഇങ്ങനെ ഒരാൾ...

നിർഭയനായി ചരിത്രത്തിന്‍റെ സത്യത്തിനൊപ്പം യാത്രചെയ്ത മനുഷ്യനാണ് കെ.എൻ. പണിക്കർ. നിർണായക സന്ധികളിൽ മാത്രമല്ല, എന്നും സത്യത്തോടൊപ്പം നിലയുറപ്പിച്ച ചരിത്രകാരൻ. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ, ‘ധൈഷണിക ജീവിതം എന്ത്, എങ്ങനെ’ എന്നു പഠിപ്പിക്കുകയും, അത് സ്വന്തം ജീവിതത്തിൽ പകർത്തുകയും ചെയ്ത മലയാളത്തിന്‍റെ മഹാമനീഷി. ചരിത്രമെന്നാൽ, ഭൂതകാലത്തിന്റെ ആഖ്യായിക എന്ന, പരമ്പരാഗത രചനാസങ്കൽപങ്ങളിൽ നിന്നു മാറി, പുതുവഴിവെട്ടിയ ചരിത്രകാരൻ. പണിക്കരുടെ വഴിയേ സഞ്ചരിച്ച ഡോ. കെ.കെ.എൻ. കുറുപ്പ് പറയുന്നതിങ്ങനെ: ‘പണിക്കരുടെ വിയോഗം, ആധുനിക ഇന്ത്യാചരിത്രത്തിലെ മതേതര ചരിത്ര രചനയുടെ അന്ത്യം കൂടിയാണ്...’

Tags:    
News Summary - Dr KN Panicker Truth seeker of history

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.