സ​യ്യി​ദ് മു​ഹ​മ്മ​ദ് ന​ഖീ​ബ് അ​ൽ അ​ത്താ​സ്

ന​ഖീ​ബു​ൽ അ​ത്താ​സ്; ആ​ക്ടി​വി​സ്റ്റാ​യ ദാ​ർ​ശ​നി​ക​ൻ

മ​നു​ഷ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​റ്റ​വും ഉ​ന്ന​ത​മാ​യ ഒ​ന്നാ​യി ചി​ന്ത​യെ അ​ത്താ​സ് ക​ണ​ക്കാ​ക്കി​യെ​ങ്കി​ലും, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​നി​ന്ന് അ​ദ്ദേ​ഹം ഒ​ഴി​ഞ്ഞു​മാ​റി​യി​രു​ന്നി​ല്ല

മലേഷ്യൻ തത്ത്വചിന്തകൻ സയ്യിദ് മുഹമ്മദ് നഖീബ് അൽ അത്താസ് മാർച്ച് എട്ടിന് വിടപറഞ്ഞു. ഇസ്‍ലാമിന്റെ തത്ത്വചിന്ത, അധ്യാപനശാസ്ത്രം, ചരിത്രം എന്നിവയെക്കുറിച്ചുള്ള നിരവധി സ്വാധീനമുള്ള കൃതികൾ വരുംതലമുറക്ക് ബാക്കിവെച്ചാണ് നഖീബുൽ അത്താസിന്റെ വിയോഗം.

19ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ യമനിൽനിന്ന് കുടിയേറിയ ഹദ്‌റമി സയ്യിദ് കുടുംബാംഗമായിരുന്ന അബ്ദുല്ല ബിൻ മുഹ്‌സിൻ അൽ അത്താസിന്റെ പൗത്രനാണ് സയ്യിദ് മുഹമ്മദ് നഖീബ്. 1931ൽ ജാവയിൽ ജനിച്ച നഖീബുൽ അത്താസ് ബ്രിട്ടീഷ് ഭരണത്തിൻ കീഴിലായിരുന്ന ജോഹോറിലെ ആഭിജാതകുടുംബങ്ങളിലാണ് വളർന്നത്. തുടർന്ന് കാനഡയിലെ മക്ഗിൽ സർവകലാശാലയിലും SOAS ഇംഗ്ലണ്ടിലും വിദ്യാഭ്യാസം നേടി. മലായ് ഭാഷയുടെ പ്രഫസറായി മലായയിലേക്ക് മടങ്ങിയ അത്താസിന്റെ പ്രാരംഭ രചനകൾ മലായ് സൂഫി സാഹിത്യത്തെ കുറിച്ചായിരുന്നു.

1978ൽ, ഇസ്‍ലാമിക യുവജന പ്രസ്ഥാനമായ ABIM അദ്ദേഹത്തിന്റെ ‘ഇസ്‍ലാം ആൻഡ് സെക്യുലറിസം’ എന്ന പുസ്തകം പുറത്തിറക്കി. പ്രസ്തുത കൃതിയിൽ മതേതരത്വത്തെ പ്രത്യയശാസ്ത്രപരവും ദാർശനികവുമായ സമ്പ്രദായമായി അദ്ദേഹം ചിത്രീകരിച്ചു. യാഥാർഥ്യത്തെ യുക്തിസഹമായ മേഖലയിലേക്ക് പരിമിതപ്പെടുത്തുകയും അതുവഴി സത്യവും വസ്തുതയും തമ്മിലുള്ള ബന്ധത്തെ മൂല്യനിരപേക്ഷമാക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം മതേതരത്വത്തെ വിലയിരുത്തി. ‘മതേതരത്വത്തിന്റെ വിത്തുകൾ പാകിയത് ക്രിസ്തുമതമല്ല, പാശ്ചാത്യസാഹചര്യത്തിൽ വിശ്വാസത്തിന്റെ ക്രമാനുഗതികമായ ദൂഷണമാണ് ഭരണകൂടത്തെ ക്രൈസ്തവസഭയിൽ നിന്ന് വേർപെടുത്തിയത്.


ഇസ്‍ലാം പ്രോത്സാഹിപ്പിക്കുന്ന സമഗ്രമായ ജീവിതരീതിക്ക് വിരുദ്ധമാണ് ഇത്’ -അദ്ദേഹം വാദിക്കുന്നു. എഡ്വേർഡ് സെയ്ദിന്റെ ‘ഓറിയന്റലിസം’ പുറത്തിറങ്ങിയ അതേ വർഷം തന്നെ പുറത്തിറങ്ങിയെങ്കിലും, സെയ്ദിന്റെ പാശ്ചാത്യ അറിവിന്റെ കൊളോണിയലിസ്റ്റ്, നാഗരിക മനോഭാവം വെളിപ്പെടുത്തുന്നതിനേക്കാൾ ആഴത്തിൽ പോകുന്ന കൃതിയാണിത്. ക്രിസ്തുമതത്തിന്റെ വ്യതിചലിച്ച പതിപ്പും പുരാതന ഗ്രീസിലെയും റോമിലെയും തത്ത്വചിന്തകളും സംസ്കാരങ്ങളും തമ്മിലുള്ള ‘ദുരന്ത വിവാഹ’ത്തിന്റെ (tragic marriage) ഫലമായ ഒരു മതേതര ലോകവീക്ഷണത്താൽ അത് നയിക്കപ്പെടുകയും ഘടനാപരമാക്കപ്പെടുകയും ചെയ്തുവെന്ന് വാദിക്കുന്നു. ഇത് നീതിനഷ്ടത്തിലേക്ക് നയിച്ചതായി കണക്കാക്കപ്പെടുന്നു.

‘Prolegomena to the Metaphysics of Islam’ എന്ന അദ്ദേഹത്തിന്റെ അടുത്ത പ്രധാന കൃതിയിൽ ഇസ്‍ലാമികപാരമ്പര്യങ്ങളിലെ ‘അദബ്’ എന്ന ആശയം അറിവിന്റെ നാഗരിക (civilizational) ലക്ഷ്യത്തെ സൂചിപ്പിക്കുന്ന രീതികൾ വിസ്തരിച്ചു. ഒരു ഇസ്‍ലാമിക ‘ലോകവീക്ഷണം’ (worldview) വികസിപ്പിക്കുന്നതിന് അദ്ദേഹം ഇബ്‌നു അറബിയുടെയും അൽഗസ്സാലിയുടെയും ചിന്തകളെ വിനിയോഗിച്ചു. നീതിയെ ഉചിതമായ സ്ഥാനത്ത് (proper place) പ്രതിഷ്ഠിച്ചുകൊണ്ട് അദ്ദേഹം On Justice and the Nature of Man എന്ന പുസ്തകം മുന്നോട്ടുവെച്ചു. ‘അദബ്’ ആ അവസ്ഥകൾ യാഥാർഥ്യമാക്കുന്ന ലക്ഷ്യബോധമുള്ള പ്രവൃത്തിയായി മാറുന്നു. ഈ ആശയങ്ങളുടെ പര്യവസാനമായി Islam: The Covenants Fulfilled എന്ന പുസ്തകത്തിൽ ദൈവവും മനുഷ്യരും തമ്മിലുള്ള ഉടമ്പടി ബന്ധത്തെക്കുറിച്ച് (അമാനത്ത്) വിശദീകരിക്കുകയും, ഇസ്‍ലാമിന്റെ അസാധാരണത്വവും മുഹമ്മദ് നബിയിൽ പ്രവാചകത്വത്തിന്റെ പരിസമാപ്തി ഉറപ്പിക്കുകയും ചെയ്യുന്നു.

വിശാലാർഥത്തിൽ ഇസ്‍ലാമിനെ കൈകാര്യം ചെയ്യുന്ന ഈ കൃതികൾക്കപ്പുറം തെക്കുകിഴക്കൻ ഏഷ്യയിൽ മലായ് ഭാഷയുടെ പങ്കിനെക്കുറിച്ചും അത്താസ് വളരെയധികം ശ്രദ്ധാലുവായിരുന്നു. പ്രദേശത്തിന്റെ ചരിത്രപരമായ ഇസ്‍ലാമികവത്കരണത്തെക്കുറിച്ചുള്ള സങ്കീർണമായ വാദങ്ങൾ അദ്ദേഹം മുന്നോട്ടുവെച്ചു. ഇവ പ്രധാനമായും മലായ് കവിതയുടെ പരിണാമത്തെക്കുറിച്ചുള്ള ചർച്ചകളിലൂടെയും; കൂടാതെ ശ്മശാനക്കല്ലുകൾ, ലിഖിതങ്ങൾ, കൈയെഴുത്തുപ്രതികൾ എന്നിവയിലൂടെയും ആയിരുന്നു. മക്ഗിലിലെ ജാപനീസ് ഭാഷാശാസ്ത്രജ്ഞനായ തോഷിഹികോ ഇസുത്സുവിന്റെ (Toshihiko Izutsu) ആശയങ്ങളിലൂടെ ഒരു ഭാഷയിലെ പ്രധാനപദങ്ങളുടെ വിശകലന പഠനം ആ ഭാഷയുടെ ലോകവീക്ഷണത്തിലേക്ക് ഒരു ജാലകം നൽകുമെന്ന് അദ്ദേഹം സമർഥിച്ചു. ഇതിൽനിന്നാണ് അറബ്-പേർഷ്യൻ കാവ്യശാസ്ത്രം മലായ്ഭാഷയുടെ ഇസ്‍ലാമികവത്കരണം കൊണ്ടുവന്നതെന്ന അദ്ദേഹത്തിന്റെ വാദം ഉയർന്നുവന്നത്, പ്രത്യേകിച്ച് ഗുജറാത്തി പണ്ഡിതനായ ഹംസ ഫാൻസുരിയുടെ മലായ് സൂഫികവിതകളിലൂടെ.

മനുഷ്യ പ്രവർത്തനങ്ങളിൽ ഏറ്റവും ഉന്നതമായ ഒന്നായി ചിന്തയെ അത്താസ് കണക്കാക്കിയെങ്കിലും, സാമൂഹിക പ്രവർത്തനങ്ങളിൽനിന്ന് അദ്ദേഹം ഒഴിഞ്ഞുമാറിയിരുന്നില്ല. 1968ൽ, മലായ് രാജ്യത്തെ ഔദ്യോഗിക ഭാഷയാക്കുന്നതിനെക്കുറിച്ച് ചൈനീസ് പാർട്ടിയിലെ ലിം കിറ്റ് സിയാമുമായി അദ്ദേഹം നടത്തിയ സംവാദം പ്രശസ്തമാണ്. മലായ് ഭാഷയുടെ സഹവർത്തിത്വ സ്വഭാവത്തിനും മേഖലയിലെ എല്ലാവരുടെയും സംസ്കാരത്തിൽ അത് എങ്ങനെ ഉൾച്ചേർന്നിരിക്കുന്നു എന്നുമുള്ള കാഴ്ചപ്പാട് സമർഥിക്കുന്നതിൽ അത്താസ് വലിയതോതിൽ വിജയിച്ചു. 1998ൽ മലേഷ്യൻ സർക്കാർ അൻവർ ഇബ്രാഹീമിനെ വ്യാജകുറ്റം ചുമത്തി ജയിലിലടച്ചപ്പോൾ, അത്താസ് പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകി. ഒരു ദശാബ്ദത്തിലേറെയായി അദ്ദേഹം അധ്യക്ഷനായ ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്‍ലാമിക് തോട്ട് ആൻഡ് സിവിലൈസേഷന്റെ (ISTAC) കെട്ടിടവും അദ്ദേഹം ഒറ്റക്ക് രൂപകൽപന ചെയ്തു. അങ്ങനെ, നഖീബുൽ അത്താസിന്റെ പാരമ്പര്യം മലേഷ്യയുടെ ചരിത്രത്തിൽ മായാത്തവിധം പതിഞ്ഞുകിടപ്പുണ്ട്. ഒപ്പം ശക്തനായ ഇസ്‍ലാമിക ചിന്തകനും തത്ത്വചിന്തകനുമെന്ന നിലയിൽ അദ്ദേഹം അന്താരാഷ്ട്ര അംഗീകാരം നേടിയെടുക്കുകയും ചെയ്തു.

Tags:    
News Summary - Naqibul Attas; Activist Philosopher

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.