കൊല്‍ക്കത്ത: സോഷ്യല്‍ മീഡിയ വിവാദത്തെത്തുടര്‍ന്ന് ബംഗാളി കവി ശ്രീജതോ ബന്ദോപാധ്യായ പങ്കെടുക്കുന്ന പരിപാടി വേണ്ടെന്ന് വെച്ച് സാഹിത്യ അക്കാദമി. ഒഴിവാക്കാനാകാത്ത കാരണങ്ങളാലാണ് പരിപാടി റദ്ദാക്കിയതെന്നാണ് അക്കാദമിയുടെ വിശദീകരണം. പരിപാടിയില്‍ പ്രഭാഷകനായി ബന്ദോപാധ്യായയെ ക്ഷണിച്ചതിൽ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
അക്കാദമി എക്‌സ് ഹാന്‍ഡിലൂടെയാണ് പരിപാടി റദ്ദാക്കിയ വിവരം അറിയിച്ചത്. ചില ഒഴിവാക്കാനാവാത്ത സാഹചര്യങ്ങള്‍ കാരണം കൊല്‍ക്കത്തയിലെ സാഹിത്യ അക്കാദമിയുടെ റീജിയണല്‍ ഓഫീസില്‍ വെച്ച് നടത്താന്‍ നിശ്ചയിച്ചിരുന്ന പരിപാടി റദ്ദാക്കിയെന്നായിരുന്നു അറിയിപ്പ്. എന്തെങ്കിലും അസൗകര്യം ഉണ്ടായിട്ടുണ്ടെങ്കില്‍, അതില്‍ അഗാധമായി ഖേദിക്കുന്നുവെന്നും പോസ്റ്റില്‍ പറയുന്നു.
സോഷ്യല്‍ മീഡിയയില്‍ വിവാദമായ 'ശാപം' എന്ന കൃതിയുടെ രചയിതാവായ അദ്ദേഹത്തെ ചടങ്ങിലേക്ക് ക്ഷണിച്ചതിനെതിരെ ഒരു വിഭാഗം ആളുകള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. കവിതയില്‍ തൃശൂലത്തില്‍ കോണ്ടം വെക്കുന്നതിനെക്കുറിച്ച് ഒരു വരിയില്‍ പരാമര്‍ശമുണ്ടായിരുന്നു. ശ്രീജതോ ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്നാരോപിച്ചാണ് ഒരു വിഭാഗം ആളുകള്‍ പ്രതിഷേധവുമായി രംഗത്ത് വന്നത്.
കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ അക്കാദമി, കഴിഞ്ഞ ആഴ്ച നഗരത്തിലെ ഓഡിറ്റോറിയത്തില്‍ നടത്തേണ്ടിയിരുന്ന 'ആവിഷ്‌കാരങ്ങള്‍' എന്ന പരിപാടി റദ്ദാക്കിയതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പരിപാടിയുടെ പ്രഭാഷകരുടെ പട്ടിക പരസ്യമാക്കിയപ്പോള്‍, ഒരു വിഭാഗം ആളുകള്‍ അവരുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെയാണ് പ്രതിഷേധം അറിയിച്ചത്.
അതേസമയം, ഇതുസംബന്ധിച്ച വാട്‌സ്്ആപ്പ് സന്ദേശങ്ങള്‍ക്കോ ഫോണ്‍ കോളുകള്‍ക്കോ ശ്രീജതോ ബന്ദോപാധ്യായ മറുപടി നല്‍കിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.