കൊച്ചി: മാവോയിസ്റ്റ് രൂപേഷിന്‍റെ പുതിയ പുസ്തകത്തിന്‍റെ പ്രസിദ്ധീകരണത്തിന് ജയിൽ വകുപ്പ് അനുമതി നൽകാത്ത സാഹചര്യത്തിൽ മുഖ്യമന്ത്രിയെ സമീപിക്കുമെന്ന് ഭാര്യ ഷൈന. ജയിലും യു.എ.പി.എ നിയമവുമൊക്കെ പ്രതിപാദിക്കുന്നതിനാൽ ജയിൽ വകുപ്പ് അനുമതി നൽകാതിരിക്കുകയാണെന്ന് ഷൈന പറഞ്ഞു. എന്നാൽ, പ്രസിദ്ധീകരണ അനുമതി നൽകുന്നത് ജയിൽ വകുപ്പ് മേധാവി പരിശോധിച്ച് വരികയാണെന്ന് വിയ്യൂർ ജയിൽ സൂപ്രണ്ട് വ്യക്തമാക്കി.
യു.എ.പി.എ നിയമപ്രകാരം അറസ്റ്റിലാകപ്പെട്ട എഴുത്തുകാരൻ, അയാളുടെ ജയിൽ ജീവിതം. അതാണ് രൂപേഷിന്‍റെ പുതിയ പുസ്തകമായ ‘ബന്ദിതരുടെ ഓർമ്മക്കുറിപ്പിന്റെ’ പ്രമേയം. പുസ്തകത്തിന്റെ പ്രസിദ്ധീകരണത്തിന് അനുമതി തേടി ജയിൽ വകുപ്പിന് അപേക്ഷ നൽകിയിട്ട് ഒരു മാസമായി. ഇതുവരെയും തീരുമാനമെടുത്തിട്ടില്ല.
അപേക്ഷ പരിഗണിക്കുന്നതിൽ കാലതാമസമുണ്ടായിട്ടില്ലെന്ന് വിയ്യൂർ ജയിൽ സൂപ്രണ്ട് പറഞ്ഞു. പുസ്തകം പരിശോധിച്ച ശേഷം ജയിൽ ഡി.ജി.പിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ജയിൽ ഡി.ജി.പിയാണ് തീരുമാനമെടുക്കേണ്ടതെന്നും സൂപ്രണ്ട് വ്യക്തമാക്കി. ജയിൽ വകുപ്പിന്‍റെ നടപടിക്കെതിരെ രൂപേഷ് ജയിലിൽ നിരാഹാര സമരം നടത്തിയിരുന്നു.
രൂപേഷിന് പിന്തുണയുമായി സാഹിത്യ രംഗത്തുനിന്നുള്ള പ്രമുഖരും രംഗത്തെത്തിയിട്ടുണ്ട്. ഒളിവിൽ കഴിയവെ 2014-ലാണ് രൂപേഷിന്‍റെ ആദ്യ നോവൽ ‘വസന്തത്തിലെ പൂമരങ്ങള്‍' പുറത്തിറങ്ങിയത്. 2015 മെയ് നാലിന് കോയമ്പത്തൂരിൽ നിന്ന് രൂപേഷ് അറസ്റ്റിലാകുകയും ചെയ്തു. രൂപേഷിന് പുസ്തകം പ്രസിദ്ധീകരിക്കാൻ അനുമതി നൽകണമെന്ന് സാംസ്കാരിക പ്രവർത്തകരിൽ നിന്നും ആവശ്യമുയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.