കഴിഞ്ഞ ആഴ്ച ബംഗളൂരുവിൽ പോയത് ‘ബഷീർ കണ്ട ലോകം’ എന്ന ഇന്നും Aപ്രസക്തമായ ഒരു സംവാദത്തിൽ പങ്കെടുക്കാനായിരുന്നു. തീവണ്ടിയാത്രയിൽ ഉറങ്ങുന്നതുവരെ അപ്പോൾ ഉള്ളിൽ ഒരു നിർവൃതിയായി നിറഞ്ഞുനിന്നത് മലയാളത്തിന്റെ അത്ഭുതപ്രതിഭ വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ചുള്ള നിറപ്പകിട്ടുള്ള നിനവുകളാണ്. എത്രയെത്ര കഥാപാത്രങ്ങൾ, അപൂർവമായ ജീവിതസന്ദർഭങ്ങൾ, കണ്ണീരിനും ചിരിക്കുമിടയിലെ വഴുക്കുന്ന നൂൽപ്പാലങ്ങൾ, ഏതിരുട്ടിനെയും ഇടിച്ചുപിഴിഞ്ഞ് വെളിച്ചമുണ്ടാക്കുന്ന അത്ഭുതങ്ങൾ, കൊള്ളാൻ വല്ലതുമൊന്നു കൊടുക്കാനില്ലാതില്ലൊരു മുൾച്ചെടിയും എന്ന കണ്ടെത്തലുകൾ, എല്ലാവരെയും കളിയാക്കുകയും അതിലേറെ തന്നെതന്നെ കളിയാക്കുകയും ചെയ്യുന്ന വാക്ശരങ്ങൾ, അസാധാരണമായ വിധം അർഥപൂർണമായ മൊഴിഭേദ മനോഹാരിതകൾ, അധികാരസ്ഥാപനങ്ങളെയും അതിശയോക്തികളെയും അസ്വസ്ഥമാക്കുന്ന ന്യൂനോക്തിനൃത്തങ്ങൾ, ഒറ്റവാക്യത്തിൽ സംഗ്രഹിച്ചാൽ ബഷീർ മലയാളത്തിലെ സഞ്ചരിക്കുന്നൊരു അപനിർമാണ ഫാക്ടറിയാണ്!
സർവനിർമിതികളെയും അഴിച്ചെടുത്തും അതിൽ ചിലതിനെ ഉടച്ചുവാർത്തുമാണ്, ബഷീർ കരച്ചിലിനെ ചിരിയുടെ കുപ്പായം ധരിപ്പിച്ചത്. അതിനാലാണ് ആ പ്രശസ്തമായ എട്ടുകാലിമമ്മൂഞ്ഞിൽനിന്നും ചിരിക്കപ്പുറമുള്ളൊരു കരച്ചിൽകൂടി നാം കേൾക്കുന്നത്. അപ്പോഴും ആ ചിരിക്കും കരച്ചിലിനുമപ്പുറം ഒരു അലൈംഗികമനുഷ്യന് സ്വന്തം കാലിൽ നിവർന്ന് നിൽക്കാൻ കഴിയുമെന്ന സത്യംകൂടി ദൃഢപ്പെടുത്തിയ ഒരു കാലത്താണ് ഇപ്പോൾ നാം ജീവിക്കുന്നത്. പ്രസവിക്കാത്ത സ്ത്രീ എന്ത് കാരണംകൊണ്ടായാലും ഒരു പ്രതിയല്ല. മച്ചി, പേട് പൊട്ട എന്നിപ്രകാരമുള്ള നിന്ദകൾ പുതിയ കാലത്തിനുമുന്നിൽ നിലംപരിശാവും. ‘ഹിജഡകൾ’ എന്ന പ്രബന്ധത്തിൽ എൻ.വി. കൃഷ്ണവാരിയർ രാഷ്ട്രം ഹിജഡകളെ ഉടൻ ഉന്മൂലനം ചെയ്യണമെന്ന് എഴുതിയിട്ടുണ്ടെന്ന് കേൾക്കുമ്പോൾ ആദ്യം അവിശ്വസനീയമായി തോന്നും. എന്നാൽ, നാല് പതിറ്റാണ്ട് മുമ്പാണ് അങ്ങനെ എഴുതിയത് എന്നറിയുമ്പോൾ, ആ അമ്പരപ്പിക്കുന്ന അവിശ്വാസം, ഓരോരോ കാലത്തെ അവികസിത കാഴ്ചപ്പാടുകൾ എന്നതിൽ ആശ്വാസംകൊള്ളും. ‘ജന്തുവിനു തുടരുന്നു വാസന, ബന്ധമിങ്ങുടലു വീഴുവോളവും’ എന്ന് കുമാരനാശാൻ എഴുതിയത് ശരിയാണ്. എന്നാൽ, ഉടൽ വീഴാതിരിക്കുമ്പോഴും, ഒരു അലൈംഗിക മനുഷ്യന്, ആവിധമൊരു വാസനാബന്ധം അഥവാ ലൈംഗികാസക്തി ഉണ്ടാവുകയില്ല. എൽ.ജി.ബി.ടി.ക്യു.എ + (LGBTQA+) എന്നതിലെ ആ എൽ.ജി.ബി.ടി.ക്യു.എ കഴിഞ്ഞുള്ള ആ പ്ലസ് അതിലും വലിയ ഭീകരനാണ്. അതുകൂടി നിവർന്നാൽ, പിന്നെ സുഖശീതളിമയൊരുക്കുന്ന സാമാന്യബോധം വിയർത്ത് കുളിക്കും.
മനുഷ്യനൊരു ലൈംഗികജീവികൂടിയാണ് എന്ന് പൊതുവിൽ പറയുന്നതിനോടൊപ്പം, അവരിൽ അലൈംഗികജീവികൾ ഉണ്ടാവാനുള്ള സാധ്യതകൂടി ഉൾക്കൊണ്ടാൽ, എട്ടുകാലി മമ്മൂഞ്ഞിന്റെ വായന കുറെക്കൂടി സങ്കീർണമാവും. സംഗതി അറിഞ്ഞോ, അതു ഞമ്മളാണ് എന്ന എട്ടുകാലി മമ്മൂഞ്ഞിയുടെ പളുങ്കൂസ് വാക്യം നാട്ടിലെ ഗർഭം സ്വന്തം പ്രവർത്തനഫലമാണെന്ന് മേനിനടിക്കുന്ന ഷണ്ഡന്റെ മാനിഫെസ്റ്റോ മാത്രമല്ലാതായി അതോടെ മാറും.
ഷണ്ഡനും മച്ചിയും കൂടി ഉൾപ്പെട്ടതാണ് ലോകമെന്നും, അവരും ഭൂമിയുടെ അവകാശികളാണെന്നും അവരെ പരിഹസിക്കുന്നവർ സ്വയം പരിഹാസ്യരാവുകയാണെന്നും അപ്പോൾ നിസ്സംശയം തിരിച്ചറിയപ്പെടും. ചെയ്യാത്തകാര്യങ്ങൾ ചെയ്തെന്ന് പരസ്യപ്പെടുത്തുന്ന നാട്യങ്ങൾ മാത്രമല്ല, സർവ പരസ്യങ്ങൾക്കുമപ്പുറമുള്ള, ഓരോ മനുഷ്യന്റെയും സാമാന്യ മനുഷ്യസങ്കൽപങ്ങൾക്ക് സ്പർശിക്കാനാവാത്ത സവിശേഷതകളും, അതോടെ ആഘോഷിക്കപ്പെടും. അങ്ങനെവരുമ്പോൾ എട്ടുകാലി മമ്മൂഞ്ഞ് ദൃഢപ്പെട്ടുപോയ ഉത്തരത്തിനൊപ്പം അസ്വസ്ഥമായൊരു ചോദ്യവുമാവും. വാർപ്പ് മാതൃകകൾക്കകത്ത് പല കാരണങ്ങളാൽ ദൃഢപ്പെട്ടുപോയ സൂചക-സൂചിത ബന്ധങ്ങളെ എഴുത്ത് പൊളിക്കുമ്പോൾ, വായനകളിൽ വിസ്മയങ്ങളുടെ പൂക്കൾ വിടരും. അപ്പോൾ ഒന്നും ഒന്നും രണ്ടാവും, ഇമ്മിണി വല്യ ഒന്നാവും, ഒരുമയുടെ സംഗീതമാവും, അതോടൊപ്പം ഇപ്പോൾ ഇന്ത്യയിൽ കാണപ്പെടുന്നതുപോലെ കൃത്രിമ ഏകീകരണം നടപ്പാക്കുന്ന ഒന്ന്, ഒന്നര വില്ലനുമാവും! പറഞ്ഞുവരുന്നത് ബഷീറിലൂടെ പ്രശസ്തമായ, ആ ഇമ്മിണിവല്യഒന്ന്, നവഫാഷിസം നിർമിച്ച കൃത്രിമ ഒന്നിൽ ഒതുങ്ങാത്ത, മഹത്തായൊരു ഒന്നിന്റെ, അതിന്റെതന്നെ കാവ്യാത്മക ആവിഷ്‍കാരമായ ബഹുസ്വരതയുടെ സ്വാതന്ത്ര്യപ്രഖ്യാപനമാണെന്നാണ്! ഒഴുകുന്നൊരു പുഴയെ സാക്ഷിയാക്കി ആ വല്യ ഒന്ന് പറയുന്നത് ഒന്നിക്കാനാണ്.
ക്ഷേത്രവും ചർച്ചും നിൽക്കുന്നിടത്തുതന്നെ നിൽക്കട്ടെ, നമ്മുടെ ഹൃദയത്തിൽ മതിലുകൾ ഉണ്ടാവരുത് എന്ന് ‘േപ്രമലേഖന’ത്തിലും; വിശ്വസിക്കാം വിശ്വസിക്കാതിരിക്കാം, മനസ്സിന്റെ തൃപ്തി നോക്കിയാൽ മതി എന്ന് ‘ശബ്ദങ്ങളി’ലും, എന്റേത് എന്ന് പറയാൻ എന്താണുള്ളത് എന്ന്, ‘ചെവിയോർക്കുക അന്തിമകാഹള’ത്തിലും, േപ്രമത്തിന് എപ്പോഴും അൽപസ്വൽപം നാറ്റമൊക്കെ കാണും എന്ന് ‘േപ്രമവും പൂക്കളി’ലും, താങ്കൾ ഏതെങ്കിലും പാർട്ടിയിൽ അംഗമാണോ എന്ന ചോദ്യത്തിന്, അംഗമോ? ഞാൻ ബഷീറിസത്തിന്റെ അനിഷേധ്യനേതാവ് എന്ന ഊറിച്ചിരിപ്പിക്കുന്ന ഉത്തരത്തിലും നരച്ച പ്രതികരണങ്ങളെ നിലംപരിശാക്കുന്നൊരു പ്രതിബോധമാണ് ചങ്ങലകൾ പൊട്ടിക്കുന്നത്. അഗാധമായ സ്വന്തം മതവിശ്വാസം ആവിഷ്കരിച്ചും, അതേസമയം, മറ്റുള്ളവരുടെ മതരഹിത വിശ്വാസമടക്കം എന്തിനെയും സ്വന്തം കാഴ്ചപ്പാടിനകത്ത് അഭിമുഖീകരിച്ചും, ബഷീർ വികസിപ്പിക്കാൻ ശ്രമിച്ചത്, ഇന്നും കാലം ആവശ്യപ്പെടുന്ന സ്നേഹസംവാദത്തിന്റെ വികസിത ലോകമാണ്. അതേസമയം, മതചെലവിലും അല്ലാതെയും വളരുന്ന അന്ധവിശ്വാസക്കോട്ടകൾക്കു മുന്നിൽ മുട്ടുകുത്തി ആമേൻ, ആമേൻ എന്ന് അദ്ദേഹം ഒരിടത്തും പറഞ്ഞില്ല. എന്തുവന്നാലും എനിക്കാസ്വദിക്കണം മുന്തിരിച്ചാറുപോലുള്ളൊരീ ജീവിതം, എന്നൊരൊറ്റ വരി എത്രമേൽ കുഴിച്ചാലും ബഷീറിന്റെ രചനാലോകത്തിൽനിന്നും കണ്ടെടുക്കാനാവില്ല. വെളിച്ചത്തിനെന്തൊരു വെളിച്ചം എന്ന പ്രശസ്ത ബഷീർവാക്യത്തിൽ തിളക്കുന്നത്, കാലം ഇന്നും മുന്നോട്ടു കൊണ്ടുപോവേണ്ട, പ്രബുദ്ധതയുടെ മഹാസന്ദേശമാണ്. ഏതെങ്കിലും പ്രതിഭാശാലികൾ, ബഷീർ കൃതികളിലെ അന്ധവിശ്വാസവിരുദ്ധതമാത്രം സമാഹരിച്ച് ഒരു പഠനം നിർവഹിക്കുകയാണെങ്കിൽ ഉറപ്പ്, അത് നമ്മുടെ അഴഞ്ഞുകുഴഞ്ഞ ജീവിതത്തിന് കൂടുതൾ ഊർജം നൽകും.
ബിന്ദു സജീവ് എഴുതിയ ‘ഇരപഠിത്തം
രോമമതവും വിശുദ്ധരോമവും ഉൾപ്പെടെയുള്ള ചെറുകുറിപ്പുകൾതൊട്ട് നോവലുകളിലും കഥകളിലും അഭിമുഖങ്ങളിലുമായി, ഊർജോൽപാദന ഉറവിടങ്ങൾ വ്യാപിച്ചുകിടക്കുകയാണ്. വിശുദ്ധ ഖുർആൻ, വിശുദ്ധ ബൈബിൾ എന്നൊക്കെ പറയുന്നതുപോലെ, വിശുദ്ധരോമം എന്നു പറയുന്നതിനെയാണ്, രോമമതങ്ങളിലും, വിശുദ്ധരോമത്തിലും അദ്ദേഹം അടപടലം പരിഹസിക്കുന്നത്. തലയിലെ മുടി വരണ്ടി മൊട്ടയാക്കി ചിലർ താടി വളർത്തുന്നു. മറ്റു ചിലർ മുഖത്തെ താടിവടിച്ച് ഉച്ചിയിൽമാത്രമായി കുടുമ വെക്കുന്നു. ഇങ്ങനെയൊക്കെ സ്വന്തം രോമത്തെ ക്രമീകരിക്കാനുള്ള സ്വാതന്ത്ര്യം ആർക്കുമുണ്ട്. പക്ഷേ, മതമെന്ന് പറയുന്നത് വിശ്വാസം വിട്ടുള്ള വിപണി സർക്കസിന്റെ വേരും പേരുമാവാൻ പാടില്ലെന്നാണ് ബഷീർ സാക്ഷ്യപ്പെടുത്തുന്നത്. ഇതുവരെ ഭൂമിയിലുണ്ടായിട്ടുള്ള എല്ലാ മതങ്ങളും രോമത്തിന് വലിയ പ്രാധാന്യം കൊടുത്തിട്ടുണ്ട്. കുറെ രോമം വടിച്ചുകളഞ്ഞ്, കുറെരോമം അവിടെ നിർത്തി, കുറെ ഇവിടെ നിർത്തി, ചിലത് തിരെ വടിച്ചുകളഞ്ഞ്, ചിലത് മുഴുവൻ നിർത്തി, ഇങ്ങനെ പോകുന്നു രോമമതങ്ങൾ. ഇപ്പോൾ രോമമതങ്ങളുടെ പിടിയിൽനിന്നും മനുഷ്യസമൂഹം മുക്തമായി വരുന്നുണ്ട്. വെട്ടിയിട്ടാൽ ഒരിളംകാറ്റിൽ പറന്നുപോവുന്ന ഒരു മുടിയിഴക്ക് അഥവാ വിശുദ്ധരോമത്തിന് മുമ്പ് എവിടെയും കോലാഹലമുണ്ടാക്കാൻ കഴിയുമായിരുന്നുവെന്നാണ്, ആ പ്രവണത ഇപ്പോൾ കുറെയൊക്കെ കുറഞ്ഞുവരുന്നതായിട്ടാണ് കാണുന്നതെന്നാണ് ബഷീർ പറയുന്നത്. എന്നാൽ, കൂടിവരുന്നുവോ എന്ന് ചോദിക്കാൻ തോന്നിപ്പോവും വിധത്തിലാണ് അന്ധവിശ്വാസങ്ങൾ മാർച്ചു ചെയ്ത് ഇപ്പോൾ മുന്നേറുന്നത്. ബട്ടർഫ്ലൈ ഇഫക്ടിനെ ഓർമിപ്പിക്കും വിധമുള്ളൊരു, ഹെയർഫ്ലൈ ഇഫക്ട്! സർവർക്കും വരട്ടുചൊറി വന്നാൽ അതോടെ യുദ്ധം ക്ലോസാവും എന്നതൊരു ബഷീറിയൻ സൂക്തമാണ്. അങ്ങനെയെങ്കിൽ ആൺ-പെൺ-ട്രാൻസ് ഭേദമന്യേ സർവരും മുടിവടിച്ച് മൊട്ടകളായാൽ, അതോടെ തീരും മുടികലാപങ്ങളും!
1980കളിലാണ് ഞാനാദ്യമായി പതുക്കെ ബഷീർകൃതികൾ വായിച്ചു തുടങ്ങുന്നത്. വല്ലാത്തൊരെഴുത്ത് എന്നൊരു വിസ്മയപ്പെടലിൽ അന്ന് ചെന്ന് വീണതാണ്. ഇന്നും എഴുന്നേറ്റിട്ടില്ല. ബഹിഷ്കൃതരുടെയും ഭ്രഷ്ടരുടെയും ഒരു സമാന്തരലോകം കണ്ട് അന്ന് പകച്ചതാണ്. ഇന്നും ആ പകപ്പ് മാറിയിട്ടില്ല. അനന്തത എഴുത്തിലേക്ക് ഇറങ്ങിവരുന്നതും, എഴുത്ത് അനന്തതയോളം ഉയർന്നുപൊങ്ങുന്നതും കണ്ട് അന്ന് അന്ധാളിച്ചതാണ്. ഇന്നും ആ അന്ധാളിപ്പ് ഇല്ലാതായിട്ടില്ല. തിന്മകളിൽനിന്നും നന്മകൾ തളിർക്കുന്നതും നിശ്ചലമാവാത്ത ജീവിതം കയ്പിനെ മധുരമാക്കുന്നതും കണ്ട് കോരിത്തരിച്ചതാണ്. ഇന്നുമാ കോരിത്തരിപ്പ് വിട്ടുപോയിട്ടില്ല. ന്യൂനോക്തി പ്രയോഗങ്ങളിൽ ഡോക്ടർ ബിരുദം നേടിയൊരു മഹാപ്രതിഭക്ക് മുന്നിൽ കോളജ് അതിശയോക്തികളൊക്കെയും അപ്രസക്തമാകും.
ജനശക്തി’ കന്നട വാരപത്രിക
എന്നാൽ, തീവ്രമായ ആഭിമുഖ്യങ്ങൾക്ക്, ഒരളുക്കിലും കൊള്ളാത്ത വായനാനുഭവങ്ങൾക്ക്, അതിശയോക്തികളെ അങ്ങനെ വിട്ടുകളയാനും ആവില്ല. ആ മണ്ടൻ മുത്തപ്പയും ശിങ്കിടിമുങ്കനും ആയിഷബീവിയും ആനവാരി രാമൻനായരും തൊരപ്പൻ അവറാനും എട്ടുകാലി മമ്മൂഞ്ഞും പൊൻകുരിശ് തോമയും കുടിപ്പാർക്കുന്നത് നമ്മുടെ ഉള്ളിൽതന്നെയാണെന്ന വെളിച്ചമുണ്ടാവാൻ പിന്നെയും കാലം കുറെ കഴിയേണ്ടി വന്നു. എത്രയോ അടുത്താവുമ്പോഴും അപ്രാപ്യമായൊരവസ്ഥയിൽ, സാധാരണം അസാധാരണം എന്ന വിഭജന മതിലുകളൊക്കെയും മറിയുന്ന പുളകത്തിൽ, തടവറകൾക്കുള്ളിലും പൂക്കൾ വിടരുമെന്ന വിസ്മയങ്ങളിൽ, ഒരു വെറും കോഴിമുട്ടക്കും പ്രണയകോരിത്തരിപ്പാകാൻ കഴിയുമെന്ന നാട്ടറിവിൽ, ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ഇന്നത്തെ അവികസിത ആൺകോയ്മാ സാമൂഹികവ്യവസ്ഥയിൽ പ്രണയം പ്രയാസകരമാംവിധം ചെലവേറിയ പൊള്ളിക്കുന്ന ഒരേർപ്പാടാണെന്ന ആ സാറാമ്മ സൂക്തത്തിൽ, അങ്ങനെ അങ്ങനെ എത്രയെത്രയോ വിചിത്രവൈവിധ്യ മാസ്മരികതയിൽ വായനകൾ വട്ടം കറങ്ങി. ആ കറക്കത്തിൽനിന്ന് ഇന്നും പൂർണമായി പുറത്തുകടന്നിട്ടില്ല.
ബഷീർ വിടവാങ്ങിയത് ഓർത്തു ചിരിക്കാനും ഓർത്തോർത്ത് നെഞ്ചംപൊട്ടി കരയാനും അതിനുമൊപ്പം, ഒരുപക്ഷേ അതിനുമേറെ ആഴത്തിൽ ചിന്തിക്കാനുമുള്ള ഒരു സമാന്തരലോകം സൃഷ്ടിച്ചാണ്. ഒ.വി. വിജയൻ എഴുതിയതാണ് ശരി: അശ്ലീലബ്രാഹ്മണ്യം വിജയിച്ചിട്ടില്ലെങ്കിൽ, ബഷീർകൃതികൾ നിലനിൽക്കും. ഒരു നവഫാഷിസ്റ്റ് അവസ്ഥയിൽ ഒ.വി. വിജയൻ ഇതെഴുതിയ സമയത്തേക്കാൾ, ഇന്ന് ആ അശ്ലീലബ്രാഹ്മണ്യത്തിന്റെ ഭീഷണമൂല്യം കൂടിയിട്ടുണ്ട്.
ബംഗളൂരു റൈറ്റേഴ്സ് ആൻഡ് ആർട്ടിസ്റ്റ് ഫോറം സംഘടിപ്പിച്ച പരിപാടിക്കിടെ
വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ച് പലപ്പോഴായി മുമ്പെഴുതിയതും, ബംഗളൂരുവിലേക്കുള്ള തീവണ്ടിയാത്രയിൽ ചിന്തിക്കാനായതുമായ കാര്യങ്ങൾ, കാരുണ്യ ഓഡിറ്റോറിയത്തിൽ അവതരിപ്പിക്കാൻ അവസരമൊരുക്കിയത്, ബംഗളൂരു റൈറ്റേഴ്സ് ആൻഡ് ആർട്ടിസ്റ്റ് ഫോറം എന്ന സംഘടനയാണ്. സി.പി.എ.സി, കേരളസമാജം, കാരുണ്യ തുടങ്ങി ബംഗളൂരുവിലെ നിരവധി സംഘടനകളുടെ ശ്രദ്ധേയമായ സാംസ്കാരിക പരിപാടികളിൽ മുമ്പും ഒരുപാട് പ്രാവശ്യം പങ്കെടുത്തിട്ടുണ്ട്. എന്നാൽ, ഇത്തവണത്തെ ബംഗളൂരു യാത്രക്ക് ഒട്ടേറെ പ്രത്യേകതകളുണ്ട്. കഥാകൃത്തും സാംസ്കാരിക വിമർശകനുമായ മുഹമ്മദ് കുനിങ്ങാട്, ശാന്തകുമാർ എലപ്പുള്ളി, ബ്ലോഗർ സി.സി.ഒ അനീസ് തുടങ്ങിയ പ്രതിഭകൾക്കൊപ്പം യാത്രക്കിടയിൽ മുഴുവൻ സമയമെന്നുതന്നെ പറയാം എനിക്കൊപ്പമുണ്ടായിരുന്നത്, ഗോപിയെന്നും ഗോപിയേട്ടനെന്നും ഞങ്ങൾ വിളിക്കുന്ന കാരുണ്യ എന്ന ജീവികാരുണ്യ സംഘടനയുടെ നേതൃത്വമായ, മുൻ റെഡ് വളന്റിയർ ക്യാപ്റ്റൻകൂടിയായ സ. എ. ഗോപിനാഥാണ്. ആറു പതിറ്റാണ്ടായി അദ്ദേഹം ഉറച്ച മാർക്സിസ്റ്റായി സാംസ്കാരികരംഗത്ത് സജീവമാണ്. ഞങ്ങൾ ഒപ്പവും ഒറ്റക്കും ഞാനേറ്റവും കൂടുതൽ താമസിച്ചത് തങ്കച്ചേച്ചിയുടെയും ഗോപിയുടെയും അവരുടെ മക്കളുടെയും വീട്ടിലാണ്. ഇത്തവണ പക്ഷേ, ഹോട്ടലിലായിരുന്നു. അപ്പോഴും ഗോപി എന്നോടൊപ്പം കൂടുതൽ സമയം ചെലവഴിച്ച് അതും സ്വന്തം വീടാക്കി മാറ്റി. ഒരുപാട് നേരം രാഷ്ട്രീയം, പൊതു അവസ്ഥ എന്നിവയെക്കുറിച്ച് സംസാരിച്ചു. പതിവുപോലെ കുറെനേരം ഗോപിക്കൊപ്പം കാറിൽ കറങ്ങി. ജീവിതത്തിലാദ്യമായി ഒരു ഹോട്ടലിൽനിന്നും വെള്ളിപ്പാത്രത്തിൽ കാപ്പി കുടിച്ചു! അപ്പോൾ അറിയാതെ പ്രശസ്തമായ വിക്ടർ ഹ്യൂഗോയുടെ ‘പാവങ്ങളി’ലെ ഴാങ് വൽ ഴാങ്ങിനെ കുറിച്ചോർത്ത് അറിയാതെ മനസ്സൊന്ന് തെള്ളിപ്പോയി! പോരാൻ നേരം ഗോപി ‘ജനശക്തി’ കന്നട വാരപത്രികയിലെഴുതിയ ആത്മകഥയുടെ കോപ്പികൾ തന്നു. കന്നട വായിക്കാൻ എനിക്കറിയില്ലെന്നറിഞ്ഞുകൊണ്ടുതന്നെയാണ് അദ്ദേഹം അത് അഥവാ ഒരു സ്നേഹം തന്നത്. ഡോക്ടർ സുഷമ ശങ്കർ, മുഹമ്മദ് കുനിങ്ങാട്, ബിന്ദു സജീവ് എന്നിവർ സ്നേഹപൂർവം നൽകിയ മലയാളം പുസ്തകങ്ങളും മറക്കുന്നില്ല.
അടുത്തവരുടെ മറവി ഉടൽരൂപമാർന്ന് കണ്ട എനിക്ക് ‘ഇരപഠിത്തം’ എന്ന ബിന്ദു സജീവിന്റെ ശ്രദ്ധ അർഹിക്കുന്ന കാവ്യസമാഹാരത്തിലെ ‘കാഴ്ചക്കപ്പുറം’ എന്ന കവിത മനസ്സിൽ ഉണ്ടാക്കിയത് ആഴങ്ങളിൽ മുള്ളുതറച്ചൊരു വേദനയാണ്.
ചായക്കോപ്പയുടെ വക്കിൽപ്പെട്ട്
അകത്തെ ചൂടിലേക്കും
പുറത്തേക്കും
ഇറങ്ങാനാവാതെ
ഓർമയില്ലാത്തൊരെറുമ്പ്
വഴിപരതുന്ന കാഴ്ചയെ
ആസ്വദിച്ചുകൊണ്ടിരിക്കുമ്പോഴാണ്
ഓർമകളില്ലാതായിപ്പോയ അച്ഛൻ
ഞാനാരെന്ന് ഓർത്തെടുക്കാനാവാതെ
അകത്തുനിന്നും
പുറത്തേക്കുള്ള വഴിക്കായി
എനിക്കുനേരെ കൈനീട്ടിയത്
കെംബാവുട്ട മത്തു നാനു (ചെങ്കൊടിയും ഞാനും) എന്ന പ്രിയസുഹൃത്ത് എ. ഗോപിനാഥിന്റെ കന്നട എഴുത്തും വായിക്കാനറിയില്ലെങ്കിലും അതും എനിക്കുനേരെ സ്നേഹപൂർവം കൈനീട്ടി നിൽക്കുകയാണ്. കെംബാവുട്ട മത്തു നാനു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.