പ്രതീകാത്മക ചിത്രം

പറങ്കിമൊളക് വേണോ

ഏതാണ്ട് ഒരേ കാലത്തു തന്നാ അച്ചായാ,

പറങ്കികള് നിങ്ങടെ നാട്ടിലും

ഞങ്ങടെ നാട്ടിലുവൊക്കെ വന്നേക്കുന്നേ

രണ്ടും കച്ചവടത്തിന് തന്നാന്നേ

അവിടന്ന് സുഗന്ധദ്രവ്യം

ഇവടെ അടിമക്കച്ചോടം.......

ഇവിടെ ആളും കോളുമൊന്നും ഒണ്ടാര്ന്നില്ല

ആഫ്രിക്കേലെ അടിമച്ചന്തെന്ന് വാങ്ങിച്ചേച്ച്

അമേരിക്കേലോട്ടു കേറ്റുന്നേൻ്റെ ഒരിടത്താവളം

ഷിപ്പിങ് പോയൻ്റ് .......

അങ്ങനാ ഞങ്ങടെ ദ്വീപുകളില് മനുഷ്യവാസം ഒണ്ടാവുന്നേ

വാങ്ങിച്ചോണ്ട് വന്ന നീഗ്രോകളും

മൊയലാളിമാര് പോർച്ചുഗീസുകാരും

കൊറച്ചു പേര് ലിവിടങ്ങ് പാർപ്പോറപ്പിച്ച്

അവിടെപ്പിന്നെ രായാക്കന്മാരും കൃഷിക്കാരും

ഒക്കെ പണ്ടേ ഒണ്ടല്ലോ

ഇപ്പ ഇതെല്ലാം പറഞ്ഞേച്ചു വരുന്നത് എന്നാത്തിനാന്നറിയാവോ?

പത്തുദ്വീപ് ചേർന്ന

ഞങ്ങടെ കേപ് വർദെ

കാൽപ്പന്തുകളിച്ചു

ലോകകപ്പിലിപ്പോൾ

നോക്കൗട്ടിലുമെത്തി

നിങ്ങടെ കാണാ ചങ്ങാതി

അർജ്ജൻ്റീനയോടാ

ഇനി ജുദ്ധം

കയ് മെയ് മറന്നു പയറ്റും കെട്ട ഞങ്ങള്

വസീഞ്ഞയുടെ കണ്ണുവെട്ടിച്ച്

ഞങ്ങടെ പോസ്റ്റിലോട്ട് മെസ്സി ഗോളടിക്കുന്നതൊന്ന് കാണട്ട്

പിന്നേ ഇച്ചായോ

നിങ്ങടെ ഒരു ജില്ലയിലൊള്ളേക്കാലും

ജനസംഖ്യ കൊറവാ ഞങ്ങള്

പത്ത് ദ്വീപിലും കൂടി ഒള്ളെ മൻഷ്യരെ നാലെരട്ടി

നിങ്ങടെ കോട്ടയത്തു തന്നൊണ്ട് .....

കോട്ടയത്തെ കൃസ്ത്യാനികള് തന്നെ ഞങ്ങളേക്കാലും ഒണ്ട്.

കൃസ്ത്യാനികളെ പറഞ്ഞതല്ല കെട്ട!

ഞങ്ങളും കൃസ്ത്യാനികളായോണ്ട് പറഞ്ഞതാ

ചുമ്മാ പറഞ്ഞതാന്നേ കെറുവിക്കല്ല്

ചുമ്മാ , പാട്ടുപോലെ ഒന്ന് മൂളി നോക്കിയേ സേട്ട,

"ഒന്നു ചേരുവാൻ ഏറെ ദൂരമുണ്ട്

ഇടയിലോളം തല്ലും

അറ്റ്ലാൻ്റിക്കുമുണ്ട് ...

ഒന്നു ചേർന്ന് ഒത്തു നിന്ന്

പന്തു ഞങ്ങള് തട്ടി

യോഗ്യതാ കേളികളിൽ മിന്നലായി വിശി .......

ഗോൾ വലയം കാക്കും

ഗോളുവീഴാതെ നോക്കും

കാക്കുവാനുണ്ട് ഞങ്ങടെ

ഗോളി വസീജ്ഞ

ഒരുമയുടെ കേളി

ഫുട്ബോൾ എന്ന ഗെയിം

കളി കളിയായ് തന്നെ നില്ക്കും

കളിയിലാണ് കാര്യം"


Tags:    
News Summary - poem about fifa world cup match

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-08-19 04:58 GMT
access_time 2026-08-10 02:12 GMT