താരരാഷ്ട്രീയത്തിന്റെ ചരിത്രാഖ്യാനം

ചരിത്രം മഹാന്മാരുടെ ജീവചരിത്രമാണെന്ന് അഭിപ്രായപ്പെട്ടത് തോമസ് കാർലെയാണ്. ഒരു പരിധിവരെ അത് സത്യമാണുതാനും. കഥകളും കെട്ടുകഥകളും അലങ്കാരങ്ങളും ചേർത്ത് ഒരാളുടെ ജീവിതത്തിന് വീരപരിവേഷം നൽകുകയും അതിനെ കാലത്തിന്റെ ചങ്ങലയിൽ ബന്ധിപ്പിക്കുകയും ചെയ്യുന്നതാണ് ചരിത്രത്തിന്റെ രീതി. ആരാധന എന്നത് എക്കാലവും മനുഷ്യന്റെ വൈകാരികാനുഭൂതിയുടെ ഭാഗമാണ്. അതിൽ ദൈവം, പ്രകൃതി എന്നിവക്കൊപ്പം ചില മനുഷ്യരെയും ചേർത്തുവെക്കുന്നു. അതിനാൽ, ഒരുതരത്തിൽ താരാരാധനയും വൈകാരികതയുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ്. തമിഴ് ജനതക്ക് താരങ്ങളോടുള്ള ആരാധനോന്മാദം സുപരിചിതമാണല്ലോ. അതുകൊണ്ടുതന്നെ തങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി അവർ എക്കാലവും താരങ്ങളെ സൂക്ഷിക്കുന്നു.

തമിഴ് രാഷ്ട്രീയത്തിൽ താരാരാധന ഇടപെട്ടിട്ടുണ്ടോ? ഉണ്ട് എന്നുതന്നെയാണ് ഉത്തരം. എം.ജി.ആറും ജയലളിതയും ജോസഫ് വിജയ് യുമെല്ലാം ഉദാഹരണങ്ങളായി മുന്നിലുമുണ്ട്. എന്നാൽ, അതുമാത്രം കൊണ്ട് ഒരു രാഷ്ട്രീയ പ്രസ്ഥാനവും വളരുകയോ അധികാരം നേടുകയോ ചെയ്യുന്നില്ല എന്ന ചരിത്രസത്യം വെളിപ്പെടുത്തുകയാണ് ടി. അനീഷിന്റെ ‘പരാജിത നായകർ: തമിഴ് താരരാഷ്ട്രീയത്തിന്റെ കഥ’ എന്ന പുസ്തകം.

സാമൂഹിക പരിഷ്കാര പ്രക്ഷോഭങ്ങൾക്ക് മുൻ പന്തിയിൽ പ്രവർത്തിച്ച നാടാണ് തമിഴ്‌നാട്. ആ മണ്ണിൽ വേരുപിടിച്ചതാണ് തമിഴ് സിനിമാലോകവും. അതിനാൽ, രാഷ്ട്രീയ പ്രസ്ഥാനങ്ങളും താരങ്ങളും തമ്മിലുള്ള അന്തർധാരയെ ടി. അനീഷ് ആമുഖത്തിൽ തന്നെ വ്യക്തമാക്കുന്നുണ്ട്. ‘രാഷ്ട്രീയ പ്രവർത്തനത്തി ന്റെ ഭാഗമായി, നാടകങ്ങളും സിനിമകളും സൃഷ്ടിച്ച് അതുവഴി ഉയർന്നുവന്ന താരങ്ങളെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ മുന്നിൽ നിർത്തുക എന്നത് ദ്രാവിഡ പ്രസ്ഥാനത്തിന്റെ തന്ത്രങ്ങളിൽ ഒന്നായിരുന്നു. പ്രത്യയശാസ്ത്രബദ്ധമായ നയപരിപാടികൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് താരാരാധനയുടെ വൈകാരികത ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലായിരുന്നു ഇതിനുപിന്നിൽ. ഇത്തരം രാഷ്ട്രീയ തന്ത്രത്തിന്റെ പരിണിതഫലം കൂടിയാണ് തമിഴ്‌നാട്ടിലെ താരരാഷ്ട്രീയം.’

ഈയൊരു ധാര മനസ്സിലാക്കിയതുകൊണ്ടാവാം പലപ്പോഴും തമിഴ് രാഷ്ട്രീയത്തെ, സിനിമാ-നാടക സംവിധാനങ്ങളിലൂടെ വളർന്നുവന്ന ‘താരബോധം’ മാത്രമായി നമ്മളിൽ ചിലരെങ്കിലും നോക്കിക്കാണുന്നത്. തമിഴ് രാഷ്ട്രീയമെന്നാൽ സിനിമയാണെന്ന തെറ്റിദ്ധാരണയും ഏറെയാണ്. എം.ജി.ആറും ജയലളിതയും അടങ്ങുന്നവരുടെ ജീവിതാഖ്യാനങ്ങൾ പൊടിപ്പും തൊങ്ങലും കുട്ടി പ്രചരിപ്പിക്കപ്പെട്ടത് ഈ ഒരു ധാരണക്ക് ആക്കംകൂട്ടി എന്നു പറയാം. എന്നാൽ, തമിഴ് രാഷ്ട്രീയത്തിന്റെ യഥാർഥ ചരിത്രത്തെ ഒരു ഗവേഷകന്റെ നിരീക്ഷണത്താൽ തിരിച്ചറിയുകയും ഒപ്പം താരപദവിയുടെ മൂല്യനിർണയമല്ല തമിഴ് രാഷ്ട്രീയത്തിന്റെ അന്തഃസത്തയെന്ന് ബോധ്യപ്പെടുത്തുകയുമാണ് ഈ പുസ്തകം. പ്രധാനമായും മൂന്ന് കാര്യങ്ങളാണ് ഈ കൃതി മുന്നോട്ടുവെക്കുന്നത്. ഒന്ന്: രാഷ്ട്രീയം എന്നത് സ്ക്രീനിലെ തെളിച്ചവും വെളിച്ചവും അല്ലെന്ന് ബോധ്യപ്പെടുന്ന ഇടങ്ങൾ. രണ്ട്: വിജയിച്ചവരേക്കാൾ പരാജിതരുടെ, ദുരന്ത നായകന്മാരുടെ അടിതെറ്റിവീണ ചരിത്രരേഖയാണ് താര രാഷ്ട്രീയം. മൂന്ന്: സാമൂഹിക പരിവർത്തനവും ജനകീയ താൽപര്യവുമാണ് യഥാർഥ തമിഴ് രാഷ്ട്രീയത്തിന്റെ അന്തഃസത്ത.

ചരിത്രം വിജയിച്ചവരുടെ മാത്രം കഥയല്ല; അതിനേക്കാളേറെ പരാജിതരുടേതാണ്. അതിനാൽ, സാമൂഹിക ജനാധിപത്യ ബോധ്യത്തിൽനിന്നുകൊണ്ടു മാത്രമേ തമിഴ് രാഷ്ട്രീയത്തെ തിരിച്ചറിയാനാകൂ എന്ന് പുസ്തകം വിലയിരുത്തുന്നു. ഒരാൾ സാമൂഹികമായി എങ്ങനെ ഇടപെടുന്നു എന്നതും പ്രധാനമാണ്. ഒരുപക്ഷേ, ശിവാജി ഗണേശനും വിജയകാന്തും കമൽഹാസനുമെല്ലാം പരാജയപ്പെട്ടത് അതിനാലാവാം. ‘ശിവാജി ഗണേശൻ: തിരസ്കരിക്കപ്പെട്ട രാഷ്ട്രീയ നായകൻ’ എന്ന അധ്യായത്തിൽ അനീഷ്, ശിവാജിയുടെ പരാജയത്തെ വിലയിരുത്തുന്നുണ്ട്.

‘‘പരാജയങ്ങളിൽ തളർന്നുപോകുന്ന, രാഷ്ട്രീയ പ്രതിസന്ധികളെ വൈകാരികമായി നേരിടുന്ന, ശിവാജി യുടെ രാഷ്ട്രീയ ബോധ്യങ്ങൾ ജനങ്ങളിൽ വിശ്വാസം അർപ്പിക്കുന്നതായിരുന്നില്ല; തിരിച്ചും അങ്ങനെത്ത ന്നെയാണ്. എം.ജി.ആറിനെ തട്ടിച്ചുനോക്കുമ്പോൾ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വിമനസ്കനാണ് ശിവാജി എന്ന ഒരു ധാരണ സാധാരണക്കാരിലും വ്യാപകമായിരുന്നു.’’

തിരശ്ശീലയിലെ അഭിനയ ആധിപത്യത്തിലല്ല ജനാ ധിപത്യത്തിന്റെ ആഴമുള്ള വേര് എന്ന് ഈ വാക്യം നമ്മെ ബോധ്യപ്പെടുത്തുന്നു. ഒരുപക്ഷേ, ജോസഫ് വിജയ് വിജയിച്ചത് താരപരിവേഷത്തോടൊപ്പം, ഒരു ബദലായി സ്വയം ഉയർത്തിക്കാട്ടി, രാഷ്ട്രീയ സാഹച ര്യങ്ങളെ അനുകൂലമാക്കുന്നതരം ഇടപെടലുകൾ നടത്തിയതുകൊണ്ടുകൂടിയാണ്.

ഇടം എന്നത് രാഷ്ട്രീയത്തിൽ പ്രധാനപ്പെട്ടതാണ്.പൊതുമണ്ഡലത്തിലെ ഒത്തുചേരലിനെ, സൗഹൃദത്തെ, വ്യക്തികളെ പൂർണമായും രാഷ്ട്രീയവത്കരിക്കുക എന്നതിനപ്പുറം അവയെ വോട്ടുബാങ്കാക്കി എങ്ങനെ പരിവർത്തനം ചെയ്യാം എന്ന തത്ത്വം തമിഴ് രാഷ്ട്രീയത്തിൽ പ്രയോഗിക്കപ്പെട്ടതിനെക്കുറിച്ച് പരാജിത നായകർ സവിസ്തരം പ്രതിപാദിക്കുന്നു. ഒപ്പം ഏകാധിപത്യ സ്വഭാവം ഒരു പാർട്ടിയെ എങ്ങനെയൊക്കെ ചിതറിത്തെറിപ്പിക്കും എന്നതിന്റെ ഉദാഹരണമായി കമൽഹാസന്റെ രാഷ്ട്രീയ പ്രവേശത്തെ വിശദമാക്കുന്നുമുണ്ട്. ‘മക്കൾ നീതി മയ്യം’ പാർട്ടിക്ക് ആദ്യഘട്ടത്തിൽ ജനപിന്തുണ ലഭിച്ചെങ്കിലും ബ്രാൻഡ് ബിൽഡിങ് എന്ന ഉദ്ദേശ്യത്തോടെ ഒറ്റക്ക് മത്സരിക്കുകയും പിന്നീട് ചെറു പാർട്ടികളുമായി ചേർന്ന് മൂന്നാം മുന്നണി രൂപവത്കരിക്കുകയുമൊക്കെ ചെയ്തെങ്കിലും മക്കൾ മയ്യത്തിന് പരാജയമേൽക്കേണ്ടിവന്നത് ഏകാധിപത്യ തീരുമാനങ്ങളും ഉൾപാർട്ടി ജനാധിപത്യവിരുദ്ധതയു മാണെന്ന് കണ്ടെത്തുന്നതോടൊപ്പം പാർട്ടിയിൽനി ന്നുള്ള കൊഴിഞ്ഞുപോക്ക് അതിന് കാരണമായത് എങ്ങനെ എന്നുകൂടി പുസ്തകം വിവരിക്കുന്നു. വിജയകാന്തിന്റെ സിനിമാ രാഷ്ട്രീയ ജീവിതത്തെക്കുറിച്ചുള്ള ഏട് ഏറെ ഹൃദ്യവും ഒപ്പം ഹൃദയഭേദകവുമാണ്. വെള്ളിത്തിരയിലെന്നപോലെ സ്വജീവിതത്തിൽ ദുരന്ത നായകനായിത്തീർന്ന പ്രതിഭാശാലിയുടെ കഥ കൂടിയാണത്. തങ്ങളുടെ കരുത്തുറ്റ നേതാവിന് പൊതുവേദിയിൽ നാക്കുപിഴക്കുന്നതും സമനില തെറ്റിയപോലെ സംസാരിക്കുന്നതും അണികൾക്ക് ദുഃഖത്തോടെ കാണേണ്ടിവന്നു. നിസ്സാര കാര്യങ്ങൾക്ക് കയർക്കുകയും തല്ലുകൂടുകയും പ്രതിച്ഛായ സ്വയം തകർക്കുകയും ചെയ്ത ദുരന്തനായകനും പിന്നീട് നോ ക്കുകുത്തിയുമായി പരിണമിച്ചുപോയ ആ ജീവിതം തമിഴ് രാഷ്ട്രീയത്തിന്റെ പൊള്ളുന്ന സത്യചിത്രമാണ്.

പരീക്ഷിക്കപ്പെടാതെപോയ, രജനീകാന്തിന്റെ രാഷ്ട്രീയ ജീവിതത്തെക്കുറിച്ചുള്ള ‘രജനീകാന്ത് എന്ന രാഷ്ട്രീയ പ്രതിഭാസം’ എന്ന അധ്യായം ഗൗരവമുള്ള തും പ്രൗഢവുമാണ്. രജനിയുടെ രാഷ്ട്രീയ ഉൾപ്രവേ ശം ദുരൂഹത നിറഞ്ഞ മിത്താണെന്നും വെല്ലുവിളികളോട് ഏറ്റുമുട്ടി മുന്നോട്ടുപോകാനുള്ള സ്ഥിതപ്രജ്ഞ രജനിയുടെ രാഷ്ട്രീയ മോഹത്തിന് ഇല്ലാതിരുന്നതാണ് ആ ദുരൂഹതക്ക് കാരണമെന്നും രചയിതാവ് ചൂണ്ടിക്കാട്ടുന്നു.

താരങ്ങളുടെ രാഷ്ട്രീയ പ്രവേശത്തെയും പരാജയങ്ങളെയും മാത്രം വിശദമാക്കുന്ന ഒരു കൃതിയല്ല പരാജിത നായകർ; മറിച്ച്, ഒരു ജീവചരിത്ര രേഖ കൂടിയാണ്. ജനനം, സിനിമാപ്രവേശം, രാഷ്ട്രീയ പ്രവേശം, മരണം തുടങ്ങി താരങ്ങളുടെ ഒരു ജീവചരിത്രാഖ്യായികയായി ആരംഭിക്കുകയും തമിഴ് രാഷ്ട്രീയത്തിന്റെ ആഴമുള്ള ഉള്ളറകളിലേക്ക് സഞ്ചരിക്കുന്ന, വിദഗ്‌ധമായ ഒരു പത്രപ്രവർത്തന രീതിയായി മാറുകയും ചെയ്യുന്നുണ്ട് പുസ്തകം. തീർച്ചയായും തമിഴ് താരരാഷ്ട്രീയത്തെക്കുറിച്ചുള്ള വൈജ്ഞാനികാവബോധമുള്ള റഫറൻസ് ഗ്രന്ഥംകൂടിയാണ് ഇത്.

Tags:    
News Summary - Beyond the Screen: Decoding Tamil Star Politics Through 'Parajitha Nayakar'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.