കെ.പി. ശങ്കരൻ
മലയാള സാഹിത്യനിരൂപണ രംഗത്തെ സൗമ്യസാന്നിധ്യമായ കെ.പി.ശങ്കരനു ഇന്ന് 84–ാം പിറന്നാൾ. ശതാഭിഷേക നിറവിൽ. എൻ.കെ.ദേശത്തിന്റെ സമ്പൂർണകൃതികളുടെ നിരൂപണത്തിന്റെ പണിപ്പുരയിലാണ് ശതാഭിഷേക നിറവിലെത്തിയ നിരൂപകൻ. കൃതികൾക്കുനേരെ വാളെടുക്കുന്നതിനുപകരം തൊട്ട് തലോടിക്കൊണ്ടുള്ള ആസ്വാദനമാണ് പലപ്പോഴും പിൻതുടർന്നത്. തനിക്ക് പ്രിയപ്പെട്ട രചനകളിലൂടെ സഞ്ചാരമാണീ ശങ്കരമാഷിന്റെ സാഹിത്യജീവിതം. ``പറയാൻ എന്തെങ്കിലും ഉണ്ടെങ്കിലേ എഴുതിത്തുടങ്ങാറുള്ളൂ, കുറ്റപ്പെടുത്താൻ മാത്രമായി ഒന്നും എഴുതാറില്ലെന്ന'' കെ.പി.ശങ്കരന്റെ വാക്കുകൾ തന്നെ ആ സാഹിത്യയാത്രയുടെ വഴി ബോധ്യപ്പെടുത്തുന്നു.
മലയാളത്തിലെ മുൻനിര കവികളുടെ രചനകളുടെ സവിശേഷതകൾ വായനക്കാർക്കു പകർന്നു നൽകിയ കെ.പി.ശങ്കരൻ രാമായണത്തെയും മഹാഭാരതത്തെയും കുറിച്ച് ആഴത്തിലുള്ള പഠനങ്ങൾ നടത്തി. ഏകാങ്ക നാടകത്തിലായിരുന്നു തുടക്കം. എം.ടിയുടെ മഞ്ഞ് ഉൾപ്പെടെ കഥകൾക്കും നിരൂപണം എഴുതിയെങ്കിലും കവിതയായിരുന്നു പ്രധാന തട്ടകം.
കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവന പുരസ്കാരവും വിശിഷ്ടാംഗത്വവും ലഭിച്ചു. രണ്ട് തവണ കേരള സാഹിത്യ അക്കാദമി അവാർഡ് നേടി. ചെറുകാട് അവാർഡ്, സി.പി.മേനോൻ സ്മാരക പുരസ്കാരം, ദേവീപ്രസാദം ട്രസ്റ്റ് അവാർഡ്, കെ.പി.നാരായണ പിഷാരടി പുരസ്കാരം, എസ്.ഗുപ്തൻ നായർ ഫൗണ്ടേഷൻ അവാർഡ്, വൈലോപ്പിള്ളി ജയന്തി പുരസ്കാരം തുടങ്ങി ഒട്ടേറെ അംഗീകാരങ്ങൾ നേടി. ഋതുപരിവർത്തനം, നവകം, മറ്റൊരു വൈലോപ്പിള്ളി, കവിതാഹൃദയം, അധ്യാത്മ രാമായണം–സംശോധനം, വ്യാഖ്യാനം, ഹരിനാമകീർത്തനം വ്യാഖ്യാനം, മഹാഭാരതം ഒരു പുനർവായന, അക്കിത്തപ്പെരുമ, ഗാന്ധികവിതകൾ –പഠനം, ജ്ഞാനപ്പാന–വ്യാഖ്യാനം തുടങ്ങിയ കൃതികൾ രചിച്ചു.
തൃശൂർ ജില്ലയിലെ പൈങ്കുളത്ത് ജനിച്ച അദ്ദേഹം ചങ്ങനാശ്ശേരി എസ്ബി കോളജ്, തൃശൂർ കേരളവർമ കോളജ്, മൈസൂരു റീജനൽ കോളജ് ഓഫ് എജ്യുക്കേഷൻ എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. 2001ൽ വിരമിച്ചു. മൂന്ന് വർഷമായി ഭാര്യ കമലാദേവിക്കൊപ്പം കോഴിക്കോട് ചെലവൂരിന് അടുത്ത കോട്ടാമ്പറമ്പിലാണ് താമസം. മക്കളും അടുത്ത ബന്ധുക്കളും മാത്രമുള്ള ലളിതമായ ചടങ്ങിലാണ് ഇന്നത്തെ പിറന്നാൾ. എഴുത്തിനും പഠനത്തിനും ചിന്തയ്ക്കും ഇപ്പോഴും വിശ്രമമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.