ആദിവാസി/ദലിത് നോവൽ സാഹിത്യം മുഖ്യധാരാശരീരമായ ആഖ്യാനങ്ങളെ വെല്ലുവിളിച്ചുകൊണ്ട്, ആദിവാസി സമൂഹത്തിന്റെ യഥാർഥജീവിതം, സ്വത്വം, ഭാഷ, വേഷം സംസ്കാരമെന്നീ വ്യത്യസ്ത അടരുകൾ, ആനന്ദം, പ്രതിരോധം എന്നിവയുടെ അനുഭവങ്ങൾ നേരിട്ട് അവതരിപ്പിക്കുന്നതിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതാണ്. ഇത്തരമൊരു സാഹിത്യം തനതായ ജീവിതാവബോധത്തെ പ്രതിനിധാനംചെയ്യുകയും സാമൂഹിക പ്രതിരോധത്തിന്റെ രൂപംസ്വീകരിക്കുകയും ചെയ്യുന്നു.
ഭാരതത്തിലെ സാമൂഹിക കേന്ദ്രത്തിലുള്ള അടിസ്ഥാന വംശമെന്ന നിലക്കുള്ള അടയാളപ്പെടുത്തലും അതിജീവനവുമാണ് ഈ സാഹിത്യത്തിന്റെ മുഖ്യലക്ഷ്യം. വയനാട്ടിലെ ആദിവാസികളെക്കുറിച്ചുള്ള ആന്ത്രപ്പോളജിക്കൽ ഫിക്ഷൻ ആയ കെ.ജെ. ബേബിയുടെ ‘മാവേലി മന്റം’, പി. വത്സലയുടെ ‘നെല്ല്’, എസ്.കെ. പൊറ്റെക്കാടിന്റെ ‘വിഷകന്യക’, ഷീല ടോമിയുടെ ‘വല്ലി’ എന്നിവ അടിസ്ഥാന മനുഷ്യരെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ടെങ്കിലും ഷീല ടോമിയുടെ ‘വല്ലി’യാണ് മലയാളത്തിലെ ആദ്യ പണിയൻ (പണിയർ) ട്രൈബ്-അടിസ്ഥാന വർഗത്തെ പ്രതിനിധാനം ചെയ്യുന്ന ആദ്യ നോവൽ.
വയനാട്ടിലെ ഏറ്റവും വലിയ ആദിവാസി വിഭാഗമാണ് പണിയർ. കുടിയേറ്റം ഈ ജനവിഭാഗത്തെ പിന്നീട് അടിമകളും പണിയെടുപ്പിച്ചു പണിയെടുപ്പിച്ചു പണിയെടുക്കാൻ മാത്രമുള്ള ജീവിവർഗവുമായി പരിണമിപ്പിച്ചു. നിലനിൽപ് അസഹ്യമായ വിഭാഗമായ പണിയ വിഭാഗം വംശനാശത്തിന്റെ വക്കിലൂടെയാണ് നടക്കുന്നത്. ഇതേവരെ പ്രസിദ്ധീകരിച്ച ഗോത്രരചനകളിൽ നിന്ന് വ്യത്യസ്തമായി, പണിയ ഗോത്രജനതയുടെ രാഷ്ട്രീയപരമായ അതിജീവന ശ്രമങ്ങളെയും അവരുടെ ആത്മബോധത്തെയും വെളിപ്പെടുത്തുന്ന നോവലാണ് മനീഷ് മുഴക്കുന്നിന്റെ ‘കീളു വാരങ്ങൾ’.
‘ഒരു സേറ് നെല്ലിനും അര സേറ് പതിരായ നെല്ലിനും ഞാനെങ്ങനെ ജീവിക്കും തമ്പുരാനേ? ഒരു കഷ്ണം വെത്തിലയ്ക്കും ഒരു നുള്ള് പുകയിലയ്ക്കും ഞാനെങ്ങനെ ജീവിക്കും തമ്പുരാനേ’ എന്ന നിലക്കാത്ത നിലവിളിയെ പിന്തുടരുകയാണ് കീളുവാരങ്ങൾ. വള്ളിയൂർക്കാവ് ഉത്സവത്തിന്റെ സാംസ്കാരിക മറവിൽ പണിയരുടെ അടിമത്തം (വല്ലിപ്പണി) പശ്ചാത്തലത്തിൽ പണിയ ഗോത്രത്തിന്റെ അടിമ ജീവിതം വെളിപ്പെടുത്തുന്നതാണ് നോവൽ.
മേൽക്കൂര കൂടാതെ കല്ലുകൾ കൂട്ടിവെച്ചു വള്ളിയൂരമ്മയെ ആരാധിച്ചിരുന്ന സ്വതന്ത്ര ജനതയായിരുന്ന പണിയരെ കൂടിയേറ്റവർഗം കാവിന് മേൽക്കൂര പണിത് യഥാർഥ ഭക്തരെ പുറത്താക്കുകയും പൂണൂൽധാരികളെ പൂജാരിമാരാക്കി, വള്ളിയൂരമ്മയുടെ അനുഗ്രഹവിശ്വാസത്തെ അടിസ്ഥാനമാക്കി വല്ലിപ്പണി എന്ന പേരുള്ള അടിമവൃത്തിക്ക് പണിയ ഗോത്രജനതയെ വിധേയരാക്കുകയും ചെയ്തുപോന്നു. വയനാട്ടിലെ മറ്റു ഗോത്രവിഭാഗങ്ങൾ വിദ്യാഭ്യാസം നേടുകയും മണ്ണിനും മാനത്തിനും പോരാടുകയും ചെയ്യാൻ പ്രാപ്തിനേടിയെങ്കിലും പണിയരിന്നും പതിതരായി തുടരുന്നു. പാവങ്ങളുടെ പെരുമൻ വർഗീസിന്റെ പോരാട്ടങ്ങളോ ആന്റണി സർക്കാർ നടത്തിയ നരനായാട്ടോ അവരുടെ ജീവിതത്തിൽ കാതലായ പരിവർത്തനം സൃഷ്ടിച്ചില്ല.
ഫ്യൂഡൽ സംവിധാനങ്ങൾ മുമ്പേ തുടങ്ങിവെച്ച വിധേയഭാവം പിൽക്കാല സമ്പന്നർ തുടരുകയും പതുക്കെ വിധേയഭാവം ജൈവപരമായ ഒന്നായി മാറി എന്നുവേണം അനുമാനിക്കാൻ. ഇന്നും എന്നും അവർക്ക് നാളെയില്ല. അന്നന്ന് മാത്രം. കൊടും മഴയോ മഞ്ഞോ വരൾച്ചയോ പ്രകൃതിക്ഷോഭങ്ങളോ അവരെ വരട്ടുകയില്ല. (നമ്മുടെ കാഴ്ചയിൽ ) ഒറ്റപ്പെട്ട ഒരിടത്ത് കാലിത്തൊഴുത്തിനേക്കാൾ ചെറിയൊരു കുടിൽ. എല്ലാ ദുരന്തങ്ങളും കുഞ്ഞിക്കുട്ടികൾ ഉൾപ്പെടെ അതിനകത്ത്. എന്നാലും നാം പറയും ‘ഇപ്പോൾ പണിയരെ വരെ പണിക്ക് വിളിച്ചാൽ കിട്ടാതായി’.
ചീരാളന്റെയും കമ്മട്ടിയുടെയും മകനായ വെള്ളനും ഭാര്യ മാല, ഇവരുടെ മകനായി പിറക്കുന്ന നായക കഥാപാത്രമായ കരിയാത്തൻ. ഗോത്രമൂപ്പൻ മൂപ്പന്റെ മകളും കരിയാത്തന്റെ കാമുകിയുമായ രാധ, തേനീച്ചകളുടെ ഭക്ഷണമായ തേൻ ശേഖരിക്കുന്നതിലെ നൈതികത ഉള്ളംനീറ്റുകയാൽ തേനീച്ചക്കുത്തേറ്റ് മരിക്കുന്ന ദുരന്ത കഥാപാത്രമായ മരത്തൻ, മായികമായ ഭാവങ്ങളോടെ പൊടുന്നനെ പ്രത്യക്ഷപ്പെട്ട് മായുന്ന മായി, ഒരു കാലിനു നീളക്കുറവുള്ള അതിക്രൂരനും സ്ത്രീലമ്പടനുമായ ജന്മി, ക്രൂരരായ കാര്യസ്ഥന്മാർ തുടങ്ങി മൂപ്പും കരുത്തുമുള്ള അനേകം കഥാപാത്രങ്ങൾ നോവലിലെ 240 പുറങ്ങളിലൂടെ കടന്നുപോകുന്നുണ്ട്.
ഭാഷയുടെ ജനകീയത ഈ നോവലിന്റെ പ്രത്യേകതയായി തോന്നുന്നു. കാട്, വയൽ, ആന, പുഴ, ഗോത്രജനങ്ങളുടെയും ഒറ്റപ്പെട്ട സമൂഹങ്ങളുടെയും ദുരിത ജീവിതം എന്നിവ ഭാഷാ പ്രയോഗങ്ങൾകൊണ്ട് ആഖ്യാനം ചെയ്യുന്നു. ‘കാടുന മക്കക്കു എത്തര ദിവസ പട്ടിണി ഇന്തേലു ഒഞ്ചും പച്ച.” (കാടു മക്കൾക്ക് എത്ര ദിവസം പട്ടിണി കിടന്നാലും ഒന്നും പറ്റില്ല). ഗോത്രഭാഷകളിലെ പദങ്ങൾ, ഉപമകൾ, മിത്തുകൾ എന്നിവ ഉപയോഗിച്ചുള്ള എഴുത്ത് നോവലിന് ആധികാരികതയും ഒഴുക്കും സ്വാഭാവികതയും നൽകുന്നു.
ലീനിയറായ ആഖ്യാനമല്ല നോവലിന്റേത്. വാചാലതയേക്കാൾ ഭാവതീവ്രതക്ക് ആക്കംകൂട്ടുന്ന തരത്തിലുള്ളതാണ്. ശൈലിയുടെ ത്രിമാനതയും ബഹുഭാഷാപരമായ സമാന്തരതയും ഈ നോവലിൽ കാണാം. കഥാപാത്ര നിർണയം, പശ്ചാത്തലത്തിന്റെ ആഴങ്ങൾ, കലാപരമായ യാഥാർഥ്യബോധം എന്നിവ നോവലിന് സമകാലികതയും യഥാതഥ്യതയും നൽകുന്നു.
പാട്ടുകൾ, അനുഷ്ഠാനകഥകൾ, ഇന്ദ്രിയാനുഭവങ്ങൾ എന്നിവയിലൂടെ ചരിത്രത്തിന്റെ ഇരുട്ടിടങ്ങൾ പ്രകാശിപ്പിക്കുന്നുണ്ട് നോവലിസ്റ്റ്. ‘കീളുവാരങ്ങൾ’ മലയാള സാഹിത്യത്തിലെ പണിയ ഗോത്രജീവിതത്തിന്റെ അപൂർവവും ആഴമേറിയതുമായ ചിത്രീകരണമാണ്.
ഗോത്രജീവിതത്തിന്റെ ആഴമേറിയ ചിത്രീകരണം മാത്രമല്ല, സമകാലിക സാമൂഹിക-രാഷ്ട്രീയ-പരിസ്ഥിതി പ്രതിസന്ധികളുടെ പ്രതിഫലനംകൂടിയാണ്. ഗ്രാംഷിയുടെ ഹെജിമണി-സബാൾട്ടേൺ സങ്കൽപങ്ങൾ മുതൽ സ്പിവാക്കിന്റെ ‘നിശ്ശബ്ദതയുടെ ചോദ്യം’ വരെ, ഇക്കോക്രിട്ടിസിസം, പോസ്റ്റ്കൊളോണിയലിസം, ഫെമിനിസം, മാർക്സിസം, സാംസ്കാരിക പഠനങ്ങൾ എന്നിവയിലൂടെ വായിക്കുമ്പോൾ, ഈ നോവൽ രാഷ്ട്രീയമായ ഒരിടപെടൽ കൂടിയായി മാറുന്നുണ്ട്. സമകാല ഇന്ത്യൻഭരണകൂട വ്യവസ്ഥിതിയിൽ ഫാഷിസ്റ്റ് പ്രത്യയശാസ്ത്രം നിശ്ശബ്ദരാക്കപ്പെട്ട പണിയഗോത്ര മനുഷ്യരെ എപ്രകാരമായിരിക്കും ഇല്ലാതാക്കുക എന്നുള്ള ചിന്തയുടെ ഒരടര് ഈ നോവൽ ഉൾക്കൊള്ളുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.