ഇ.പി. ജയരാജന്‍റെ ആത്മകഥ ‘ഇതാണെന്‍റെ ജീവിതം’

കട്ടൻചായയും പരിപ്പുവടയുമല്ല, ഇ.പിയുടെ ആത്മകഥ ‘ഇതാണെന്റെ ജീവിതം’; പ്രകാശനം തിങ്കളാഴ്ച

കണ്ണൂർ: സി.പി.എം കേന്ദ്രകമ്മിറ്റിയംഗം ഇ.പി.ജയരാജന്റെ ആത്മകഥ ‘ഇതാണെന്റെ ജീവിതം’ നവംബർ മൂന്ന് തിങ്കളാഴ്ച പ്രകാശനം ചെയ്യും. വൈകിട്ട്‌ നാലുമണിക്ക് കണ്ണൂർ ടൗൺസ്ക്വയറിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ കഥാകൃത്ത് ടി.പത്മനാഭന് കൈമാറിയാണ് പുസ്തകം പ്രകാശനം ചെയ്യുക. ചടങ്ങിന്റെ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി സംഘാടകസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗം രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി, മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ, ഗോവ മുൻ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള, സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ തുടങ്ങിയവർ സംസാരിക്കും. സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് അധ്യക്ഷത വഹിക്കും. 

ആറുപതിറ്റാണ്ടിലേറെ നീണ്ട രാഷ്ട്രീയജീവിതത്തിലേക്കുള്ള തിരിഞ്ഞുനോട്ടമാണ് ഇ.പിയുടെ ആത്മകഥയായ ‘ഇതാണെന്റെ ജീവിത’ത്തിന്റെ ഇതിവൃത്തം. മാതൃഭൂമി ബുക്സ് ആണ് പ്രസാധകർ. വിദ്യാർഥിസംഘടനയായ കെ.എസ്.എഫിലൂടെ തുടങ്ങി ഡി.വൈ.എഫ്.ഐയുടെ ആദ്യത്തെ അഖിലേന്ത്യ പ്രസിഡന്റും സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയും കേന്ദ്രകമ്മിറ്റിയംഗവും മന്ത്രിയുമെല്ലാമായി വളർന്ന ഇ.പിയുടെ ആത്മകഥ സംഘർഷങ്ങൾ നിറഞ്ഞ കാലത്തിന്റെ കഥയാണ്.

നേരത്തെ ‘കട്ടൻചായയും പരിപ്പുവടയും’ എന്ന പേരിൽ ഇ.പിയുടെ ആത്മകഥ പുറത്തിറങ്ങുന്നതായി ഡി.സി ബുക്സ് പ്രഖ്യാപിക്കുകയും പിന്നാലെ പുസ്തകത്തിന്‍റെ സോഫ്റ്റ് കോപ്പി ചോർന്നതും വലിയ വിവാദത്തിന് കാരണമായിരുന്നു. പാർട്ടിക്കെതിരെ ഇ.പി വലിയ വിമർശനമുന്നയിക്കുന്നുവെന്നായിരുന്നു റിപ്പോർട്ട്. ഇതിനു പിന്നാലെ ഇത് തന്‍റെ ആത്മകഥയല്ലെന്നും ആ പേര് ഉപയോഗിക്കില്ലെന്നും ത​ന്നെ പരിഹസിക്കാൻ ഡി.സി. ബുക്സ് മനപ്പൂർവം അങ്ങനെ നൽകിയതാണെന്നും വിശദീകരിച്ച് ഇ.പി രംഗത്തെത്തി.

കഴിഞ്ഞ ഡിസംബർ വരെയുള്ള ജീവിതമാണ് ആത്മകതയലുണ്ടാകുകയെന്ന് ഇ.പി വ്യക്തമാക്കി. ബാക്കിയുള്ള ജീവിതചരിത്രം അടുത്ത ഭാഗത്തുണ്ടാകും. ആത്മകഥക്ക് രണ്ടോ മൂന്നോ ഭാഗം വരെയുണ്ടാകാം. സമൂഹമാധ്യമങ്ങളിൽ ആത്മകഥയെന്ന പേരിൽ പ്രചരിച്ച ഭാഗങ്ങൾ തന്റേതല്ല. അതിനെതിരെ ഡി.സി ബുക്സിനെതിരായ നിയമ നടപടികൾ നടക്കുന്നതായും അദ്ദേഹം പറഞ്ഞു. പാലക്കാട് ഉപതിരഞ്ഞെടുപ്പിന് തലേന്നാണ് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി ‘കട്ടൻചായയും പരിപ്പുവടയും -ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം’ എന്ന പേരിൽ ഇ.പി. ജയരാജന്റെ പേരിലുള്ള ആത്മകഥ പുറത്തുവന്നിരുന്നത്.

Tags:    
News Summary - EP Jayarajan Autobiography Ithanente Jeevitham to be released on Monday 3rd November

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 06:29 GMT