സിനിമകളിലെ ദലിത് ദൃശ്യതകൾ -രാകേഷ് നാഥ്

മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി കറുപ്പിന്റെ രാഷ്ട്രീയ സൗന്ദര്യശാസ്ത്രം മുഴുനീളം പരിശോധിക്കുകയും പഠിക്കുകയും ചെയ്യുന്ന കൃതിയാണ് ഡോ. രാജേഷ് എം.ആർ രചിച്ച സിനിമകളിലെ ദലിത് ദൃശ്യതകൾ എന്ന പുസ്തകം. ആധുനികാനന്തര കാലഘട്ടങ്ങളിലെ ദലിത് പ്രതിനിധാനങ്ങളിൽ നിന്നുള്ള സാംസ്കാരിക പരിപ്രേക്ഷ്യങ്ങളാണ് ഈ ഗ്രന്ഥത്തിൽ ചർച്ചക്കും പഠനത്തിനും വിധേയമാകുന്നത്. ചലച്ചിത്ര കലയിൽ സംസ്കാരം ഏതു വിധത്തിലാണ് ആവിഷ്കരിക്കപ്പെടുന്നത്, ഉപയോഗിക്കപ്പെടുന്നത് എന്നതൊക്കെ ചിന്തിക്കേണ്ടുന്ന രീതികൾ, അതിന്റെ തന്നെ രാഷ്ട്രീയപരമായ വായനകൾ ഇതെല്ലാം ഈ പുസ്തകത്തിലെ പ്രധാന പഠന നിരീക്ഷണങ്ങളാണ്.

ആദ്യകാല മലയാള സിനിമയിൽ ആവിഷ്കരിക്കപ്പെട്ട ദലിത് ലോകത്തെ സൂക്ഷ്മമായി ഗ്രന്ഥകാരൻ നിരീക്ഷിക്കുന്നുണ്ട്: വനമാല (1951), കാട്ടുതുളസി (1965), കാട്ടുമല്ലിക (1966), എന്നിങ്ങനെ നിരവധി ആദ്യകാല സിനിമകളിൽ കാട്ടുവാസികളുടെ റോളിൽ ദലിതർ അവതരിപ്പിക്കപ്പെടുന്ന രീതി കാണുന്നുണ്ട്. പരിഷ്കൃത സമൂഹത്തിൽ നിന്നും വ്യത്യസ്തമായ അപരിഷ്കൃത ലോകം, അപരലോകം എന്ന തലത്തിലാണത്. അവരുടെ വേഷം, ആചാരം, വിശ്വാസം, കല, ജീവിതം തുടങ്ങിയവയെല്ലാം ആധുനിക സമൂഹത്തിന് യോജിച്ചതല്ലായെന്ന കാഴ്ചപ്പാടും ഇത്തരം സിനിമകൾ നിർമിച്ചെടുക്കുന്നുണ്ട്. കാടത്ത സ്വഭാവവും ഭാഷയും നൃത്തവും എല്ലാം ആധുനിക നായകകർത്തൃത്വത്തിന്റെയും ആധുനിക സമൂഹത്തിലെ പ്രേക്ഷക സമൂഹത്തിന്റെയും മുന്നിൽ കീഴാളമാക്കപ്പെടുന്നു. സിനിമയുടെ കേന്ദ്ര സ്വഭാവത്തിലേക്ക് (മുഖ്യധാരയിലേക്ക്) കടന്നുകയറാനാകാതെ വിലക്കു കൽപിക്കപ്പെട്ടവരാണ് ഇത്തരം കഥാപാത്രങ്ങൾ. (പേജ് 18)

സമാന്തര സിനിമകളിൽ രാഷ്ട്രീയത്തിനും മധ്യവർഗത്തിനും പ്രാമുഖ്യം നൽകുന്നു. അപ്പോഴും ദലിത് ജീവിതത്തെ സംബന്ധിച്ച് ഒരു വ്യാകുലതകളും മലയാള സിനിമയ്ക്കുണ്ടായില്ല എന്നതും സത്യമാണ്. ഒരിടത്ത് ഗ്രന്ഥകാരൻ ഇങ്ങനെ പറയുന്നു: ‘സവർണ നായകന്റെ വൈയക്തികാനുഭവങ്ങൾക്കാണ് സിനിമകളും മുൻതൂക്കം നൽകിയിരുന്നത്. ദേശ രാഷ്ട്രത്തെ സംബന്ധിച്ച വ്യാകുലതകൾ പേറുന്ന ഈ സവർണ വൈയക്തിക ജീവിതങ്ങൾ എന്നാൽ ദളിതരുടെ ജീവിതത്തെ സംബന്ധിച്ച് വ്യാകുലപ്പെട്ടിരുന്നില്ല. പട്ടിണിയും രോഗവും മൂലം കഷ്ടപ്പെട്ട അവരുടെ ജീവിതമല്ല സമാന്തര സിനിമകൾ ആവിഷ്കരിച്ചിരുന്നത്, വിദ്യാസമ്പന്നരായ സവർണ മധ്യവർഗത്തിന്റെ വേദനകളാണ്. കീഴാളർ ഗവൺമെന്റ് രേഖകളിൽ ജോലി ചെയുന്നതിന്റെ അസ്വസ്ഥതകളും ഇത്തരം സിനിമകളിലെ സാമൂഹ്യ പശ്ചാത്തലത്തിൽ കാണാം. ലിബറൽ വ്യക്തിവാദ ആധുനിതയും കീഴാള ജനകീയ ആധുനികതെയും സമാന്തരമായി ഇത്തരം സിനിമകളിൽ തുടരുന്നുണ്ടെന്ന് ഇന്നു തിരിച്ചറിയുന്നുണ്ട്. (പേജ്:33)

ആഗോളവത്കരണം, ബഹുരാഷ്ട്രമുതലാളിത്തം, പുരോഗമന പ്രസ്ഥാനങ്ങൾ ഇവയിൽ കൂടി കടന്നുവരുന്ന തൊണ്ണൂറുകളിലെ മുഖ്യധാരാ മലയാള സിനിമയിലെയും ദലിത് ബോധത്തെ വായിച്ചെടുക്കുവാൻ ഗ്രന്ഥകർത്താവ് ശ്രമിക്കുന്നുണ്ട്. ജനാധിപത്യ വ്യവസ്ഥകളും നവ ഹൈന്ദവ വാദങ്ങളും ഉരുത്തിരിയുന്ന തിരക്കഥകളിലേക്ക് മലയാള സിനിമയുടെ ജാതകം മാറുന്നു. ദേവാധികാരത്തെ അബോധത്തിൽ സ്വാംശീകരിക്കുന്ന മനോഘടനയും സാമൂഹ്യഘടനയും അതാത് കാലഘട്ടത്തെയും സ്വാധീനിച്ചു എന്നു കണ്ടെത്തുന്നു.

ദലിതർ സംവരണത്തിലൂടെ അധികാരത്തിലെത്തിയപ്പോൾ ഭരണകൂട സ്ഥാപനങ്ങൾ മലിനപ്പെട്ടതായും അഴിമതി കൂടിയതായും ചൂണ്ടിക്കാട്ടുന്ന സിനിമകളും തൊണ്ണൂറുകളിൽ തന്നെ മലയാള സിനിമയിൽ ഉണ്ടായി എന്നതും ഇന്ന് ശ്രദ്ധിക്കുമ്പോൾ നാം അത്ഭുതപ്പെട്ടേക്കാം. ചാതുർവർണ്യത്തെ പ്രതിലോമ ജനപ്രിയ സിനിമകൾ നിരന്തരം തോളിലേറ്റി നടന്നതായി പിന്നീട് വന്ന ചലച്ചിത്ര ശ്രേണി ശ്രദ്ധിച്ചാൽ നമുക്ക് മനസിലാക്കാം. പുതിയ മലയാള സിനിമയിലെ ഡിജിറ്റൽ കാലത്തിൽ ദലിത് വിഭാഗങ്ങളുടെ പാർശ്വവത്കരണവും അദൃശ്യതയും തുടരുന്നതായും ഗ്രന്ഥകർത്താവ് കണ്ടെത്തുന്നു.

കീഴാള പശ്ചാത്തലത്തിൽ വരുന്ന നടൻമാർക്ക് ഇപ്പോഴും നൽകുന്ന വംശീയ വാർപ്പു മാതൃകകളെ കഠിനമായി വിമർശിക്കുന്നുമുണ്ട്. ജാതീയത, മനുഷ്യവിരുദ്ധതകൾ, സവർണ ബോധം, ആത്മാഭിമാനം, ജാതിവിവേചനം, രാഷ്ട്രീയ പ്രസ്ഥാനങ്ങൾ, നിയമവ്യവസ്ഥകൾ, സമരങ്ങൾ, ആണത്താധികാരവ്യവസ്ഥകൾ, കോർപറേറ്റ് വത്കരണം, ബ്രാഹ്മന്ന അധീശത്വം, സ്വത്വ വൈവിധ്യ രാഷ്ട്രീയം, കുടിയേറ്റം ഇതെല്ലാം ദലിത് പ്രത്യയശാസ്ത്രത്തെ നിലനിർത്തുന്ന ഘടകങ്ങളായിട്ടുകൂടി പൂർണമായി ഒരു ബഹുജന സംസ്കാര ചിന്തയായി മാറ്റുവാൻ മലയാള സിനിമക്ക് ഇതുവരെ സാധിച്ചില്ല എന്നു അടിവരയിടുന്നിടത്താണ് ഈ പഠനത്തിന്റെ കാതൽ നമുക്ക് ലഭ്യമാകുന്നത്.

ഫോക് ലോർ ക്ലാസിക് സംസ്കാരത്തിലും ഗുണദോഷങ്ങൾ ഏറെ ഉണ്ടായി എന്നും കാണാം. ഗ്രന്ഥകാരന്റെ ഒരു നിരീക്ഷണം കൂടി എടുക്കാം. ‘സമൂഹത്തിൽ പ്രചാരം നേടിയ ഒരു ഫോക് ലോർ രൂപത്തിന്റെ മാതൃകയിൽ പുതിയ ഒന്ന് ബോധപൂർവം സൃഷ്ടിച്ച് ആശയ പ്രചാരണം നടത്തുന്നതിനെ പ്രായോഗിക ഫോക്ലോർ എന്നു പറയുന്നു. മതമേധാവിത്ത ശക്തികളും രാഷ്ട്രീയക്കാരും ഫോക് ലോറിനെ തങ്ങളുടെ ആവശ്യങ്ങൾക്കു വേണ്ടി ഫലപ്രദമായി ഉപയോഗപ്പെടുത്തിപ്പോരുന്നു. ഇന്ന് ദൃശ്യമാധ്യമങ്ങളും ഫോക് ലോറിനെ ഇത്തരത്തിൽ കെട്ടുകാഴ്ചകളായി, ദൃശ്യവിസ്മയം ഉണ്ടാക്കുവാനായി ഉപയോഗിക്കുന്നുണ്ട്. ‘പുലിജൻമം, തോറ്റം എന്നീ ചിത്രങ്ങളിലെ രാഷ്ട്രീയ വായനകളെയും മറക്കാതെ പുസ്തകത്തിൽ ഗ്രന്ഥകർത്താവ് രേഖപ്പെടുത്തി വെയ്ക്കുന്നുണ്ട്.

നിരവധി ഘടകങ്ങൾ ദലിത് രാഷ്ട്രീയ വായനകളായി മാറ്റുന്നു വെന്ന് തുടർ അധ്യായങ്ങളിൽ ഗ്രന്ഥകർത്താവ്. ദേശം, പ്രകൃതി, രാഷ്ട്രീയം, വിദ്യാഭ്യാസം, ദളിത്- ആദിവാസി ഭൂസമരങ്ങൾ, തോട്ടിത്തൊഴിലാളികൾ, നഗരവത്കരണം, ജാതിയും തൊഴിലും ഇതെല്ലാം ദലിത് വ്യവസ്ഥകളെ എപ്രകാരം പ്രതിനിധാനം ചെയ്യുന്നുവെന്ന് നിരീക്ഷണങ്ങൾ തുറന്നുകാട്ടുന്നു. പാപ്പിലിയോ ബുദ്ധ എന്ന ചിത്രം വിശദമായ വിശകലനത്തിന് വിധേയമാക്കുന്നതായി കാണാം. പ്രബുദ്ധതയും ഇന്ത്യൻ തത്ത്വചിന്തയും കീഴാള സംസ്കാരത്തിനു നൽകിയ സംഭാവനകളെയും രേഖപ്പെടുത്തുന്നുണ്ട്.

കമ്മട്ടിപ്പാടം മുതൽ ഒഴിവുദിവസത്തെ കളി വരെ നീളുന്ന നവജനകീയ സിനിമയിലെ അധികാര ശക്തി ആലേഖനം ചെയ്യുന്ന ദലിത് ശരീരങ്ങളെയും കണ്ടെടുക്കുന്നു. രാഷ്ട്രീയ വ്യവഹാരത്തിന്റെ ഇരകളായി ദലിത് ജീവിതം നിർമിക്കപ്പെട്ടുകൊണ്ടിരിക്കയാണെന്നും ഈ അധ്യായം ചൂണ്ടിക്കാട്ടുന്നു.

ആവിഷ്കാര സ്വാതന്ത്ര്യം എന്ന ദർശനത്തെ മറികടക്കുകയും അധികാരരൂപത്തിന്റെ സവർണ പ്രത്യയശാസ്ത്രങ്ങൾ സെൻസറിംഗിലൂടെ അധീശത്വം പുലർത്തുകയും ചെയ്യുന്ന സ്ഥിതി വിശേഷം ഇപ്പോഴും തുടരുന്നു എന്ന നഗ്ന സത്യം നാം തിരിച്ചറിയണം. ‘കലയിലും സാഹിത്യത്തിലുമെല്ലാം സെൻസർഷിപ് ഭരണകൂടം ഏർപ്പെടുത്തുന്നത് ദലിത് സമൂഹത്തിന്റെ ആവിഷ്കാരത്തിന് തടസ്സമാകുന്നുണ്ട്. സാമൂഹിക നീതിക്കും തുല്യ നീതി സങ്കൽപത്തിനും നേരെയുള്ള കടന്നാക്രമണമാണ് ഇത്തരത്തിലുള്ള സെൻസർ പ്രവർത്തനങ്ങൾ. ദലിത് രാഷ്ട്രീയം അവതരിപ്പിക്കുന്ന സിനിമകൾ നിലവിലുള്ള സൗന്ദര്യ രാഷ്ട്രീയ പ്രതിനിധാന സൗന്ദര്യത്തെയാണ് വിമർശനം ചെയ്യുന്നത്’. (പേജ്:186)

ആദിവാസി ജീവിതത്തെ ആവിഷ്കരിക്കുന്നതിൽ മലയാള സിനിമ കാണിച്ച വ്യത്യസ്ത നിലപാടുകളെയും ഗ്രന്ഥകർത്താവ് സമർത്ഥമായി ചൂണ്ടിക്കാണിക്കുന്നു. ആദിവാസി സംജ്ഞ, ഗോത്രവർഗങ്ങൾ, ഇത്തരം വൈവിധ്യ രൂപത്തെ പുതിയ മലയാള സിനിമകൾ അൽപം മാനിച്ചു തുടങ്ങിയിരിക്കുന്നുവെന്നും പറയുന്നു. ആദിവാസി ജീവിതത്തിനേൽക്കുന്ന സാമൂഹ്യവീക്ഷണങ്ങളെ എങ്ങനെ സിനിമ സങ്കൽപങ്ങൾ സ്വീകരിക്കുന്നുവെന്നും ഉദാഹരണ സഹിതം വിശദമാക്കുന്നു. ഇവിടെയും പ്രശ്ന രൂപങ്ങൾ ഉടലെടുക്കുന്നതായും വിശകലനം ചെയ്യുന്നുണ്ട്.പരിസ്ഥിതി, ചൂഷണം, പീഡനം, പ്രതിരോധം എന്നീ സാമൂഹ്യ വിഷയ വാദങ്ങൾ കൂടി ഗ്രന്ഥകർത്താവ് ഈ ലേഖനത്തിൽ ഉൾപ്പെടുത്തുന്നുണ്ട്. ചുരുക്കത്തിൽ രാജേഷ് എം.ആർ എഴുതിയ സിനിമകളിലെ ദലിത് ദൃശ്യതകൾ എന്ന പുസ്തകം യുക്തിയും വസ്തുനിഷ്ഠവുമായ വിചാരങ്ങളും കൊണ്ട് വായിക്കപ്പെടേണ്ട പുസ്തകമായി മാറുന്നു.

പ്രസാധകർ -പ്രണത ബുക്സ് കൊച്ചി :വില -400

Tags:    
News Summary - Dalit visibility in films - Rakesh Nath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-01-25 07:47 GMT
access_time 2026-01-25 07:33 GMT