ജെഫ്രി ആർച്ചർ

സാഹിത്യലോകത്തെ കീഴടക്കിയ 'മാസ്റ്റർ സ്റ്റോറിടെല്ലർ' ജെഫ്രി ആർച്ചർ അന്തരിച്ചു

ലണ്ടൻ: ലോകമെമ്പാടും കോടിക്കണക്കിന് വായനക്കാരെ സമ്പാദിച്ച പ്രശസ്ത ബ്രിട്ടീഷ് എഴുത്തുകാരനും മുൻ രാഷ്ട്രീയനേതാവുമായ ജെഫ്രി ആർച്ചർ(86) അന്തരിച്ചു. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട സാഹിത്യജീവിതത്തിൽ ‘കെയ്ൻ ആൻഡ് ആബേൽ’, ‘ക്ലിഫ്റ്റൻ ക്രോണിക്കിൾസ്’ തുടങ്ങിയ ലോകപ്രശസ്ത കൃതികളിലൂടെ മുന്നൂറിലധികം ദശലക്ഷം പുസ്തകങ്ങളാണ് അദ്ദേഹം വിറ്റഴിച്ചത്. തിങ്കളാഴ്ച വീട്ടിൽ വെച്ചായിരുന്നു അന്ത്യമെന്ന് പ്രസാധകരായ ഹാർപർകോളിൻസ് പ്രസ്താവനയിലൂടെ അറിയിച്ചു.

ജീവിതത്തിന്റെ അവസാന നിമിഷം വരെ എഴുത്തിലും വായനക്കാരുമായുള്ള സംവാദങ്ങളിലും അദ്ദേഹം സജീവമായിരുന്നു. അദ്ദേഹത്തിന്റെ അവസാന നോവലായ ‘ആദം ആൻഡ് ഈവ്’ ഈ ആഴ്ച പുറത്തിറങ്ങാനിരിക്കെയാണ് മരണം. കഴിഞ്ഞ ഞായറാഴ്ച ലണ്ടനിലെ ലെസ്റ്റർ സ്ക്വയർ തിയറ്ററിൽ ആരാധകർക്കായി പുസ്തകങ്ങളിൽ ഒപ്പിട്ടുനൽകുന്ന ചടങ്ങിലും അദ്ദേഹം പങ്കെടുത്തിരുന്നു. ഒപ്പം തന്റെ മുൻ സ്കൂൾ സന്ദർശിച്ചും പുതിയ തലമുറയിലെ കുട്ടികളോട് സംവദിച്ചും അദ്ദേഹം തന്റെ അവസാന പുസ്തകത്തിന്റെ പ്രൊമോഷൻ തിരക്കുകളിലായിരുന്നു. 1975 ൽ പ്രസിദ്ധീകരിച്ച :നോട്ട് എ പെന്നി മോർ, നോട്ട് എ പെന്നി ലെസ്’ ആണ് ആർചറുടെ ആദ്യ നോവൽ. 2014 ൽ താൻ കാൻസർ ബാധിതനാണെന്ന് ആർചർ വെളിപ്പെടുത്തിയിരുന്നു.

1940 ഏപ്രിൽ 15-ന് വടക്കൻ ലണ്ടനിൽ ജനിച്ച ആർച്ചർ, തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കത്തിൽ കൺസർവേറ്റീവ് പാർട്ടി എം.പിയായും പാർട്ടി ഡെപ്യൂട്ടി ചെയർമാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. എന്നാൽ 1987ൽ ഒരു പത്രത്തിനെതിരെ നൽകിയ മാനനഷ്ടക്കേസിൽ കള്ളസാക്ഷി പറഞ്ഞുവെന്ന കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് 2001ൽ അദ്ദേഹത്തിന് നാല് വർഷത്തെ തടവുശിക്ഷ ലഭിക്കുകയും രാഷ്ട്രീയ ജീവിതത്തിൽ തിരിച്ചടി നേരിടുകയും ചെയ്തു. 2003ൽ മോചിതനായ അദ്ദേഹം പിന്നീട് ലേർഡ്സ് പ്രഭുസഭയിൽ സജീവമായിരിക്കുകയും 2024-ൽ അവിടെനിന്ന് വിരമിക്കുകയും ചെയ്തു. 2023ൽ ആർചർ കേരളത്തിൽ സന്ദർശനം നടത്തിയിട്ടുണ്ട്.

Tags:    
News Summary - Author and former politician Jeffrey Archer dies aged 86

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.