മലയാളം പള്ളിക്കൂടത്തിലെ വിദ്യാർഥികളെ എഴുത്തു പഠിപ്പിക്കുന്നു - ഫോട്ടോ: അരവിന്ദ് ലെനിൻ
‘കേട്ടിട്ടില്ലേ... കേട്ടിട്ടില്ലേ കുട്ടികളേ,
പഴയൊരു ചാലക്കമ്പോളം, ആ
ചാലയ്ക്കെന്തൊരു ചേലാണ്
കാലം കാത്തൊരു ചേലാണ്.
പച്ചക്കറിയും പൂച്ചെണ്ടും
പലവ്യഞ്ജനവും ചോക്ലേറ്റും
എല്ലാം കിട്ടും ചാലേല്
സഞ്ചി നിറച്ചും വാങ്ങീടാം.’
ഭാഷാപ്രതിജ്ഞ
ഈ പാട്ടുംപാടി കഴിഞ്ഞ ഞായറാഴ്ച അപ്രതീക്ഷിതമായി ഒരുകൂട്ടം കുട്ടികൾ ചാലക്കമ്പോളത്തിലെത്തി. ചാലയിലെ കച്ചവടക്കാർക്ക് ആദ്യം അമ്പരപ്പായിരുന്നു. പിന്നെ കുട്ടികൾ ധരിച്ച ബാഡ്ജ് കണ്ടപ്പോഴാണ് മലയാളം പള്ളിക്കൂടത്തിൽനിന്നുള്ള കുട്ടികളാണ് അതെന്ന് തിരിച്ചറിഞ്ഞത്. ചാലയുടെ ചരിത്രവും പൈതൃകവും തേടിയുള്ള പഠനയാത്രക്കെത്തിയ സംഘമാണെന്ന് മനസ്സിലാക്കിയ വ്യാപാരികൾ അവധിദിവസത്തിന്റെ ആലസ്യം മറന്ന് കുട്ടികൾക്കൊപ്പം കൂടി.
അവർ ചാല കമ്പോളത്തിനകത്തെ ഓരോ തെരുവും കയറിയിറങ്ങി. ചരിത്രം വിവരിക്കാൻ മാധ്യമ പ്രവർത്തകൻ ശശി ശേഖറും സാംസ്കാരിക പ്രവർത്തകരും കുട്ടികൾക്കൊപ്പം. പച്ചക്കറിയും പലചരക്കുമൊക്കെ മലയാളത്തിൽ ചോദിച്ചുവാങ്ങി വിലയും തൂക്കവും പട്ടികപ്പെടുത്തുക എന്നതായിരുന്നു കുട്ടികൾക്കുള്ള ഗൃഹപാഠം. തലസ്ഥാന നഗരിയിൽ തൈക്കാട് ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിന്റെ എൽ.പി വിഭാഗത്തിൽ ഞായറാഴ്ചകളിൽ പ്രവർത്തിക്കുന്ന മലയാളം പള്ളിക്കൂടത്തിന്റെ പാഠ്യപദ്ധതിയിലെ ഒരു അധ്യായമായിരുന്നു അത്.
മലയാളത്തിനുവേണ്ടി മാത്രം ഒരു വിദ്യാലയം. തൈക്കാട് ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിന്റെ എൽ.പി വിഭാഗത്തിൽ ഞായറാഴ്ചകളിൽ പ്രവർത്തിക്കുന്ന മലയാളം പള്ളിക്കൂടം
ഇന്നത്തെ പാഠ്യപദ്ധതി പ്രകാരം നമ്മുടെ മാതൃഭാഷ രണ്ടാം ഭാഷയുടെ സ്ഥാനത്തേക്കു പോയപ്പോൾ കുട്ടികൾക്ക് ഭാഷക്കുള്ളിൽ കുടികൊള്ളുന്ന ഒട്ടേറെ നാട്ടറിവുകൾ കിട്ടാക്കനിയായിത്തീർന്നു. അറിവിന്റെ ഈ വിടവുകൾ നികത്തുകയാണ് മലയാളം പള്ളിക്കൂടം. ഭാഷാ പഠനത്തോടൊപ്പം പാഠപുസ്തകങ്ങൾക്കു പുറത്തുള്ള ചരിത്രവും സംസ്കാരവും പൈതൃകവുമൊക്കെ കുട്ടികളിലെത്തിക്കുന്നതിനുള്ള മഹാപ്രയത്നമാണ് മലയാളം പള്ളിക്കൂടത്തിന്റേത്. മാധ്യമ പ്രവർത്തകരും എഴുത്തുകാരുമായ ഗോപി നാരായണനും ഡോ. ജെസി നാരായണനും അമരത്തു നിന്ന് പ്രവർത്തിക്കുന്ന പള്ളിക്കൂടം അതിന്റെ ഉന്നതമായ ലക്ഷ്യങ്ങളുമായി പത്തുവർഷം പിന്നിട്ടിരിക്കുകയാണ്.
കോവിഡ് കഴിഞ്ഞ് ഏറെക്കാലത്തെ ഇടവേളക്കുശേഷം കുട്ടികൾക്ക് ചക്കപ്പുഴുക്കും ഉപ്പുമാവും നൽകിയാണ് മലയാളം പള്ളിക്കൂടം തുറന്നത്. അന്ന് ചക്കയുടെ മാഹാത്മ്യവും രുചിയും ഔഷധഗുണവുമെല്ലാം കുട്ടികൾ തൊട്ടും കണ്ടും രുചിച്ചും മണത്തുമെല്ലാം അറിഞ്ഞു. ആശാൻ കളരിയുടെ ഈണവും മണവുമുള്ള മലയാളം പള്ളിക്കൂടത്തിൽ പേനയും കടലാസും ഗൃഹപാഠവും ഒന്നുമില്ല. പാട്ടുപാടാം, പടം വരക്കാം, മണ്ണിൽ എഴുതി അക്ഷരം പഠിക്കാം.
പതിവ് ക്ലാസ് മുറികളോ ടൈംടേബിളോ അച്ചടക്കത്തിന്റെ വാളോങ്ങിയുള്ള മനഃപാഠമാക്കലോ ഗൃഹപാഠമോ പരീക്ഷയോ മാർക്കോ ഗ്രേഡിങ്ങോ ഒന്നുമല്ല അറിവിന്റെ വഴിതുറക്കുന്നത് എന്ന തിരിച്ചറിവാണ് ഈ ഉദ്യമത്തിന് പിന്നിൽ. മനുഷ്യർ ഓരോ പാഠവും സ്വായത്തമാക്കുന്നത് അവരുടെ അനുഭവത്തിൽ നിന്നാണല്ലോ. അത്തരമൊരു പാഠ്യപദ്ധതിയാണ് ഈ പള്ളിക്കൂടം ആവിഷ്കരിച്ചിരിക്കുന്നത്.
കുട്ടികൾക്ക് ആവുന്നത്ര ഉച്ചത്തിൽ ആർപ്പു വിളിക്കാം, ഉറക്കെ കൂവാനും അനുമതിയുണ്ട്. ഒപ്പം രസമുള്ള നുണകൾ പറഞ്ഞ് ഭാവനയും സങ്കൽപവും വളർത്താനുമാവും. മൊബൈൽ സ്ക്രീനുകൾക്ക് അപ്പുറത്തൊരു ലോകമുണ്ടെന്ന് തിരിച്ചറിഞ്ഞ് മലയാളം പള്ളിക്കൂടത്തിലെത്തുന്ന കുട്ടികളുടെ വളർച്ചക്കൊപ്പം മലയാളവും ഉണ്ടാകും.
കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ ഇവിടെനിന്നും അക്ഷരരുചി നുകർന്ന അയ്യായിരത്തിൽപരം കുട്ടികളുടെ കൂട്ടായ്മ ഇത് തെളിയിക്കുന്നു. ഇതൊക്കെയാണ് മലയാളം പള്ളിക്കൂടം, അല്ലെങ്കിൽ ഇത്രയൊക്കെയുണ്ട് മലയാളം പള്ളിക്കൂടം എന്ന് ചുരുക്കി പറയാം. ഒന്നു തൊട്ടാൽ നാണിച്ച് തലതാഴ്ത്തുന്ന തൊട്ടാവാടി, മുറ്റത്തെ മധുര നെല്ലിക്കകൊണ്ട് അമ്മാനമാടി കളിക്കുന്ന കുട്ടികൾ, ക്ലാസിൽ ഒന്നാകെ കലപില, മേളം, നാടൻപാട്ട്, നിലത്തെഴുത്ത്, മുത്തശ്ശികഥ ഇതൊക്കെയാണ് മലയാളം പള്ളിക്കൂടം.
മലയാളം പള്ളിക്കൂടത്തിലുള്ളവർ പഠനയാത്രക്കിടെ
ഭാഷാചാതുര്യം പ്രവാസി വിദ്യാർഥികളിലേക്ക്
പുതിയ ചുവടുമായി മലയാളം പള്ളിക്കൂടം ഇനി ആഗോള ശ്രദ്ധ കൈവരിക്കാൻ പോകുന്നു. ഭാഷയും സംസ്കാരവും അന്യംനിന്നു പോകാതിരിക്കാൻ, മലയാള ഭാഷാ ചാതുര്യം പ്രവാസി വിദ്യാർഥികളിലേക്കുകൂടി എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി. ഗൾഫ് നാടുകളിലെ അവധിക്കാലമായ ജൂൺ, ജൂലൈ മാസങ്ങളിൽ നാട്ടിൽ വരുന്നവർക്ക് റാപ്പിഡ് മലയാളം കോഴ്സ് എന്നപേരിൽ മലയാളം പള്ളിക്കൂടം അഞ്ച് ദിവസത്തെ തീവ്ര പരിശീലനം നൽകും. ഇതിന്റെ തുടർച്ചയായി ഓൺലൈൻ ക്ലാസുകളും പ്രത്യേക പുസ്തകങ്ങളും ലഭ്യമാക്കും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മൂന്ന് നഗരങ്ങൾ കേന്ദ്രീകരിച്ചായിരിക്കും റെസിഡൻഷ്യൽ ക്യാമ്പ്. വിദ്യാർഥികളെ ക്ലാസിൽ ചേർത്താൽ രക്ഷിതാക്കൾക്ക് തിരികെ പോകാം. കോഴ്സ് പൂർത്തിയാകുന്ന ദിവസം തിരികെ കൊണ്ടുപോകാം. ഇതിനായി പ്രവാസി സംഘടനകളുടെ സഹകരണം തേടുകയാണ് മലയാളം പള്ളിക്കൂടം. പുതിയ കാലത്തെ കുട്ടികൾക്ക് അവരുടെ വീട്ടിലും സ്കൂളിലും കിട്ടാതെപോകുന്ന അറിവുകളെന്തൊക്കെയാണോ അത് നികത്തുന്ന തരത്തിലുള്ള പാഠ്യപദ്ധതിയാണ് മലയാളം പള്ളിക്കൂടത്തിന്റെ സവിശേഷത.
നാട്ടറിവും നാട്ടുരുചിയും കൃഷിപാഠവും പുഴയറിവും നാടൻകളികളുമൊക്കെ പാഠ്യപദ്ധതിയുടെ ഭാഗമാണ്. പഠനസമ്മർദമൊന്നുമില്ലാതെ ലളിതമാർഗത്തിലൂടെയാണ് അക്ഷരമാല പഠനരീതി. വിദേശ രാജ്യങ്ങളൊക്കെ അനുവർത്തിക്കുന്ന പുതിയപാഠ്യപദ്ധതിയായ മോണ്ടിസോറിയുടെ തനി നാടൻ മാതൃകയാണ് മലയാളം പള്ളിക്കൂടം അനുവർത്തിക്കുന്നത്.
മലയാളഭാഷ, സംസ്കാരം, പൈതൃകം എന്നിവ നഷ്ടപ്പെട്ടുപോകുന്ന തലമുറക്ക് ഭാഷയുടെ സാംസ്കാരിക മൂല്യവും അക്ഷരോച്ചാരണവും പകർന്നുകൊണ്ടുള്ള സവിശേഷ പാഠ്യപദ്ധതിയാണ് മലയാളം പള്ളിക്കൂടത്തിന്റേത്. മണലിലെഴുതി അക്ഷരമാല പഠിപ്പിക്കുന്ന രീതിയാണ് അവലംബിക്കുന്നത്. സ്പർശത്തിന് ശബ്ദത്തേക്കാൾ വേഗത്തിൽ തലച്ചോറിലേക്ക് വിവരങ്ങൾ കൈമാറാൻ സാധിക്കുമെന്ന ഗവേഷണത്തിന്റെ പശ്ചാത്തലത്തിലാണ് മണലിലെഴുത്ത് രീതി പള്ളിക്കൂടം സ്വീകരിച്ചത്. അക്ഷരപ്പാട്ടുകളും കവിതകളും കുട്ടിക്കഥകളും നാടകങ്ങളും നാടൻകളികളും നാട്ടറിവുകൾ തേടിയുള്ള പഠനയാത്രയുമെല്ലാം ഉൾപ്പെടുന്ന ഈ പാഠ്യപദ്ധതി കുട്ടികൾക്ക് തെല്ലും പഠനഭാരമുണ്ടാകാത്ത വിധത്തിലാണ് ആസൂത്രണം ചെയ്യുന്നത്. പരീക്ഷകളില്ല. കേട്ടും കണ്ടും അനുഭവിച്ചും പഠിക്കാൻ നാല് കളരികളുണ്ടിവിടെ.
മധുസൂദനൻ നായരുടെ നേതൃത്വവും ഒ.എൻ.വി, സുഗതകുമാരി, ഡോ. ഡി. ബാബു പോൾ, വിഷ്ണു നാരായണൻ നമ്പൂതിരി, അടൂർ ഗോപാലകൃഷ്ണൻ, കാനായി കുഞ്ഞിരാമൻ, പെരുമ്പടവം ശ്രീധരൻ, ജോർജ് ഓണക്കൂർ, പ്രഭാവർമ, ഡോ. എൻ. അദിതി, ആർട്ടിസ്റ്റ് ഭട്ടതിരി, ഡോ. അച്യുത് ശങ്കർ എന്നിവരുൾപ്പെട്ട ഉപദേശകസമിതിയും പള്ളിക്കൂടത്തിന് ദിശാബോധം നൽകി. ഇപ്പോൾ മുഖ്യരക്ഷാധികാരി അടൂർ ഗോപാലകൃഷ്ണനാണ്. അധ്യക്ഷൻ നാരായണ ഭട്ടതിരിയും സെക്രട്ടറി ഡോ. ജെസി നാരായണനുമടക്കം ഏഴംഗ ട്രസ്റ്റാണ് പള്ളിക്കൂടത്തിന്റെ പ്രവർത്തനം നിയന്ത്രിക്കുന്നത്. വിദ്യാർഥികളുടെ അപ്പൂപ്പൻ സാറായ വട്ടപ്പറമ്പിൽ പീതാംബരനാണ് പ്രധാന അധ്യാപകൻ. വിദഗ്ധരായ ഒട്ടേറെ അധ്യാപകർ വേറെയുമുണ്ട്.
കേരളത്തിന്റെ ഭാഷാപ്രതിജ്ഞ രൂപംകൊണ്ടത് പള്ളിക്കൂടത്തിന്റെ ക്ലാസ് മുറിയിൽനിന്നാണ്. 2014ൽ എം.ടിയുടെ തൂലികത്തുമ്പിൽനിന്ന് ഉതിർന്നുവീണ വാക്യങ്ങൾ 2016ൽ സർക്കാർ ഭാഷാപ്രതിജ്ഞയായി അംഗീകരിച്ച് ഉത്തരവായി. മലയാളം ഒന്നാംഭാഷയാക്കുന്നതിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങളിൽ പള്ളിക്കൂടം മുന്നിലുണ്ടായിരുന്നു. സാംസ്കാരിക പഠനയാത്രയുടെ ഭാഗമായി തിരൂർ തുഞ്ചൻപറമ്പിലും ഒ.വി. വിജയന്റെ സ്മാരകമായ പാലക്കാട് തസ്രാക്കിലും കുട്ടികളെ കൊണ്ടുപോകാനായതും കൃഷിപാഠങ്ങൾ പകർന്നു നൽകുന്നതിനായി ആറ്റിങ്ങൽ പിരപ്പമൺകാട് പാടശേഖരത്തിൽ ആവണിപ്പാടം എന്ന പേരിൽ നെൽകൃഷി ചെയ്യാനായതും പള്ളിക്കൂടത്തിന്റെ ജൈത്രയാത്രയിലെ നാഴികക്കല്ലുകളാണ്.
എം.ടി. വാസുദേവൻ നായർ, അടൂർ ഗോപാലകൃഷ്ണൻ, മധുസൂദനൻ നായർ
ക്യൂ ആർ കോഡ് പാഠാവലി
നാട്ടുപഴക്കങ്ങളുടെ പരമ്പരാഗത ശൈലിക്കൊപ്പം നവീന സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള ബോധനരീതിയും മലയാളം പള്ളിക്കൂടം അനുവർത്തിക്കുന്നു. ക്യു ആർ കോഡ് ഉപയോഗിച്ച് മലയാളം അക്ഷരമാല പഠിപ്പിക്കുന്ന പാഠപുസ്തകം ഡോ. ജോർജ് ഓണക്കൂറിന്റെ നേതൃത്വത്തിൽ തയാറായി വരുകയാണ്. മലയാള അക്ഷരങ്ങളുടെ ഉച്ചാരണവും പ്രയോഗവും മനസ്സിലാക്കുന്ന തരത്തിൽ വിഡിയോകളുടെ സഹായത്താൽ ആയിരിക്കും ക്യൂ ആർ കോഡ് പാഠാവലി. ഇതിനായി പ്രത്യേക അക്ഷരപ്പാട്ടുകളും ഒരുക്കുന്നുണ്ട്.
മലയാള പൈതൃകം സംരക്ഷിക്കാനായുള്ള പൈതൃക വിജ്ഞാനകേന്ദ്രമാണ് മറ്റൊന്ന്. പഴയകാല ഗാർഹിക-ഗാർഹികേതര ഉപകരണങ്ങൾ, അവയുടെ പേര്, ഉപയോഗം തുടങ്ങി ഇന്നത്തെ തലമുറക്ക് അന്യമായ പലതും പ്രദർശിപ്പിക്കുന്ന കേന്ദ്രമായിരിക്കും ഇത്. ഇതിന്റെ ഭാഗമായി പൈതൃക വസ്തുക്കൾ ശേഖരിച്ചുതുടങ്ങി. കാർഷിക ഉപകരണങ്ങളായ കലപ്പ, നുകം, കാളവണ്ടി തുടങ്ങി പലതും ഇതിൽ ഉൾപ്പെടും. വംശനാശം സംഭവിക്കുന്ന വാക്കുകൾ, ഉപയോഗമില്ലാതെ പോകുന്ന പദങ്ങൾ എന്നിവയുടെ വീണ്ടെടുപ്പാണ് പള്ളിക്കൂടം ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.
ചരിത്ര-സാംസ്കാരിക രംഗങ്ങളിലെ അറിവിന്റെ വിടവ്, നാട്ടറിവിന്റെ അഭാവം തുടങ്ങി പുതുതലമുറ നേരിടുന്ന പല പ്രതിസന്ധികളെയും മലയാളം പള്ളിക്കൂടം അഭിസംബോധന ചെയ്യുന്നു. ഔഷധസസ്യങ്ങളുടെ കലവറയായ മലയാള നാട്ടിൽ പഴഞ്ചൊല്ലുകളുടെയും കടങ്കഥകളുടെയും കുട്ടിപ്പാട്ടിന്റെയും വലിയ ശേഖരം തന്നെ ഉണ്ടായിരുന്നു. പ്രയോഗത്തിൽ നിന്ന് അന്യമായി ഇവയെല്ലാം ഇല്ലാതാകുന്നു. സുഗന്ധ ചെടികൾ, ധാന്യങ്ങൾ, നാട്ടുകിളികൾ, നാട്ടുചെടികൾ ഇങ്ങനെ എല്ലാം കുട്ടികൾക്ക് അപരിചിതമാകുന്നു. ഈ സാഹചര്യത്തിൽ പൈതൃക വിജ്ഞാനകേന്ദ്രം ഏറ്റവും അനിവാര്യമാണെന്നാണ് ഇവർ കരുതുന്നത്.
മലയാളം പള്ളിക്കൂടത്തിന്റെ പിറവിക്കു പിന്നിൽ ഒരു കഥയുണ്ട്. ആർച്ച എന്ന പതിനഞ്ചുകാരിയുടെ പ്ലസ് വൺ ക്ലാസിലേക്കുള്ള ആദ്യയാത്രയിൽനിന്നാണ് ആ കഥയുടെ തുടക്കം. പത്താം ക്ലാസുവരെ സ്കൂൾ ബസിലോ സ്വന്തം വാഹനത്തിലോ മാത്രം സ്കൂളിലെത്തിയിരുന്ന കുട്ടികൾ അന്നാദ്യമായി ലൈൻബസിൽ കയറാൻ ബസ് സ്റ്റോപ്പിലെത്തി. ഓരോ ബസ് വരുമ്പോഴും തന്റെ ക്ലാസിലെ കുട്ടികൾ ബസിലെ യാത്രക്കാരോട് ചോദിക്കുന്നതെന്താണെന്ന് ആർച്ച ശ്രദ്ധിച്ചു.
‘മാമാ ഈ ബസ് തമ്പാനൂർ പോകുമോ, അങ്കിളേ ഈ ബസ് കിഴക്കേക്കോട്ട പോകുമോ...’ അവൾക്കു പിന്നെയാണ് കാര്യം പിടികിട്ടിയത്. തന്റെ പുതിയ കൂട്ടുകാർക്ക് മലയാളം വായിക്കാനറിയില്ലെന്ന കാര്യം. താൻ കണ്ട കാഴ്ച ഒട്ടും ഗൗരവം ചോരാതെ മാധ്യമപ്രവർത്തകരായ രക്ഷിതാക്കളോട് അവൾ വിവരിച്ചു. പതിറ്റാണ്ട് പിന്നിട്ട വലിയൊരു ആശയമായ ‘മലയാളം പള്ളിക്കൂട’ത്തിന് വേണ്ടി അഹോരാത്രം പ്രവർത്തിക്കുന്ന ഗോപിയും ജെസിയുമായിരുന്നു ആ മാതാപിതാക്കൾ.
മകളുടെ വിവരണം ഞെട്ടലോടെയാണ് അവർ കേട്ടത്. ‘വിഷമിക്കേണ്ട, നമുക്കവരെ മലയാളം പഠിപ്പിക്കാം. ഞായറാഴ്ച വീട്ടിലേക്കു വരാൻ പറയൂ.’ രക്ഷിതാക്കൾ മകളെ ആശ്വസിപ്പിച്ചു. പക്ഷേ പിന്നീടാണ് അവർ അറിഞ്ഞത്, നഗരത്തിൽ ഇതുപോലെ ആയിരക്കണക്കിനു കുട്ടികളും, മലയാളം പഠിക്കാതെ ഡിഗ്രിയെടുത്ത യുവജനങ്ങളുമുണ്ടെന്ന കാര്യം. ഒരുവശത്ത് മലയാള അക്ഷരങ്ങൾ പോലുമറിയാത്ത മലയാളിക്കുട്ടികൾ. മറുവശത്ത് മലയാള ഭാഷയുടെ അടിസ്ഥാനം ഉറച്ചിട്ടില്ലാത്ത വിദ്യാർഥികൾ.
ഇവിടെ നമുക്കെന്തു ചെയ്യാൻ കഴിയും എന്ന ആലോചനയിൽനിന്നാണ് ‘മലയാളം പള്ളിക്കൂടം’ എന്ന ആശയത്തിന് രൂപം കൊടുത്തത്. കവി ഒ.എൻ.വി കുറുപ്പിനെ കണ്ട് അനുഗ്രഹം വാങ്ങി. ‘‘നല്ല കാര്യങ്ങൾ വേഗം നടക്കട്ടെ. മധുവിനെ മുന്നിൽ നിർത്തുന്നത് നന്നായിരിക്കും.’’ അദ്ദേഹം പറഞ്ഞതുപ്രകാരം കവി മധുസൂദനൻ നായരെ അധ്യക്ഷനാക്കി ഒരു സംഘം മാധ്യമസുഹൃത്തുക്കളുടെ കൂട്ടായ്മയിൽ പള്ളിക്കൂടം തുടങ്ങി. തുടർന്ന് ട്രസ്റ്റ് രൂപവത്കരിച്ച് ഭരണസമിതിയുണ്ടാക്കി. സർക്കാർ സ്കൂൾ അനുവദിച്ചതുകൊണ്ട് മാതൃഭാഷാപഠനത്തിന് പിന്തുണ നൽകി.
അത്ര എളുപ്പത്തിലൊന്നുമായിരുന്നില്ല മലയാളം പള്ളിക്കൂടം പത്ത് വയസ്സിന്റെ വളർച്ച പൂർത്തിയാക്കിയതെന്ന് അതിന്റെ അമരക്കാർ ഓർക്കുന്നു. 2014 ചിങ്ങം ഒന്നിനാണ് തലസ്ഥാന നഗരിയിൽ മലയാളം പള്ളിക്കൂടത്തിന്റെ ആദ്യമണി മുഴങ്ങിയത്. പള്ളിക്കൂടം തുടങ്ങിയപ്പോൾ കവി ഒ.എൻ.വി കുറുപ്പ് അക്ഷരമാല കലണ്ടർ ഒപ്പിട്ടുകൊടുത്തു, ‘അമ്മത്തിരുമൊഴി മലയാളം...’ എന്നു തുടങ്ങുന്ന ഒരു കാവ്യഭാഷാപ്രതിജ്ഞയും എഴുതിക്കൊടുത്തു.
നൂറോളം കുട്ടികളെ മണലിൽ അക്ഷരമെഴുതിച്ചുകൊണ്ടായിരുന്നു തുടക്കം. പാളയം ഓർത്തഡോക്സ് സ്റ്റുഡന്റ്സ് സെന്ററിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനാണ് പള്ളിക്കൂടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. തന്റെ ആഭരണങ്ങളെല്ലാം പണയംവെച്ചാണ് ആ ഉദ്യമത്തിന് തുടക്കം കുറിച്ചതെന്ന് ജെസി പറയുന്നു. ഉദ്ഘാടന ദിവസം തന്നെ നൂറിലേറെ കുട്ടികൾ പ്രവേശനം നേടിയിരുന്നു. 2015ൽ വഴുതക്കാട് ശിശുവിഹാർ സ്കൂളിൽ അവധിക്കാല ക്യാമ്പ് നടക്കുന്നതിടെ എം.ടി. വാസുദേവൻ നായർ എത്തിയതും കേരളത്തിന്റെ ഭാഷാപ്രതിജ്ഞ ഉണ്ടായതും മലയാളം പള്ളിക്കൂടത്തിന്റെ സവിശേഷ ഓർമയാണ്.
അന്ന് സ്കൂളിൽ എത്തിയ എം.ടി കുട്ടികൾക്കുവേണ്ടി ബ്ലാക്ക് ബോർഡിൽ എഴുതിയ ‘എന്റെ ഭാഷ എന്റെ വീടാണ്. എന്റെ ആകാശമാണ്. ഞാൻ കാണുന്ന നക്ഷത്രമാണ്...’ എന്ന സന്ദേശമാണ് പിന്നീട് കേരളത്തിന്റെ ഭാഷാപ്രതിജ്ഞയായത്. ആ വരികൾ ഭാഷാപ്രതിജ്ഞയാക്കണമെന്ന് ആവശ്യപ്പെട്ട് മലയാളം പള്ളിക്കൂടം സർക്കാറിന് നൽകിയ നിവേദനം അംഗീകരിച്ച് 2018 ഫെബ്രുവരി 16ന് സർക്കാർ ഉത്തരവിറങ്ങുകയും ചെയ്തു.
.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.