ന്യൂഡൽഹി: 2013ലെ മുസഫർനഗർ കലാപത്തെ ആസ്പദമാക്കി പ്രശസ്ത കാർട്ടൂണിസ്റ്റും പത്രപ്രവർത്തകനുമായ ജോ സാക്കോയുടെ ‘ദ വൺസ് ആൻഡ് ഫ്യൂച്ചർ റയട്ട്’ (The Once and Future Riot) എന്ന ഗ്രാഫിക് നോവൽ വിതരണം ചെയ്യുന്നതിൽ നിന്ന് പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ പിൻമാറിയത് വലിയ വാർത്തയായിരുന്നു. എന്നാൽ പുസ്തകം ഇന്ത്യയിൽ പ്രസിദ്ധീകരിക്കാൻ ആറ് ഇന്ത്യൻ പ്രസാധകർ തന്നെ സമീപിച്ചതായി ജോ സാക്കോ വെളിപ്പെടുത്തി.
പുസ്തകത്തിലെ ഇന്ത്യയുടെ ഭൂപടം തെറ്റാണെന്നും, ഉദ്ധരണികൾക്ക് ആവശ്യമായ തെളിവുകൾ സമർപ്പിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ പദ്ധതിയിൽ നിന്ന് പിൻമാറിയത്. പുസ്തകത്തിലെ ഉള്ളടക്കത്തെക്കുറിച്ചും ചിത്രീകരണത്തെക്കുറിച്ചും ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി ലഭിക്കാത്തതിനാലാണ് ഈ നടപടിയെന്ന് പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ സി.ഇ.ഒ ഗൗരവ് ശ്രീനഗേഷ് വ്യക്തമാക്കി.
എന്നാൽ പെൻഗ്വിൻ ആവശ്യപ്പെട്ട മാറ്റങ്ങൾ ഭൂപടത്തിൽ മാത്രം ഒതുങ്ങിയിരുന്നില്ലെന്ന് സാക്കോ പറഞ്ഞു. താൻ അഭിമുഖം നടത്തിയവരുടെ, പ്രത്യേകിച്ച് ഒരു പ്രമുഖ വ്യക്തിയുടെ വാക്കുകളിൽ മാറ്റം വരുത്തി അവയുടെ കാഠിന്യം കുറക്കാൻ പെൻഗ്വിൻ ആവശ്യപ്പെട്ടുവെന്നാണ് സാക്കോയുടെ വാദം.
ഹിന്ദുത്വ ദേശീയതയെക്കുറിച്ചുള്ള തന്റെ നിഗമനങ്ങൾ നീക്കം ചെയ്യാനും ആവശ്യമുയർന്നുവെന്നും ഉപയോഗിച്ച ഉദ്ധരണികൾക്കും ചിത്രങ്ങൾക്കും 'സമ്മതപത്രം' ഹാജരാക്കണമെന്ന പെൻഗ്വിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്നും സാക്കോ പറഞ്ഞു. തന്റെ പുസ്തകം വസ്തുതാപരമായി കൃത്യമാണെന്നും ബാലൻസ്ഡ് ആണെന്നും അദ്ദേഹം ആവർത്തിച്ചു.
മുസഫർനഗർ കലാപത്തെക്കുറിച്ചുള്ള മിഥ്യാധാരണകൾ പൊളിച്ചെഴുതാനാണ് താൻ ശ്രമിച്ചതെന്ന് ജോ സാക്കോ അവകാശപ്പെടുന്നു. കലാപകാലത്ത് ജാട്ടുകളും മുസ്ലീങ്ങളും തമ്മിലുണ്ടായ സംഘർഷങ്ങളും, ഇരുവിഭാഗവും വസ്തുതകൾ എങ്ങനെ വളച്ചൊടിച്ചുവെന്നും ചിത്രങ്ങളിലൂടെയും അടിക്കുറിപ്പുകളിലൂടെയും അദ്ദേഹം വിവരിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയ വളർച്ചയെയും, കലാപത്തിൽ നിന്നുള്ള അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് നേട്ടങ്ങളെയും പുസ്തകം നിശിതമായി വിമർശിക്കുന്നുണ്ട്.
എന്തായാലും പുസ്തകം പ്രസിദ്ധീകരിക്കാൻ ഇന്ത്യൻ പ്രസാധകർ കാണിക്കുന്ന താൽപ്പര്യം, രാഷ്ട്രീയ സ്വയം പരിശോധനക്ക് തയാറുള്ള ഒരു വിഭാഗം ആളുകൾ ഇന്ത്യയിൽ ഇപ്പോഴും ഉണ്ടെന്നതിന്റെ തെളിവാണെന്ന് ജോ സാക്കോ അഭിപ്രായപ്പെട്ടു. 2013ലെ മുസഫർനഗർ കലാപത്തിൽ 60-ഓളം പേർ കൊല്ലപ്പെടുകയും 40,000 പേർക്ക് പലായനം ചെയ്യേണ്ടി വരികയും ചെയ്തിരുന്നു. കലാപം കഴിഞ്ഞ് ഒരു വർഷത്തിന് ശേഷം മുസഫർനഗർ സന്ദർശിച്ചാണ് ജോ സാക്കോ ഈ പുസ്തകം തയ്യാറാക്കിയത്. 'ഫലസ്തീൻ', 'ഫുട്നോട്സ് ഇൻ ഗസ്സ' തുടങ്ങിയ കൃതികളിലൂടെ പ്രശസ്തനാണ് ജോ സാക്കോ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.