ഷാർജ: യു.എ.ഇ സംസ്കാരത്തിന്റെ പാരമ്പര്യത്തിലേക്ക് വെളിച്ചം വീശി ഷാർജ ഹെറിറ്റേജ് ഫെസ്റ്റിവൽ അരങ്ങ് തകർക്കുന്നു. യു.എ.ഇയുടെ ചരിത്രം, സംസ്കാരം, ആചാരങ്ങൾ, കല, സാഹിത്യം തുടങ്ങിയവ അടുത്തറിയാൻ ഷാർജ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെറിറ്റേജ് സംഘടിപ്പിക്കുന്ന ഈ പൈതൃകമേളയിൽ ഇമാറാത്തി സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും എല്ലാ വശങ്ങളും പുനർസൃഷ്ടിക്കപ്പെടുന്നു.
പരമ്പരാഗത ഭക്ഷണം, വീടുകൾ, വസ്ത്രങ്ങൾ, അലങ്കാരം, ഗ്രാമ ജീവിതത്തിന്റെ പുനർനിർമ്മാണങ്ങൾ എന്നിവയെല്ലാം ഉൾക്കൊള്ളുന്നതാണ് ഷാർജ ഹെറിറ്റേജ് ഫെസ്റ്റിവൽ. 2003ലാണ് മേള ആദ്യമായി നടക്കുന്നത്. 'പൈതൃകവും ഭാവിയും' എന്ന ആശയത്തിലൂന്നിയാണ് ഈ വർഷത്തെ ഷാർജ ഹെറിറ്റേജ് ഡെയ്സ്. അറബ് ലോകത്തിന്റെ സാംസ്കാരിക തലസ്ഥാനമായ ഷാർജയുടെ പ്രാദേശിക പാരമ്പര്യങ്ങളെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കാൻ ആഗ്രഹിക്കുന്ന കുടുംബങ്ങൾക്കിടയിൽ ജനപ്രിയമാണ് ഹെറിറ്റേജ് ഫെസ്റ്റിവൽ. അറബ് സംസ്കാരത്തെ പ്രതിനിധീകരിക്കുന്ന പ്രചോദനാത്മകമായ കാഴ്ചകളും മെലോഡിക് ശബ്ദങ്ങളും സുഗന്ധഗന്ധങ്ങളും ഇമാറാത്തി പാചകരീതിയുടെ മനസ്സ് നിറക്കുന്ന രുചിയും നേരിട്ടറിയാൻ ഷാർജ ഹെറിറ്റേജ് ഫെസ്റ്റിവൽ സന്ദർശകർക്ക് അവസരമൊരുക്കുന്നു.
പ്രാദേശികവും ആഗോളാടിസ്ഥാനത്തിലുമുള്ള സംസ്കാരങ്ങൾ പ്രദർശിപ്പിക്കുന്ന മേഖലയിലെ ഏറ്റവും വലിയ ഉത്സവമാണ് ഷാർജ ഹെറിറ്റേജ് ഫെസ്റ്റിവൽ. ലോക പൈതൃകത്തെ ഷാർജയിലേക്ക് ആനയിക്കുന്ന രീതിയിൽ ആഗോളപങ്കാളിത്തമുള്ള സാംസ്കാരിക പൈതൃകമേള എന്ന നിലയിലേക്ക് ഷാർജ ഹെറിറ്റേജ് ഡേയ്സ് ഉയർന്നിട്ടുണ്ട്. ഷാർജ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെറിറ്റേജാണ് മേള സംഘടിപ്പിക്കുന്നത്.
സന്ദർശകർക്ക് യു.എ.ഇയുടെ ചരിത്രം, സംസ്കാരം, ആചാരങ്ങൾ, കല, സാഹിത്യം മുതലായവയെ അടുത്തറിയുന്നതിന് പ്രദർശനം അവസരം നൽകുന്നു. മേളയിൽ പങ്കെടുക്കുന്ന 33 മറ്റു രാജ്യങ്ങളിലെ പൈതൃക കാഴ്ച്ചകളും സന്ദർശകർക്ക് ആസ്വദിക്കാം.
മാർച്ച് 10ന് തുടങ്ങിയ മേള 28ന് സമാപിക്കും. മൂന്നാഴ്ച്ച നീണ്ട് നിൽക്കുന്ന പ്രദർശനം ഷാർജയിലെ ഹെറിറ്റേജ് ഏരിയയിലാണ് ഒരുക്കിയിട്ടുള്ളത്. പ്രദർശനത്തിൽ ഇത്തവണ 500ൽ പരം പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.