ചെന്നൈ: കർണാടക സംഗീതത്തിലെ പ്രമുഖ ഗായക സഹോദരങ്ങളായ രഞ്ജനി-ഗായത്രി ലണ്ടനിലെ റോയൽ ആൽബർട് ഹാളിൽ സംഗീതകച്ചേരി നടത്തും. ഈമാസം 29 നാണ് ഇവരുടെ ലണ്ടൻ പ്രോഗ്രാം. കർണാടക സംഗീതത്തിൽ സമാനതകളില്ലാത്ത വിധം മഹത്തായ സംഭാവനകളാണ് മലയാളി പാരമ്പര്യമുള്ള ഈ ഗകയികാ സഹോദരിമാർ നൽകിക്കൊണ്ടിരിക്കുന്നത്.
ഇന്ത്യയിലെ മിക്ക പ്രമുഖ വേദികളിലും അനേകം വിദേശരാജ്യങ്ങളിലും കർണാടക സംഗീത കച്ചേരികൾ അവതരിപ്പിച്ചിട്ടുള്ള ഇവർ ലണ്ടനിലെ ഏതൊരു സംഗീതജ്നും കൊതിക്കുന്ന ഏറ്റവും പ്രൗഢമായ റോയൽ ആൽബർട് ഹാളിൽ എത്തുന്നത് ജീവിതത്തിലെ സൗഭാഗ്യമായാണ് കാണുന്നത്. ഇന്ത്യയിലെ ഏറ്റവും പ്രമുഖരായ സംഗീതജ്ഞർ പ്രോഗ്രാം നടത്തിയിട്ടുള്ള ഇവിടേക്ക് കർണാടക സംഗീതജ്ഞർ എത്തിയിട്ടുള്ളത് കുറച്ചു മാത്രം.
1986 ൽ തമിഴ്നാട്ടിലെ മതുംഗ എന്ന ചെറിയ അരങ്ങിൽ അരങ്ങേറ്റം കുറിച്ചത് സഹോദരിമാർ ചേർന്ന് വയിലിൻ വായിച്ചുകൊണ്ടായിരുന്നു. പിന്നീടാണ് രണ്ടുപേരും വോക്കലിലേക്ക് മാറുന്നത്.
ഇന്ത്യൻ സംഗീതത്തിന്റെ മഹത്വം ഇതുപോലെ മഹത്തായ വേദിയിൽ അവതരിപ്പിച്ച് അതിനെ പ്രൗഢവത്കരിക്കുന്നതിൽ ഭാഗമാകുക എന്നതിനാണ് തങ്ങൾ ഈ അവസരത്തിൽ പ്രാധാന്യം നൽകുന്നതെന്ന് ഇവർ പറയുന്നു. ഇങ്ങനെയൊരവസരം വർഷങ്ങളായി കാത്തിരിക്കുകയായിരുന്നെന്നും ഇവർ പറഞ്ഞു. ഇത്തരം വേദികൾ സംഗീതത്തിൽ കൂടുതൽ വളരാൻ പ്രേരണ നൽകുന്നതായും സഹോദരിമാർ പറയുന്നു.
വിദേശത്ത് പാടിയിട്ടുള്ള തങ്ങളുടെ അനുഭവം നമ്മുടെ സംഗീതം ഇവിടെ മാത്രം ഒതുങ്ങുന്നതല്ല, അത് എല്ലാവർക്കും ആസ്വദിക്കാൻ കഴിയുന്നതാണെന്ന തിരിച്ചറിവാണ്. ‘സംഗീതത്തിന്റെ വികാരഭാവത്തിനനുസരിച്ച് തങ്ങളെ പ്രതിഷ്ഠികുക എന്നത് സംഗീതത്തിന്റെ ആത്മീയാനുഭവത്തിൽ പ്രധാനമാണ്. സംഗീതം ഒഴുകിവരുന്നതാണ്, അത് ഞങ്ങളിൽ നിന്നല്ല, അങ്ങനെയൊരു ബോധ്യം വന്നാൽ സ്റ്റേജ് ഒരു ക്ഷേത്രസമാനമാകും. കേഴ്വിക്കാർ നമ്മോടൊപ്പം യാത്രചെയ്യുന്നവരാകും. സംഗീതം ഒരർച്ചനയുമാകും. സംസ്കാരങ്ങൾ കടന്നുവന്നവയാണ് കീർത്തനങ്ങൾ. പാരമ്പര്യത്തിലൂന്നിയ അത് ആഗോളമായ ഒരു മെലഡിയുടെ ഭാഗവുമാണ്’-രജ്ഞനിയും ഗായത്രിയും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.