കു​മാ​ര കൃ​പ റോ​ഡി​ലെ ചി​ത്ര​ക​ലാ പ​രി​ഷ​ത്തി​ല്‍

ന​ട​ക്കു​ന്ന ഹി​ന്ദു​സ്ഥാ​ന്‍ ഫ​യ​ല്‍സ് പ്ര​ദ​ര്‍ശ​ന​ത്തി​ല്‍ നി​ന്ന്

ഹിന്ദുസ്ഥാന്‍ ഫയല്‍സ് പ്രദര്‍ശനം; ഇന്ത്യയുടെ ചരിത്രത്താളുകള്‍ അടുത്തറിയാം

ബംഗളൂരു: കുമാര കൃപ റോഡിലെ ചിത്രകല പരിഷത്തില്‍ വിരാസത് ആര്‍ട്ട് ആന്‍ഡ് വിരാസത് ആര്‍ട്ട് പബ്ലിക്കേഷന്‍റെ ആഭിമുഖ്യത്തില്‍ ഹിന്ദുസ്ഥാന്‍ ഫയല്‍സ് പ്രദര്‍ശനം ആരംഭിച്ചു. വിദ്യാര്‍ഥികൾക്കും മുതിര്‍ന്നവർക്കും ഇന്ത്യന്‍ ചരിത്രത്തിലെ അറിയാക്കഥകള്‍ പകര്‍ന്നുനല്‍കുകയാണ് കൊല്‍ക്കത്ത ആസ്ഥാനമായ വിരാസത്തിന്‍റെ ലക്ഷ്യം. തികച്ചും വ്യത്യസ്ത രീതിയിലായിരുന്നു ഉദ്ഘാടനം. പ്രമുഖ വ്യക്തികളെ ഒഴിവാക്കി സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ട ശുചീകരണ തൊഴിലാളികളാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.

1757 മുതല്‍ 1950 വരെയുള്ള കാലഘട്ടത്തിലെ ചരിത്ര മുഹൂര്‍ത്തങ്ങൾ ചിത്രരചനയിലൂടെ സന്ദര്‍ശക‍രുടെ മുന്നിലെത്തുന്നു. കമ്പനി സ്കൂള്‍ പെയിന്‍റിങ്, യൂറോപ്യൻ കലാകാരന്മാരുടെ ചിത്രങ്ങള്‍, പ്രശസ്ത വ്യക്തികളുടെ അപൂര്‍വ ഫോട്ടോകള്‍, ചരിത്രരേഖകള്‍, കത്തുകള്‍ എന്നിവയാണ് പ്രദര്‍ശനത്തിലുള്ളത്. പ്രദര്‍ശനത്തിലെ മിക്ക ചിത്രങ്ങളും യഥാർഥ രചനകളാണ്.

ഇന്ത്യയുടെ ചരിത്രവും സംസ്കാരവും രേഖപ്പെടുത്തുന്നതിന് ഈസ്റ്റ് ഇന്ത്യ കമ്പനി പ്രാദേശിക കലാകാരന്മാരെ ചിത്രരചനക്കായി നിയോഗിച്ചിരുന്നു. ഈ കലാകാരന്മാര്‍ കമ്പനി സ്കൂൾ ആർട്ടിസ്റ്റുകൾ എന്നാണ് അറിയപ്പെട്ടിരുന്നത്. ഇന്ത്യയിലെ പ്രാദേശിക രീതികൾ, സംസ്കാരം, ചരിത്രപരമായ സവിശേഷതകൾ എന്നിവയെല്ലാം അവർ വരക്കുമായിരുന്നു. കലാകാരന്മാര്‍ ഇന്ത്യക്കാര്‍ ആയിരുന്നെങ്കിലും അവര്‍ ചിത്ര രചനയില്‍ പിന്തുടര്‍ന്ന രീതി യൂറോപ്യന്‍ ആയിരുന്നു. ഇന്ത്യൻ ചരിത്രത്തിലൂടെ കടന്നുപോകുന്ന പ്രദര്‍ശനമായതിനാലാണ് ഹിന്ദുസ്ഥാന്‍ ഫയല്‍സ് എന്ന പേര് നല്‍കിയത്.

ഗണേഷ് പ്രതാപ് സിങ് ആണ് വിരാസത് കലയുടെ ഉടമ. ഏഴു പേരടങ്ങുന്ന കൂട്ടായ്മയാണ് സംഘടനയുടെ ശക്തി. ആദ്യ പ്രദര്‍ശനം കൊല്‍ക്കത്തയിലായിരുന്നു. ഹൈദരാബാദിലെ പ്രദര്‍ശന ശേഷമാണ് സംഘം ബംഗളൂരുവില്‍ എത്തിയത്. അടുത്ത പ്രദര്‍ശനം കേരളത്തില്‍ നടത്താന്‍ ആഗ്രഹിക്കുന്നെന്ന് സംഘാടകന്‍ കൂടിയായ സഞ്ജയ് ജോസഫ് പറഞ്ഞു. വിരാസത് ആർട്ട് പബ്ലിക്കേഷൻ എന്ന പേരിൽ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്ന സഹോദര സ്ഥാപനവുമുണ്ട്. ആർട്ട് ഗാലറികളിൽ കണ്ടെത്താൻ കഴിയാത്ത പെയിന്റിങ്ങുകളും പ്രിന്റുകളും പ്രദര്‍ശനത്തില്‍ കണ്ടെത്താന്‍ സാധിക്കുമെന്നും സഞ്ജയ് പറഞ്ഞു.

കോണ്‍ഗ്രസ് ഹൈകമാന്‍ഡ്, വാറന്‍ ഹേസ്റ്റിങ്സ് സ്വന്തം കൈപ്പടയില്‍ എഴുതിയ കത്ത്, മൈസൂരു മുഗള്‍ രാജവംശത്തിന്റെ ഭൂപടം, വാസ്കോഡ ഗാമയുടെ സാമൂതിരി കൊട്ടാര സന്ദര്‍ശനവേള, മലബാര്‍, കൊച്ചി തുടങ്ങിയവയുടെ പഴയ കാല ചരിത്ര നിമിഷങ്ങള്‍ തുടങ്ങി ഇന്ത്യയുടെ ചരിത്രത്താളിലേക്കുള്ള തിരിഞ്ഞുനോട്ടം കൂടിയാണ് പ്രദര്‍ശനം. 23ന് അവസാനിക്കും. സമയം രാവിലെ 10 മുതല്‍ വൈകീട്ട് 5.30 വരെ.

Tags:    
News Summary - Hindustan Files exhibition; Learn about the pages of India's history

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.