ഡാനിയേലും ഡോ. ആർ.എൽ.വി. രാമകൃഷ്ണനും ഭരതനാട്യ വേദിയിൽ
ചെറുതുരുത്തി (തൃശൂർ): കലാമണ്ഡലത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഭരതനാട്യപഠനം പൂർത്തീകരിച്ച ആൺകുട്ടി ബുധനാഴ്ച സ്ഥാപനത്തിന്റെ പടിയിറങ്ങും. ഡോ. ആർ.എൽ.വി. രാമകൃഷ്ണന്റെ ശിക്ഷണത്തിലാണ് ആസ്ട്രേലിയയിൽ സ്ഥിരതാമസക്കാരനായ ഡാനിയേൽ ആറുമാസം ഭരതനാട്യം പഠിച്ചത്.
11ാം വയസ്സിൽ ആറു മാസത്തെ കോഴ്സിലാണ് പിറവം മാമലശ്ശേരി വീട്ടിൽ എൽദോ-ഹണി ദമ്പതികളുടെ മകനായ ഡാനിയേൽ ചേർന്നത്. ഡാനിയേലും മാതാപിതാക്കളും വർഷങ്ങളായി ആസ്ട്രേലിയയിലാണ്. ഭരതനാട്യം പഠിക്കണമെന്ന ഡാനിയേലിന്റെ ആഗ്രഹം മാതാപിതാക്കൾ സാധിച്ചുകൊടുക്കുകയായിരുന്നു. ആറു മാസംകൊണ്ട് ഭരതനാട്യത്തിന്റെ ഒരുവിധം പഠനങ്ങൾ എല്ലാം പൂർത്തിയാക്കി.
ബുധനാഴ്ച കലാമണ്ഡലം രജിസ്ട്രാർ ഡോ. പി. രാജേഷ് കുമാർ സർട്ടിഫിക്കറ്റ് നൽകും. നൃത്ത വിഭാഗം മേധാവി കലാമണ്ഡലം സംഗീത പ്രസാദും മറ്റ് അധ്യാപകരും പങ്കെടുക്കും.
കലാമണ്ഡലത്തിൽ ആൺകുട്ടികൾക്ക് ഭരതനാട്യം പഠിക്കാൻ അവസരമുണ്ടായിരുന്നില്ല. കഴിഞ്ഞ വർഷം മുതലാണ് അവസരം ഒരുക്കിയത്. കഴിഞ്ഞ വർഷം ആൺകുട്ടികൾ പഠിക്കാനെത്തിയില്ല. ഈ വർഷമാണ് ആദ്യമായി ഒരാൾ ചേർന്നത്. രണ്ടു വേദികളിൽ ഡാനിയേലും രാമകൃഷ്ണനും ഒരുമിച്ച് ഭരതനാട്യം അവതരിപ്പിച്ചു. ആൺകുട്ടിയെ പഠിപ്പിക്കാൻ അവസരം കിട്ടിയതിന് കലാമണ്ഡലത്തിനോട് ഒരുപാട് നന്ദിയുണ്ടെന്ന് ഡോ. ആർ.എൽ.വി. രാമകൃഷ്ണൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.