ചെന്നൈ: ഒടുവിൽ ഇളയരാജക്ക് വിജയം; ‘ഡ്യൂഡ്’ സിനിമയിൽ നിന്ന് ഇളയരാജപാട്ടുകൾ മാറ്റണമെന്ന് മദ്രാസ് ഹൈകോടതി. ഇളയരാജയുടെ 30 വർഷം പഴക്കമുള്ള രണ്ട് പാട്ടുകളാണ് അനുമതിയില്ലാതെ ചിത്രത്തിൽ ഉപയോഗിച്ചത്. ഇതിനെതിരെ ഇളയരാജ നൽകിയ കേസിൽ വാദം പുർത്തിയായിരുന്നു.
‘പുതുനെല്ല് പുതുനാത്തു’ എന്ന ചിത്രത്തിലെ ‘കറുത്ത മച്ചാൻ’ എന്ന ഗാനവും ‘പണക്കാരൻ’ എന്ന ചിത്രത്തിലെ ‘100 വരിഷം ഇന്ത മാപ്പിളയും പൊണ്ണുംതാൻ’ എന്നീ ഗാനങ്ങളാണ് സിനിമയിൽ ഉപയോഗിച്ചത്. ഗാനങ്ങൾ രൂപമാറ്റം വരുത്തി ചിത്രത്തിൽ ഉപയോഗിച്ചത് കുറ്റകരമാണെന്ന്പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കോടതി ഇങ്ങനെ വിധിച്ചത്.
അംഗീകാരമില്ലാതെ തന്റെ ഗാനങ്ങൾ സിനിമയിൽ ഉപയോഗിച്ചതായി കാട്ടി ഇളയരാജ സിനിമയുടെ നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്സിനെതിരെ പരാതി നൽകുയായിരുന്നു. തന്റെ പാട്ടിന്റെ യഥാർഥ രൂപം മാറ്റി അതിന്റെ പവിത്രത നഷ്ടപ്പെടുത്തിയാണ് ചിത്രത്തിലുപയോഗിച്ചതെന്നും ഇത് തന്റെ സംഗീതസംവിധായകൻ എന്ന നിലയിലുള്ള അംഗീകാരത്തിന് കോട്ടം വരുത്തുന്നതായും ഇളയരാജ ആരോപിച്ചു.
വാദിയുടെയും പ്രതിയുടെയും അവകാശങ്ങൾക്ക് പ്രാധാന്യം നൽകുന്ന ‘ബാലൻസ് ഓഫ് കൺവീനിയൻസ്’ ഇളയരാജക്ക് അനുകൂലമാണെന്നായിരുന്നു കോടതി വിധി. ഇതോടെ സിനിമക്ക് ഇടക്കാല വിലക്ക് ഏർപ്പെടുത്തി ജസ്റ്റിസ് സെന്തിൽകുമാർ ഉത്തരവായി.
2025 ൽ റിലീസ് ചെയ്ത ചിത്രമാണ് ‘ഡ്യുഡ്’. ഇതിൽ ഇളയരാജയുടെ ഗാനങ്ങൾ മാറ്റംവരുത്തി ഉപയോഗിച്ചതിൽ സംഗീതസംവിധായകന്റെ പ്രത്യേക അവകാശം സംരക്ഷിക്കേണ്ടതാണെന്നും തന്റെ സൃഷ്ടിയായ ഗാനങ്ങൾ മാറ്റിമറിച്ച് ഉപയോഗിക്കുന്നതിൽ നിന്ന് ഗാനങ്ങളെ സംരക്ഷിക്കുന്നതിന് സംഗീതസംവിധായകന് വേണ്ട മാർഗങ്ങൾ സ്വീകരിക്കാമെന്നും ജസ്റ്റിസ് സെന്തിൽകുമാർ പറഞ്ഞു.
തുടർന്ന് 2026 ജനുവരി ഏഴിലേക്ക് കേസ് മാറ്റിവെച്ചു. സിനിമയുടെ സംവിധായകന് ഇതിനകം സത്യവാങ്മൂലം സമർപ്പിക്കാം. സിനിമയിൽ നിന്ന് ഈ ഗാനങ്ങൾ ഒഴിവാക്കണമെന്ന് നിർദേശിച്ച് ഇടക്കാല വിലക്ക് ഏർപ്പെടുത്തണമെന്ന് ഇളയരാജയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.