ചിത്രങ്ങൾ: ദിലീപ് പുരക്കൽ

ചേലൊത്ത കഥകളി ഗ്രാമം

കഥകളിയെ പേരിനൊപ്പം സ്വന്തമാക്കിയ കേരളത്തിലെ ഏക കലാഗ്രാമമാണ് അയിരൂർ. നൂറ്റാണ്ടുകൾ പഴക്കമുള്ള കഥകളി പാരമ്പര്യത്തിന്‍റെ മണ്ണിൽനിന്ന് കളിപ്രേമികൾ നടത്തിയ 40 വർഷം നീണ്ട പ്രവർത്തനങ്ങളാണ് അയിരൂർ കഥകളിഗ്രാമം എന്ന പേരിലേക്കെത്തിച്ചത്. ആ കഥകളി ഗ്രാമത്തിലൂടെ...

ആട്ടവിളക്കിനു മുന്നിൽ കനകനിറമാർന്ന കിരീടവും ആടയാഭരണങ്ങളുമായി ആട്ടക്കാരൻ രസിച്ചാടുന്ന കളിത്തട്ടിന്‍റെ ചേലാണിപ്പോൾ അയിരൂർ കഥകളിഗ്രാമത്തിന്. ഒന്നു കാതോർത്താൽ കേൾക്കാം

‘‘അംഗനമാർ മൗലേ, ബാലേ, ആശയെന്തയിതേ

എങ്ങനെ പിടിക്കുന്നു നീ, ഗഗനചാരിയാമെന്നെ’’...

ഇലത്താളത്തിന്‍റെ മാധുര്യത്തിലലിഞ്ഞ കഥകളിപ്പദം. നളചരിതമാണ്. അരങ്ങിലെ ഹംസം ഓയൂര്‍ കൊച്ചുഗോവിന്ദ പിള്ളയോ കുറിച്ചി കുഞ്ഞന്‍ പണിക്കരോ... ഓർമയിലോടിയെത്തുന്നത് പൂർവകാല സ്മൃതികൾ. കഥകളിയെ പേരിനൊപ്പം സ്വന്തമാക്കിയ കേരളത്തിലെ ഏക കലാഗ്രാമമാണ് അയിരൂർ. നൂറ്റാണ്ടുകൾ പഴക്കമുള്ള കഥകളി പാരമ്പര്യത്തിന്‍റെ മണ്ണിൽനിന്ന് കളിപ്രേമികൾ നടത്തിയ 40 വർഷം നീണ്ട പ്രവർത്തനങ്ങളാണ് അയിരൂരിനെ കഥകളിഗ്രാമം എന്ന പേരിലേക്കെത്തിച്ചത്.

പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി-റാന്നി റൂട്ടിൽ പമ്പാനദിക്കു കുറുകെയുള്ള ചെറുകോൽപ്പുഴ പാലത്തിനപ്പുറത്താണ് അയിരൂർ ഗ്രാമം. പാലത്തിനറ്റത്ത് ‘കഥകളിഗ്രാമത്തിലേക്ക് സ്വാഗതം’ എന്ന ബോർഡ്. ഇവിടെനിന്നു നോക്കിയാൽ കാണാം താഴെ തെളിനീരായൊഴുകുന്ന പമ്പ. അപ്പുറം ആറന്മുള വള്ളംകളിക്ക് തുടക്കമിടുന്ന ചെറുകോൽപ്പുഴ കടവ്. ഈ കടവിലെ മണൽപ്പരപ്പിലാണ് കാലങ്ങളായി പത്തനംതിട്ട ജില്ല കഥകളി ക്ലബിന്‍റെ കഥകളിമേള അരങ്ങേറുന്നത്. പാലം കടന്നുചെല്ലുന്ന കവലയിൽനിന്ന് അൽപം നടന്നാൽ കഥകളിരാവിന്‍റെ ഓർമകൾ താളംപിടിക്കുന്ന കടവിലേക്കിറങ്ങാം. റോഡിൽനിന്ന് ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ പഞ്ചായത്ത് ഓഫിസിനോടു ചേർന്ന ജില്ല കഥകളി ക്ലബിലെത്തും. നാടിന്‍റെ പേരുമാറ്റലിലേക്കു നയിച്ച സാംസ്കാരിക വിപ്ലവം പിറന്നത് ഇവിടെയാണ്.

 

കഥകളി ക്ലബിന്‍റെ പിറവി

200 വർഷം പഴക്കമുണ്ട് അയിരൂരിന്‍റെ കഥകളി പാരമ്പര്യത്തിന്. വരേണ്യകുടുംബങ്ങൾക്കു മാത്രം പ്രാപ്യമായിരുന്ന ക്ഷേത്രകലകളിലൊന്നായ കഥകളി സാമാന്യജനങ്ങൾക്ക് വിലക്കപ്പെട്ടതായിരുന്നു. മഹാകവി വള്ളത്തോളാണ് കഥകളിയെ ക്ഷേത്രങ്ങളിൽനിന്ന് പിടിച്ചിറക്കി പൊതുജനമധ്യത്തിലെത്തിച്ചത്. കലാമണ്ഡലത്തിനു കീഴിൽ കഥകളി അഭ്യസനവും ആസ്വാദനവും പ്രചുരപ്രചാരം നേടിയപ്പോൾ ഇങ്ങ് തെക്കും മാറിനിന്നില്ല. തെക്കൻ ചിട്ടയിൽ കഥകളിയോഗങ്ങൾ ആരംഭിച്ചു. അക്കാലത്ത് അയിരൂരിലും കളിയോഗം ഉണ്ടായിരുന്നു.

കളിഭ്രാന്ത് കൂടിയ വലിയൊരു ആസ്വാദകസംഘവും. ആ പഴയ ആസ്വാദകസംഘമാണ് കഥകളിയെ ജനകീയമാക്കാൻ വേറിട്ട വഴിയിലേക്കിറങ്ങിയത്. കെ.എസ്.ഇ.ബിയിൽനിന്നു വിരമിച്ച വി.ആർ. വിമൽരാജിന്‍റെ നേതൃത്വത്തിൽ 1992ലാണ് ജില്ല കഥകളി ക്ലബ് രജിസ്റ്റർ ചെയ്ത് പ്രവർത്തനമാരംഭിക്കുന്നത്. കഥകളിയുടെ വളർച്ചക്ക് ക്ലബ് സാരഥികൾ കണ്ട വഴി ആസ്വാദനതലം കുരുന്നുകളിൽനിന്നു തുടങ്ങുക എന്നതായിരുന്നു. സ്ഥാപക സെക്രട്ടറി വിമൽരാജിന്‍റെയും പ്രസിഡന്‍റ് ടി.ആർ. ഹരികൃഷ്ണന്‍റെയും വാക്കുകളിലേക്ക്.

‘‘ആദ്യം ചെയ്തത് എൽ.പിതലം മുതലുള്ള കുട്ടികളെ 24 മുദ്രകളും അഭ്യസിപ്പിക്കുകയായിരുന്നു. തുടർന്ന്, അക്ഷരങ്ങൾ കൂട്ടിവായിക്കാൻ പഠിപ്പിക്കുന്നതുപോലെ ഓരോ മുദ്രയും ചേർത്തുണ്ടാവുന്ന വാക്കുകൾ പഠിപ്പിച്ചു. ചിട്ടവട്ടങ്ങളും പദവും മുദ്രകളും ചുവടുകളും വെവ്വേറെ പരിചയപ്പെടുത്തി. ചൊല്ലിയാട്ടക്കളരികൾ സംഘടിപ്പിച്ചു. ഇതെല്ലാം പറയുന്നതുപോലെ എളുപ്പമായിരുന്നില്ല. ഏറെ കഷ്ടപ്പെട്ടു. തുടക്കത്തിൽ കുട്ടികൾ എണ്ണത്തിൽ കുറവായിരുന്നെങ്കിലും നിരാശപ്പെട്ടില്ല.

മെല്ലെ മെല്ലെ, ആകർഷകമായ ഉടുത്തുകെട്ടും കഥപറയുന്ന മുദ്രകളും ഊർജസ്വലമായ ചുവടുകളും അവരും കൗതുകത്തോടെ കണ്ടിരുന്നുതുടങ്ങി. ചുട്ടിയും ചമയങ്ങളും അവർക്ക് പുതുമയുള്ള കാഴ്ചകളായി. കഥകളിയെ അക്കാദമിക് തലത്തിലേക്ക് വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി സ്കൂൾ പാഠപുസ്തകങ്ങളിലെ കഥകളും അരങ്ങത്തെത്തിച്ചു. ഇതോടെ,സ്കൂളുകൾ മുൻ കൈയെടുത്ത് ക്ലബിന്‍റെ പരിപാടികളിൽ പങ്കാളികളാവാൻ തുടങ്ങി.’’ അങ്ങനെ കടിച്ചാൽ പൊട്ടാത്ത കലയെന്ന പരിവേഷമുള്ള കഥകളിയെ നുണഞ്ഞിട്ടും തീരാത്ത മിഠായി പോലെ കുട്ടികൾക്ക് മധുരിപ്പിച്ചു ഇവർ.

 

വേദികളൊരുങ്ങുന്നു

കുട്ടികളിലൊതുങ്ങിയില്ല, മുതിർന്നവർക്കും കഥകളി ആസ്വദിക്കാൻ വേദികളൊരുക്കി. 2006 ജനുവരി ആദ്യവാരമാണ് പമ്പാതീരത്ത് ഏഴു ദിവസം നീളുന്ന കഥകളിമേള ആരംഭിച്ചത്. പകൽ കുട്ടികൾക്കും രാത്രി മേജർസെറ്റ് കളി മുതിർന്നവർക്കും. മുടക്കമില്ലാതെ ഈ വർഷം ജനുവരിയിലും മേള നടത്തി. ആയിരക്കണക്കിന് കുട്ടികളാണ് ഓരോ മേളക്കുമെത്തുന്നത്. വിദേശികളടക്കമുള്ള വൻസദസ്സും കഥകളിയുടെ ജനപ്രിയത വിളിച്ചോതുന്നു. സ്കൂളുകളിൽ സ്റ്റുഡന്‍റ്സ് ക്ലബുകൾക്കും തുടക്കമിട്ടു. 2000 മുതൽ കലാരംഗത്ത് വിവിധ അവാർഡുകൾ നൽകിവരുന്നു. കഥകളി ക്ലബിന്‍റെ പ്രവർത്തനങ്ങൾ കണ്ടതോടെ പഞ്ചായത്തും കൂടെക്കൂടി.

ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെടുത്തി സർക്കാർ എൽ.പി സ്കൂളുകളിൽ കഥകളി മുദ്ര പരിശീലനക്കളരികൾ നടത്തി. 2014ൽ കലാമണ്ഡലത്തിന്‍റെ ആദ്യത്തെ ഓഫ്കാമ്പസ് ക്ലബിന് അനുവദിച്ചു. തുടക്കകാലത്ത് ക്ലബിനു കീഴിൽ കഥകളി അഭ്യസിച്ച പലരും ഇപ്പോൾ അരങ്ങിലും അണിയറയിലുമായുണ്ട്. ഇന്ന് പഞ്ചായത്തിലെ ഓരോ വീട്ടിലും കഥകളിയെ കുറിച്ചറിയാവുന്ന ഒരാളെങ്കിലുമുണ്ടെന്ന് അഭിമാനത്തോടെ പറയുന്നു സെക്രട്ടറിയും പ്രസിഡന്‍റും. വി.എൻ. ഉണ്ണി പ്രസിഡന്‍റായ 11 അംഗ ഭരണസിമിതിയാണ് ക്ലബിനെ നയിക്കുന്നത്.

പേരുമാറ്റം 2010ൽ തുടങ്ങി

കഥകളിയെ പരിപോഷിപ്പിക്കാനുള്ള ക്ലബിന്‍റെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് 2010ൽ ശ്രീജ വിമൽ അധ്യക്ഷയായിരുന്ന ഭരണസമിതി അയിരൂർ പഞ്ചായത്തിനെ കഥകളിഗ്രാമമായി പ്രഖ്യാപിക്കുന്നത്. 2019ൽ കേരള നെയിംസ് അതോറിറ്റിയുടെ അംഗീകാരം ലഭിച്ചു. തുടർന്ന് കേന്ദ്രസർവേ ഡയറക്ടർ ജനറലിന്‍റെ അംഗീകാരം നേടിയശേഷമാണ് 2023 മാർച്ചിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതിയ പേര് നൽകി ഉത്തരവിറക്കുന്നത്. ഏപ്രിൽ അഞ്ചിന് സംസ്ഥാന സർക്കാറിന്‍റെ ഗസറ്റ് വിജ്ഞാപനം വന്നതോടെ അന്നുമുതൽ അയിരൂർ കഥകളിഗ്രാമമായി. അയിരൂർ സൗത്ത് പോസ്റ്റോഫിസ് അയിരൂർ കഥകളിഗ്രാമം എന്നറിയപ്പെട്ടു.

റവന്യൂരേഖകളുൾപ്പെടെ എല്ലാ സർക്കാർ രേഖകളിലും പേരുമാറ്റം നടപ്പായി. സ്ഥാപനങ്ങളുടെ വിലാസത്തിലും പേരുമാറ്റം വന്നു. അയിരൂരിന്‍റെ സമസ്ത മേഖലകളിലും കഥകളി ഇടം പിടിച്ചു. അങ്ങനെ നാടിന്‍റെ കഥകളിസ്നേഹത്തിനും കഥകളി ക്ലബിന്‍റെ വർഷങ്ങൾ നീണ്ട പ്രയത്നത്തിനും ലോകം നൽകിയ ബഹുമതിയായി പുതിയ പേര്.

 

തെക്കൻ കലാമണ്ഡലവും കഥകളി മ്യൂസിയവും

ചെറുതുരുത്തി കലാമണ്ഡലം മാതൃകയിൽ തെക്കൻ കലാമണ്ഡലവും ഇവിടെ വരുകയാണ്. 11ാം വാർഡിലെ പ്രവർത്തനം നിലച്ച ശ്രീമൂലപുരം ഗവ. എൽ.പി സ്കൂളിന്‍റെ സ്ഥലമാണ് തെക്കൻ ശാഖക്കായി കണ്ടെത്തിയിട്ടുള്ളത്. സർവേ നടപടികൾ പൂർത്തിയായി.

കഥകളി, തുള്ളൽ, നൃത്തം, ചെണ്ട, മദ്ദളം തുടങ്ങിയവക്കു പുറമെ പടയണി, വഞ്ചിപ്പാട്ട്, മാർഗംകളി, ഒപ്പന തുടങ്ങിയവയും ഇവിടെ പഠിപ്പിക്കാൻ ഉേദ്ദശിക്കുന്നു. ചെറുകോൽപ്പുഴ പാലത്തിനോടു ചേർന്നാണ് മ്യൂസിയം ഒരുക്കുക. രണ്ടുകോടി രൂപ സംസ്ഥാന സർക്കാർ ബജറ്റിൽ അനുവദിച്ചിട്ടുണ്ട്. അരങ്ങിലെ വാദ്യോപകരണങ്ങൾ, വേഷം, ആടയാഭരണങ്ങൾ, ചുട്ടി, ചമയം, ഇവയുടെ നിർമാണരീതികൾ എന്നിവ നേരിട്ടറിയാൻ സൗകര്യം ഒരുക്കുന്നതോടൊപ്പം ഇൻസ്റ്റന്‍റ് കഥകളിയും ആലോചനയിലുണ്ട്.

മതം പുറത്ത്

ഇവിടെ കല ഏതെങ്കിലും മതത്തിന്‍റെയല്ല. ‘കല്യാണസൗഗന്ധിക’വും ‘കർണശപഥ’വും മാത്രമല്ല ‘മഗ്ദലന മറിയ’വും ‘അബ്രഹാമിന്‍റെ ബലി’യും ‘മുടിയനായ പുത്രനും’ കടമ്മനിട്ടയുടെ ‘കുറത്തി’യും ‘കാട്ടാളനു’മെല്ലാം കളിയരങ്ങിലെത്തി. ഹരികൃഷ്ണനും വിമൽരാജും മാത്രമല്ല, സഖറിയ മാത്യുവും എം.എ. കബീറും ക്ലബിന്‍റെ ഭാരവാഹികളായി. ജാതിമത ഭേദവും വലുപ്പച്ചെറുപ്പവുമില്ലാതെ മുതിർന്നവരും കുട്ടികളുമടക്കം ഒന്നിച്ചിരുന്ന് കഥകളി ആസ്വദിക്കുന്ന കാഴ്ച കഥകളി ഗ്രാമത്തിനു മാത്രമുള്ളതാണ്. അതായിരുന്നു കഥകളി ക്ലബിന്‍റെ അവതാരലക്ഷ്യവും.

 

കഥകളി നാടിന്‍റെ വികാരം

‘‘കഥകളി ഈ നാടിന്‍റെ വികാരമാണ്. കഥകളിക്കും ക്ലബിനും എല്ലാ പിന്തുണയുമായി പഞ്ചായത്ത് കൂടെയുണ്ട്. മ്യൂസിയത്തിനായി ഏഴുസെന്‍റ് സ്ഥലം ക്ലബ് വാങ്ങി പഞ്ചായത്തിന് കൈമാറി. ബഹുവർഷ പദ്ധതിയാണിത്. ഫണ്ട് ആയിട്ടുണ്ട്. ടെൻഡർ നടപടികൾ നടക്കുന്നു. തെക്കൻ കലാമണ്ഡലത്തിന് സ്ഥലം എം.എൽ.എ അനുവാദം വാങ്ങിയിട്ടുണ്ട്. കടലാസ് പണികൾ പുരോഗമിക്കുകയാണ്. കലാമണ്ഡലവും മ്യൂസിയവും യാഥാർഥ്യമാവുന്നതോടെ കഥകളി ഗ്രാമത്തിന്‍റെ പെരുമ ലോകത്തിന്‍റെ നെറുകയിലെത്തും’’ -പഞ്ചായത്ത് പ്രസിഡന്‍റ് അമ്പിളി പ്രഭാകരൻ നായർ പറയുന്നു.

Tags:    
News Summary - Ayrur is the only artistic village

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT