1937ൽ രവീന്ദ്രനാഥ ടാഗോർ വരച്ച് മുസ്സൂരിയിലെ രാജ്ഞിക്ക് സമ്മാനിച്ച വിഖ്യാതമായ ചിത്രം ലേലത്തിനൊരുങ്ങുന്നു; പ്രതീക്ഷിക്കുന്നത് മൂന്നു കോടി

കൊൽക്കത്ത: 1937ൽ രവീന്ദ്രനാഥ ടാഗോർ വരച്ച് അദ്ദേഹം തന്നെ മുസ്സൂരിയിലെ രാജ്ഞിയായിരുന്ന വിദ്യാവതി ദേവിക്ക് സമ്മാനിച്ച വിഖ്യാതമായ ചിത്രം ലേലത്തിനൊരുങ്ങുന്നു. ‘ഫ്രം എക്രോസ് ദ ഡാർക്’ എന്ന് ടാഗോർ പേരുകൊടുത്ത ചിത്രമാണ് ടാഗോർ സ്വന്തം കൈപ്പടയിലെഴുതിയ കുറി​പ്പോടെ ഓൺലൈനായി ലേലത്തി​നൊരുങ്ങുന്നത്. രണ്ടു കോടിക്കും മുന്നു കോടിക്കും ഇടയിൽ തുക കിട്ടുമെന്നാണ് ആർട്ട് കളക്ടർമാരും ചി​ത്രകുതുകികളും പ്രതീക്ഷിക്കുന്നത്.

ഇരുളിൽ ഒരു മലഞ്ചരിവിൽ രണ്ട് മനുഷ്യ രൂപങ്ങൾ നിൽക്കുന്ന ചിത്രമാണ് ടാഗോർ വരച്ചത്. ഒരാളുടെ കൈയ്യിൽ ഒരു വിളക്കും വെളിച്ചവുമുണ്ട്.

ഇ​പ്പോൾ മുംബൈക്കാരനായ ഒരു ആർട്ട് കളക്ടറുടെ കൈയ്യിലാണ് ചിത്രമുള്ളത്. എന്നാൽ ആദ്യമായാണ് ഈ ചിത്രം ലേലത്തിൽ വെക്കാൻ പോകുന്നത്. ഡിസംബർ 14 നും 17നും ഇടയിലായിരിക്കും ലേലം നടക്കുക എന്ന് ലേലം നടത്തുന്ന അസ്തഗുരു ഓക്ഷൻ ഹൗസ് ഡയറക്ടർ മനോജ് മൻസുഖാനി പറയുന്നു.

അതീവ ചരിത്രപ്രാധാന്യവും ടാഗോറിനോടുള്ള വൈകാരിക അടുപ്പവുമുള്ള ചിത്രമാണിത്. ടാഗോറി​ന്റെ അവസാന കാലങ്ങളിൽ വരച്ചതാണെങ്കിലും അദ്ദേഹത്തി​ന്റെ പ്രതിഭയുടെ ഏറ്റവും വലിയ പ്രതിഫലനമായാണ് ചിത്രത്തെ സ്നേഹിക്കുന്നവർ വിലയിരുത്തുന്നത്.

രാജ്ഞിയും രാജാവും അവരുടെ ഇളയ കുട്ടിയുടെ മരണത്തിൽ ദുഖിതരായിരിക്കുന്ന കാലത്ത് അവരുടെ മനസിനെ തണുപ്പിക്കാനായി ടാഗോർ വരച്ചു സമ്മാനിച്ചതാണ് ഈ ചിത്രം. അൽമോറിയി​ലേക്കുള്ള അവസാനത്തെ യാത്രയിൽ ടാഗോർ രാജദമ്പതികളെ കണ്ടിരുന്നു. അക്കാലത്ത് ടാഗോർ ആവേശത്തോടെ ചിത്രങ്ങൾ വരയ്ക്കുന്ന കാലമാണ്.

തന്റെ 67 ാമത്തെ വയസ്സിൽ 1928 മുതലാണ് ടാഗോർ ചിത്രങ്ങൾ വരച്ചുതുടങ്ങിയതുതന്നെ. മുസ്സൂറിയിലെ അൽ​മോറ, റാംഗർ എന്നീ മലനിരകളും ടാഗോറിന്റെ മനസിനെ മഥിച്ചവയാണ്. ഭാര്യ മൃണാലിനി മരിച്ചപ്പോൾ ദുഖിതനായി, ഏാന്തനായിരിക്കാൻ ടാഗോർ തെര​ഞ്ഞെടുത്തതും ഈ മലകളായിരുന്നു.

ടാഗോറി​ന്റെ ചിത്രം കൂടാതെ വിഖ്യാതരായ ജാമിനി റോയി, ബികാസ് ഭട്ടാചാർജി, അസിത് ഹൽദാർ തുടങ്ങിയവരുടെയും മോഡേണിസ്റ്റുകളായ തയിബ് മേത്ത, എഫ്.എൻ സൗസ, കെ.എച്ച് ആറ, സദാനന്ദ ബക്റെ, ജഹാംഗീർ സബാവാല, ക്രിഷൻ ഖന്ന എന്നിവരുടെ ചിത്രങ്ങളും ലേലത്തിനു വെക്കുന്നുണ്ട്.

തയ്യിബ് മേത്തയുടെ പേരിടാത്ത ചിത്രമായിരിക്കും ഇതിൽ ഏറ്റവും വില കുടിയത്. 30 മുതൽ 40 കോടി വരെയാണ് ഇതിന് പ്രതീക്ഷിക്കുന്നത്. മ​റ്റൊന്ന് സബാവാലയുടെ ‘കോൺസ്പിറേറ്റേഴ്സ്’ എന്ന ചിത്രമായിരിക്കും. അതിന് നാലു കോടിവരെയാണ് പ്രതീക്ഷിക്കുന്നത്.

Tags:    
News Summary - A famous painting painted by Rabindranath Tagore in 1937 and gifted to the Queen of Mussoorie is set to go up for auction; expected to fetch three crores

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.