കൊല്ലപ്പെട്ട അലൻ
തിരുവനന്തപുരം: ഫുട്ബാൾ മത്സരത്തെചൊല്ലിയുള്ള വാക്കുതർക്കം തടയാനെത്തിയ യുവാവിനെ നടുറോഡിൽ കുത്തിക്കൊന്ന സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ജഗതി ടി.സി 16/925 സന്ദീപ് ഭവനിൽ സന്ദീപ് (27), കുന്നുകുഴി തേക്കുംമ്മൂട് തോട്ടുവരമ്പ് വീട്ടിൽ അഖിലേഷ് (20) എന്നിവരെയാണ് കന്‍റോൺമെന്‍റ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥി കൂടി പൊലീസ് കസ്റ്റഡിയിലുണ്ട്. ജഗതി സ്വദേശിയായ 16കാരനെ ചോദ്യം ചെയ്തുവരികയാണ്.
തിങ്കളാഴ്ച വൈകീട്ട് 4.30ഓടെയാണ് തമ്പാനൂർ അരിസ്റ്റോ ജങ്ഷന്‍ തോപ്പില്‍ ഡി 47ല്‍ അലനെ (18) സംഘം ചേർന്ന് മർദിച്ച ശേഷം കുത്തിക്കൊന്നത്. കമ്പികൊണ്ടുള്ള ഉപകരണകൊണ്ട് ഇടത് നെഞ്ചില്‍ ആഴത്തിൽ കുത്തേറ്റ അലനെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ ഉടൻ തന്നെ സ്കൂട്ടറിലിരുത്തി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കേസിലെ ആറും ഏഴും പ്രതികളാണ് നിലവിൽ അറസ്റ്റിലായിരിക്കുന്ന സന്ദീപും അഖിലേഷും. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സന്ദീപ് കാപ്പ കേസ് പ്രതി കൂടിയാണ്. അതേസമയം, അലനെ കുത്തിയയാളെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ടെങ്കിലും ഇയാൾ ഒളിവിലാണ്. മുഖ്യപ്രതിയെ കൂടാതെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന മൂന്നുപേർകൂടി പിടിയിലാകാനുണ്ട്. ഇവരും ഒളിവിലാണ്.
ഒരു മാസം മുമ്പ് രണ്ട് പ്രാദേശിക ക്ലബുകൾ തമ്മിലുള്ള ഫുട്‌ബാള്‍ മത്സരത്തിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഒത്തുതീര്‍പ്പ് ചര്‍ച്ചക്കായി തിങ്കളാഴ്ച ഒത്തുകൂടിയ സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. തര്‍ക്കത്തിനിടെ ഒരു സംഘം സന്ദീപിനെയും പ്രായപൂർത്തിയാകാത്ത കുട്ടിയെയും വിളിച്ചുവരുത്തുകയായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. ആയുധങ്ങളുമായാണ് ഇവര്‍ എത്തിയത്. സംഘര്‍ഷത്തിനിടെ അലനെ ഹെല്‍മറ്റ് കൊണ്ടു തലക്കടിച്ചുവീഴ്ത്തിയ ശേഷം ഇടതുനെഞ്ചില്‍ കുത്തുകയായിരുന്നു. ഹൃദയത്തിലേക്ക് ആയുധം തുളഞ്ഞുകയറിയതാണ് മരണകാരണം. പോസ്റ്റ്മോർട്ടത്തിനുശേഷം ഉച്ചയോടെ ബന്ധുക്കൾക്ക് വിട്ടുകൊടുത്ത മൃതദേഹം വീട്ടിലെ പൊതുദർശനത്തിന് ശേഷം മുട്ടട പെന്തകോസ്റ്റൽ ചർച്ച് സെമിത്തേരിയിൽ സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.