തലശ്ശേരി: മയക്കുമരുന്നിനടിമയായ യുവാവ് ഉന്മാദാവസ്ഥയിൽ മാതാപിതാക്കളെ ആക്രമിച്ചു. ബഹളംകേട്ട് അനുനയിപ്പിക്കാനെത്തിയ വാർഡ് കൗൺസിലർക്കും ജനറൽ ആശുപത്രിയിലെ സന്നദ്ധ പ്രവർത്തകനും മർദനമേറ്റു. സ്വയം ദേഹത്ത് കുത്തി അക്രമാസക്തനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
തലശ്ശേരി മട്ടാമ്പ്രം പുതിയനിരത്ത് ഇന്ദിരാഗാന്ധി പാർക്കിന് സമീപമാണ് സംഭവം. ചാലിലെ ഉമ്മലിൽ പുതിയപുരയിൽ ഷുഹൈബാണ് (38) റിമാൻഡിലായത്. ലഹരിമൂത്ത് അക്രമാസക്തനായ ഷുഹൈബ് ആദ്യം മാതാപിതാക്കളായ സുബൈർ, സുഹറ എന്നിവരെയും സഹോദരീഭർത്താവ് നൗഷാദിനെയുമാണ് ആക്രമിച്ചത്. വീട്ടിലെ ചില്ല് പൊട്ടിച്ചുള്ള ആക്രമണത്തിൽ സുബൈറിന് പരിക്കുണ്ട്.
നിലവിളിയും ബഹളവുംകേട്ട് അന്വേഷിക്കാനെത്തിയ വാർഡ് കൗൺസിലർ പുനത്തിൽ ഫൈസലിനെയും ഷുഹൈബ് ആക്രമിക്കാൻ ശ്രമിച്ചു. ഫൈസലിനുനേരെ അസഭ്യവർഷത്തോടെ പാഞ്ഞടുത്ത് കുത്താൻ ശ്രമിച്ചെങ്കിലും ഒഴിഞ്ഞുമാറിയതിനാൽ രക്ഷപ്പെട്ടു. വീട്ടിൽനിന്ന് പുറത്തിറങ്ങിയ തന്നെ പിന്തുടർന്ന് മൂന്നുവട്ടം ആക്രമിക്കാനൊരുങ്ങിയെന്നും കുതറിമാറിയതിനാൽ രക്ഷപ്പെടുകയായിരുന്നെന്നും ഫൈസൽ പറഞ്ഞു.
ഇതിനിടെ സ്ഥലത്തെത്തിയ ജനറൽ ആശുപത്രിയിലെ ഐ.ആർ.പി.സി വളന്റിയർ മട്ടാമ്പ്രത്തെ മഹറൂഫിനും യുവാവിന്റെ ആക്രമണത്തിൽ പരിക്കേറ്റു. പരിസരവാസികൾ ഓടിയെത്തുന്നതിനിടെ സ്വയം ദേഹത്ത് കുത്തി പരിക്കേൽപിച്ചു. ഷുഹൈബിന് സാരമായി പരിക്കുണ്ട്. ഇയാളെയും മാതാപിതാക്കളെയും നാട്ടുകാരാണ് ആശുപത്രിയിലേക്ക് മാറ്റിയത്. വീട്ടുകാരുടെ പരാതിയെ തുടർന്ന് ഷുഹൈബിനെതിരെ വധശ്രമത്തിന് തലശ്ശേരി പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.